സർവ്വകലാശാലകൾ പുതിയ സ്റ്റാർട്ട് അപ്പുകൾ തുടങ്ങേണ്ടതിന്‍റെ ആവശ്യകതയും മറ്റു സർവ്വകലാശാലകളുമായി സഹകരിച്ച് ഗവേഷണപഠനം പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യവും കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ പതിനഞ്ചാമത് ബിരുദദാനപ്രസംഗം നടത്തവേ, ബഹു: സർവ്വകലാശാലാ ചാൻസലറും, കേരള ഗവർണറുമായ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ എടുത്തു പറഞ്ഞു. ക്ഷയം, മലേറിയ മുതലായ മാരക പകർച്ചവ്യാധികൾ സമീപഭാവിയിൽ ഇന്ത്യയിൽ നിന്ന് നിർമ്മാർജ്ജനം ചെയ്യാനാനാകുമെന്നു പറഞ്ഞ ഗവർണ്ണർ, കോവിഡ് പ്രതിരോധത്തിനായി ഇന്ത്യ വികസിപ്പിച്ച വാക്‌സിൻ, പി പി ഇ കിറ്റ് എൻ 95 മാസ്ക് എന്നിവയുടെ ഉത്പ്പാദനത്തിലും വിതരണത്തിലും ഇന്ത്യ കൈവരിച്ച നേട്ടങ്ങളിലേക്കും വിരൽ ചൂണ്ടി. നമ്മുടെ പാരമ്പര്യാധിഷ്ഠിതമായ ആയുർവ്വേദത്തിനുള്ള ആഗോളസ്വീകാര്യതയും ഗവർണ്ണർ എടുത്തു പറഞ്ഞു.
കഴിഞ്ഞകാലത്തുണ്ടായ സമാനതകളില്ലാത്ത മഹാമാരിക്കിടയിലും മികവുറ്റ രീതിയിൽ പരീക്ഷകൾ നടത്തി, മൂല്യനിർണ്ണയം നടത്തി, ഫലപ്രഖ്യാപനം നടത്തിയാണ് സർവ്വകലാശാലയുടെ പതിനഞ്ചാം ബിരുദദാനച്ചടങ്ങിൽ 6812 പേർക്ക് പുതുതായി ബിരുദം നൽകുന്നതെന്ന് ബഹു: സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. ഇതോടെ സർവ്വകലാശാല നിലവിൽ വന്നതിനു ശേഷം 106478 പേർക്ക് ബിരുദം നൽകി കഴിഞ്ഞതായും വൈസ് ചാൻസലർ എടുത്തു പറഞ്ഞു.

പരമ്പരാഗത ബിരുദദാനച്ചടങ്ങുകളിൽ നിന്നും വിഭിന്നമായി, സർവ്വകലാശാല തനതായി രൂപകൽപ്പന ചെയ്ത, കേരളീയ വസ്ത്രധാരണ രീതിയിലുള്ള മുണ്ടും ജുബ്ബയും, വേഷ്ടിയും കേരള സാരിയും, ബ്ലൗസും ധരിച്ചാണ് എല്ലാവരും ബിരുദദാനച്ചടങ്ങിൽ പങ്കെടുത്തത്.

ഈ ബിരുദദാനച്ചടങ്ങിലൂടെ 254 പേർ മെഡിക്കൽ പി ജി ഡിഗ്രി/ഡിപ്ലോമ/സൂപ്പർ സ്പെഷ്യാലിറ്റി ബിരുദവും, 27 പേർ ഡെന്‍റൽ പി ജി ബിരുദവും, 198 പേർ ആയുർവ്വേദ പി ജി/ഡിപ്ലോമ ബിരുദവും, 40 പേർ ഹോമിയോ പി ജി ബിരുദവും, 239 പേർ നഴ്സിംഗ് പി ജി ബിരുദവും, 463 പേർ ഫാർമസി പി ജി ബിരുദവും, 191 പേർ പാരാമെഡിക്കൽ പി ജി ബിരുദവും നേരിട്ട് കൈപറ്റി. ആകെ ബിരുദാനന്തര ബിരുദം/പി ജി ഡിപ്ലോമ നേടിയതു 1412 പേരാണ്.

