2022 ലെ എഞ്ചിനീയറിംഗ് കോഴ്സ് പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2022 ജൂലൈ 04 ന് നടത്തിയ സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ സ്കോർ 04.08.2022 ന് പ്രസിദ്ധീകരിച്ചിരുന്നു. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികളോട് അവരുടെ രണ്ടാം വർഷ +2/തത്തുല്യ പരീക്ഷയിൽ നിശ്ചിത വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് ഓൺലൈൻ ആയി സമർപ്പിക്കുന്നതിനും നിർദേശിച്ചിരുന്നു. അപ്രകാരം എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ 58570 വിദ്യാർത്ഥികളിൽ 50858 വിദ്യാർത്ഥികൾ അവരുടെ രണ്ടാം വർഷ യോഗ്യത പരീക്ഷയുടെ മാർക്ക് പ്രവേശന പരീക്ഷ കമ്മീഷണർക്ക് സമർപ്പിച്ചു. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിലെ സ്കോറിനും പ്രോസ്പെക്ടസ് ക്ലോസ് 9.7.4(b)(iii) പ്രകാരം സ്റ്റാൻഡേർഡൈസേഷന് വിധേയമാക്കിയ യോഗ്യത പരീക്ഷയിലെ മാർക്കിനും തുല്യ പരിഗണന നൽകിക്കൊണ്ടാണ് എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്.
സ്റ്റാൻഡേർഡൈസേഷൻ പ്രക്രിയയ്ക്ക് ആവശ്യമുള്ള Statistical Parameters ചില ബോർഡുകളിൽ നിന്ന് ലഭിച്ചിട്ടില്ല. 07.06.2017 ലെ സ .ഉ.(സാധാ)നം.1061/2017/ഉ.വി.വ ഉത്തരവ് പ്രകാരം രൂപീകരിച്ച കമ്മിറ്റിയുടെ തീരുമാനപ്രകാരമുള്ള മാനദണ്ഡം അനുസരിച്ചാണ് അത്തരം ബോർഡുകളിൽ നിന്നുള്ള മാർക്കിന്റെ സാൻഡേർഡൈസേഷൻ നിർണയിച്ചത്. അപേക്ഷയിലെ അപാകതകൾ മൂലവും മറ്റ് പല കാരണങ്ങളാലും എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഏതാനും വിദ്യാർത്ഥികളുടെ ഫലം തടഞ്ഞുവച്ചിട്ടുണ്ട്. അപേക്ഷയിലെ അപാകതകളും മറ്റ് കാരണങ്ങളും പരിഹരിക്കപ്പെടുന്ന മുറക്ക് ഇവരുടെ ഫലം പ്രസിദ്ധീകരിക്കപ്പെടുന്നതാണ്. റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന കാരണത്താൽ ഒരു വിദ്യാർത്ഥി പ്രവേശനത്തിന് അർഹനാകുന്നില്ല.
പ്രൊഫെഷണൽ ഡിഗ്രി പ്രവേശനത്തിന് പ്രോസ്പെക്ടസ് പ്രകാരമായുള്ള യോഗ്യത മാനദണ്ഡങ്ങൾ ഓരോ വിദ്യാർത്ഥിയും തൃപ്തിപ്പെടുത്തേണ്ടതാണ്. വിദ്യാർത്ഥികൾ പ്രവേശന സമയത്ത് പ്രോസ്പെക്ടസ് ക്ലോസ് 6.2 പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതകൾ നേടിയിരിക്കണം. ഇത് പ്രവേശന സമയത്ത് കോളേജ് അധികാരികൾ പരിശോധിക്കുന്നതാണ്.
എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി പരിഗണിക്കപ്പെട്ടു യോഗ്യത പരീക്ഷയിലെ മാർക്ക് വിവരങ്ങളും പ്രവേശന സമയത്ത് കോളേജ് അധികൃതർ പരിശോധിക്കുന്നതാണ്. സമർപ്പിക്കപ്പെട്ട മാർക്ക് വിവരങ്ങളിൽ എന്തെങ്കിലും വ്യത്യാസം കണ്ടെത്തുന്ന പക്ഷം പരീക്ഷാത്ഥിത്വം റദ്ദാക്കുന്നതാണ്. റാങ്ക് ലിസ്റ്റിനെ അടിസ്ഥാനമാക്കിയുള്ള കാറ്റഗറി/കമ്മ്യൂണിറ്റി ലിസ്റ്റ് ആർക്കിടെക്ച്ചർ, ഫാർമസി കോഴ്സുകളിലെ റാങ്ക് ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. 2022-23 അദ്ധ്യയന വർഷത്തെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് നടപടികൾ 13.09.2022 ന് ആരംഭിക്കും.
ഹെല്പ് ലൈൻ നമ്പർ : 04712525300