സംസ്ഥാന സർക്കാർ ആരോഗ്യ മേഖലയില്‍  നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ സേവനങ്ങളെക്കുറിച്ച് ജനങ്ങൾക്കു അവബോധം സൃഷിടിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ബ്ലോക്ക്‌ പഞ്ചായത്തുകളിലും സംഘടിപ്പിക്കുന്ന ആരോഗ്യ മേളയുടെ ഭാഗമായി കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയും പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി 2022 ജൂലൈ 25 ന് ഉച്ച തിരിഞ്ഞു 2 മണിക്ക് സർവകലാശാല സെനറ്റ് ഹാളിൽ ശില്പശാല നടത്തി.

ശിൽപ്പശാലയിൽ ഏകാരോഗ്യ സമീപനവും പരിസ്ഥിതി വ്യതിയാനവും എന്ന വിഷയത്തിൽ ആമുഖ പ്രഭാഷണം നടത്തിയ ബഹു: സർവ്വകലാശാലാ വൈസ് ചാൻസലർ,  ജനങ്ങളുമായി നിരന്തര സമ്പർക്കം പുലർത്തുന്ന ജനപ്രതിനിധികളുമായി നേരിട്ടു സംവദിക്കാനുള്ള വേദി വളരെ സന്തോഷത്തോടെയാണ് സർവ്വകലാശാല ഒരുക്കിയിട്ടുള്ളതെന്നു പറഞ്ഞു. ആരോഗ്യ സർവ്വകലാശാല നിലകൊള്ളുന്ന പുഴയ്ക്കൽ  ബ്ലോക്ക് പഞ്ചായത്തു പ്രദേശം ആരോഗ്യ രംഗത്തു ഒന്നാമതെത്തി കാണുന്നതിന് അതിയായ ആഗ്രഹമുണ്ടെന്നും, ഡോക്ടർമാരുടേയും, നഴ്‌സുമാരുടേയും പ്രവർത്തങ്ങൾ ജനപ്രതിനിധികളിലൂടെയാണ് ജനങ്ങളിലേക്കെത്തി ചേരുന്നതെന്നും  വൈസ് ചാൻസലർ പറയുകയുണ്ടായി.

പരിസ്ഥിതി വ്യതിയാനം : നേരിടാം ജനപങ്കാളിത്തത്തിലൂടെ എന്ന വിഷയത്തിന്‍റെ  പ്രസക്തിയും പ്രാധാന്യവും എടുത്തു പറഞ്ഞ കേരള കാർഷിക സർവ്വകലാശാലാ കോളേജ് ഓഫ് ക്ലൈമറ്റ് ചേഞ്ച്  & എൻവിറോണ്മെന്‍റൽ  സയൻസസ് ഡീൻ ഡോ. പി . ഓ നമീർ ആവാസ വ്യവസ്ഥയിൽ ജീവി വർഗ്ഗങ്ങളിൽ ഒന്ന് മാത്രമായ മനുഷ്യൻ ആവാസ വ്യവസ്ഥക്കേൽപ്പിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു.  ഹരിത ഗ്രഹ വാതകങ്ങളുടെ പ്രഭാവവും, കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മരുവൽക്കരണവും മയിലുകളുടെ വർധനവിന്‍റെ ഉദാഹരണ സഹിതം അദ്ദേഹം സമർത്ഥിച്ചു.  പരിഹാരമായി മരങ്ങൾ വെച്ച് പിടിപ്പിക്കേണ്ടതിന്‍റെ  ആവശ്യകതയും എടുത്തു പറഞ്ഞു  .

പരിസ്ഥിതി വ്യതിയാനം കൊണ്ടുള്ള വെല്ലുവിളികൾ സാദ്ധ്യതകൾ എന്ന വിഷയത്തിൽ ഇടുക്കി ഗവ: മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി പ്രൊഫസർ (ഡോ.) ബിനു അരീക്കൽ ക്ലാസ്സെടുത്തു. പരിസ്ഥിതി ആഘാതം കൊണ്ട് നേരിടേണ്ടി വരുന്ന വെല്ലുവിളികളും,  രോഗങ്ങളും   ശില്പശാലയിൽ അദ്ദേഹം പരാമർശിച്ചു.  വയോജനാരോഗ്യം സാമൂഹിക ക്ഷേമം എന്ന വിഷയത്തിൽ ആരോഗ്യ സർവ്വകലാശാലാ   റിസർച്ച് ഡീൻ ഡോ. കെ എസ്സ്  ഷാജി ക്ലാസ്സെടുത്തു.  കോഴിക്കോട് സ്കൂൾ ഓഫ് ഫാമിലി ഹെൽത്ത് സ്റ്റഡീസ് പ്രൊഫസർ ഡോ. ഗീത ഗോവിന്ദരാജ് സ്വാഗതം പറഞ്ഞു.

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിലുള്‍പ്പെട്ട പ്രദേശങ്ങളിലെ  ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശിൽപ്പശാലയിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!