ബിരുദധാരികളായ 5400 പേരിൽ, 1134 പേർ എം ബി ബി എസിലും, 601 പേർ ബി എ എം എസിലും, 197 പേർ ബി എച്ച് എം എസിലും, 02 പേർ നഴ്സിംഗ് (ആയുർവ്വേദ)യിലും, 39 പേർ ബി എസ്സ് എം എസിലും, 26 പേർ ബി യു എം എസിലും, 01 ആൾ ഫാർമസി (ആയുർവ്വേദ)യിലും, 591 പേർ ബി എസ്സ് സി നഴ്‌സിംഗിലും, 365 പേർ പോസ്റ്റ് ബേസിക് ബി എസ്സ് സി നഴ്‌സിംഗിലും, 489 പേർ ബി ഡി എസിലും, 1129 പേർ ബി ഫാർമിലും, 395 പേർ ബി പി ടി യിലും, 07 പേർ ബി എസ്സ് സി എം ആർ ടി യിലും, 25 പേർ ബി എസ്സ് സി മെഡിക്കൽ ബയോ കെമിസ്ട്രിയിലും, 53 പേർ ബി എസ്സ് സി മെഡിക്കൽ മൈക്രോ ബയോളജിയിലും, 89 പേർ ബി എ എസ്സ് എൽ പിയിലും, 104 പേർ ബി എസ്സ് സി എം എൽ ടി യിലും, 24 പേർ ബി സി വി ടിയിലും, 122 പേർ ബി എസ്സ് സി ഒപ്‌റ്റോമെട്രിയിലും, 07 പേർ ബി എസ്‌ സി പെർഫ്യൂഷൻ ടെക്നോളജിയിലും ബിരുദം നേടിയവരാണ്. അവര്‍ക്ക് എത്രയും വേഗത്തില്‍ അവരവരുടെ മേല്‍വിലാസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ അയച്ചുകൊടുക്കുന്നതാണ്.

ഡോ. സി.കെ. ജയറാം പണിക്കര്‍ ഏന്‍ഡോവ്മെന്‍റ് അവാര്‍ഡ്‌

കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ് മൈക്രോബയോളജി വകുപ്പ് മേധാവിയായിരുന്ന ഡോ. സി.കെ. ജയറാം പണിക്കരുടെ സ്മരണാര്‍ത്ഥം എം ബി ബി എസ്സ് പരീക്ഷക്ക് മൈക്രോബയോളജിയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ഡോ. സി.കെ. ജയറാം പണിക്കര്‍ ഏന്‍ഡോവ്മെന്‍റ് അവാര്‍ഡിന് അര്‍ഹരായ ആലപ്പുഴ ഗവണ്മെന്‍റ് ടി ഡി മെഡിക്കല്‍ കോളേജിലെ ലിയ കെ സണ്ണി, മഞ്ചേരി ഗവണ്മെന്‍റ് മെഡിക്കല്‍ കോളേജിലെ അങ്കിത. കെ എന്നിവര്‍ക്ക് ചടങ്ങില്‍ വെച്ചു അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ആദരിക്കപ്പെട്ട റാങ്ക് ജേതാക്കളായ വിദ്യാർത്ഥികൾ:

