ഈ ഭൂമിയിലെ ജന്തുക്കളുടെയും ജീവജാലങ്ങളുടെയും ഭൗതികാവശിഷ്ടങ്ങളെയാണ് ഫോസിലുകൾ എന്ന് അറിയപ്പെടുന്നത്. ഫോസ്സിലുകളുടെ സഹായത്തോടെ ഭൂമിയിലെ ജീവശാസ്‌ത്രത്തെ കുറിച്ചു പഠിക്കുന്ന ശാസ്ത്ര പഠനശാഖയാണ് പാലിയെന്റോളജി. നൂറ്റാണ്ടുകൾക്ക് മുൻപ് മൺമറഞ്ഞു പോയ ദിനോസറുകൾ മുതൽ ഇന്ന് നാം കാണുന്ന വർണ്ണശബളമായ ചിത്രശലഭങ്ങളും നമ്മുടെ കണ്ണിന് കാണാനാകാത്ത കീടാണുക്കൾ വരെ ഈ പാലിയെന്റോളജി പഠനഭാഗത്ത് ഉൾപ്പെടുന്നു. ഈ മേഖലയിലെ ശാസ്ത്രജ്ഞന്മാരെ പാലിയെന്റോളജിസ്റ്റ് എന്നറിയപ്പെടുന്നു.
മൃഗങ്ങളുടെ പുറംതോട്, അസ്ഥിപഞ്‌ജരം, ചെടികളുടെ പൂമ്പൊടി എന്നിങ്ങനെയുള്ള ഫോസിലുകൾ പരിശോധിച്ച്, വിശകലനം ചെയ്‌ത് അവയുടെ ഉത്‌ഭവം, ഇനം എന്നീ ഗുണങ്ങൾ മനസ്സിലാക്കുകയാണ് ഇവരുടെ ജോലി. പാലിയെന്റോളജിസ്റ്റുകൾ വിവിധ തരമുണ്ട്. നട്ടെല്ലുള്ള മൃഗങ്ങളുടെ ഫോസ്സിലുകൾ പഠിക്കുന്നവരെ വെർട്ടിബ്രെറ്റ് പാലിയെന്റോളജിസ്റ്റുകളെന്നും നട്ടെല്ലില്ലാത്ത മൃഗങ്ങളുടെ ഫോസ്സിലുകൾ പഠിക്കുന്നവരെ ഇൻവെർട്ടിബ്രെറ്റ് പാലിയെന്റോളജിസ്റ്റുകളെന്നും വിശേഷിപ്പിക്കുന്നു. മൈക്രോ ഫോസ്സിലുകൾ കേന്ദ്രീകരിച്ചുള്ളവരെ മൈക്രോ പാലിയെന്റോളജിസ്റ്റുകളെന്നും, സസ്യ ഫോസ്സിലുകൾ പഠിക്കുന്നവരെ പാലിയോബോട്ടണിസ്റ്റ് എന്നും പറയുന്നു. ജീവനുള്ളതും ജീർണിച്ചതുമായ പൂമ്പൊടികളെ പഠിക്കാൻ പാലിനോളജിസ്റ്റ്, ആവാസവ്യവസ്‌ഥ പഠിക്കാൻ പാലിയോഇക്കോളജിസ്റ്റ്, പാറക്കെട്ടുകളിലെ ഫോസ്സിലുകളെ പഠിക്കാൻ ബയോസ്ട്രാറ്റിഗ്രാഫിസ്റ്റ്, അതിപ്രാചീന മനുഷ്യരെയും അവരുടെ ജീവിത രീതിയെയും പഠിക്കാൻ പാലിയോആന്ത്രോപോളജിസ്റ്റ് എന്നിവരുമുണ്ട്.
പ്ലസ് ടൂവിൽ സയൻസ് വിഷയം, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങൾ അടങ്ങിയ ബിരുദവുമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഹൈദരാബാദിലെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കൊൽക്കത്തയിലെ എം.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻഡ് റിസർച്ച്, ജാദവ്പുര്‍ യൂണിവേഴ്‌സിറ്റി, പ്രെസിഡെൻസി യൂണിവേഴ്‌സിറ്റി, വാരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ഡൽഹിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഡൽഹി എന്നിവടങ്ങളിൽ പാലിയെന്റോളജിയിലും ജിയോളജിയിലും ബി.എസ്.സി., എം.എസ്.സി., പി.എച്ച്.ഡി. കോഴ്‌സുകൾ ചെയ്യാവുന്നതാണ്.