ബിരുദദാനച്ചടങ്ങിൽ വെച്ച്, ബി എസ്സ് സി ഒപ്‌റ്റോമെട്രിയിൽ ഒന്നാം റാങ്ക് നേടിയ അങ്കമാലി ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് & റിസർച്ച് സെന്‍ററിലെ നീതു തോമസ്, ബി എ എസ്സ് എൽ പി യിൽ ഒന്നാം റാങ്ക് നേടിയ കാസർഗോഡ് മാർത്തോമാ കോളേജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷനിലെ ഡാലിയ പി എ, ബി എസ്സ് സി മെഡിക്കൽ ബയോകെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ മണ്ണയാട് കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയന്സസിലെ ആതിര ജോസഫ്, ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജിയിൽ ഒന്നാം റാങ്ക് നേടിയ മണ്ണയാട് കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയന്സസിലെ നിദ മെഹ്ബൂബ്, ബി എസ്സ് സി പെർഫ്യൂഷൻ ടെക്നോളജിയിൽ ഒന്നാം റാങ്ക് നേടിയ കോഴിക്കോട് ഗവണ്മെന്‍റ് മെഡിക്കൽ കോളേജിലെ മേഘ അജിത് എസ്സ്, ബി പി ടി യിൽ ഒന്നാം റാങ്ക് നേടിയ വൈക്കം ബി സി എഫ് കോളേജ് ഓഫ് ഫിസിയോ തെറാപ്പിയിലെ ശ്രീലക്ഷ്മി എസ്സ്, ബി സി വി ടി യിൽ ഒന്നാം റാങ്ക് നേടിയ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്സസിലെ കാവ്യാ അനിൽ, പോസ്റ്റ് ബേസിക് ബി എസ്സ് സി നഴ്സിങ്ങിൽ ഒന്നാം റാങ്ക് നേടിയ പത്തനംതിട്ട മാർ ഗ്രീഗോറിയോസ് മെമ്മോറിയൽ മുത്തൂറ്റ് കോളേജ് ഓഫ് നഴ്‌സിംഗിലെ രേണുക എം., ബി എ എം എസ്സിൽ ഒന്നാം റാങ്ക് നേടിയ ഷൊർണുർ വിഷ്ണു ആയുർവ്വേദ കോളേജിലെ ലീന കെ ടി, ബി എസ്സ് എം എസ്സിൽ ഒന്നാം റാങ്ക് നേടിയ തിരുവനന്തപുരം ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ ശ്രീലക്ഷ്മി ആർ, ബി എച്ച് എം എസ്സിൽ ഒന്നാം റാങ്ക് നേടിയ എറണാകുളം ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ മുബസീർ അലി, ബി യു എം എസ്സിൽ ഒന്നാം റാങ്ക് നേടിയ കോഴിക്കോട് മർക്കസ് യൂനാനി മെഡിക്കൽ കോളേജ് & ഹോസ്പിറ്റലിലെ ഷൈമ കെ പി എന്നിവരെ ക്യാഷ് അവാർഡും ഫലകവും നൽകി ആദരിച്ചു.
ബഹു: സർവ്വകലാശാലാ വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനന്‍ കുന്നുമ്മല്‍, രജിസ്ട്രാർ പ്രൊഫ. (ഡോ.) ഏ.കെ. മനോജ് കുമാർ പരീക്ഷാ കൺട്രോളർ പ്രൊഫ. (ഡോ.) എസ്സ്. അനിൽകുമാർ, സർവ്വകലാശാലാ അക്കാദമിക് ഡീൻ ഡോ. ഷാജി കെ എസ്സ്, ഏഴു ഫാക്കല്‍റ്റി വിഭാഗങ്ങളിലേയും ഡീന്‍മാര്‍, ഫിനാന്‍സ് ഓഫീസര്‍ ശ്രീ കെ പി രാജേഷ്‌, സര്‍വ്വകലാശാലാ ഡീന്‍മാരായ ഡോ. വി എം ഇക്ബാല്‍, ഡോ ബിനോജ് ആര്‍, ഗവേര്‍ണിംഗ് കൌണ്‍സില്‍ അംഗങ്ങള്‍, സെനറ്റ് അംഗങ്ങള്‍, പ്രിന്‍സിപ്പല്‍മാര്‍, സര്‍വ്വകലാശാലാ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!