സമത്വം എല്ലാവരും ആഗ്രഹിക്കുന്നു. അതു നേടാനായി പൊരുന്നു. പക്ഷേ, തങ്ങളുടെ നിയന്ത്രണത്തിൽ അല്ലാത്ത കാരണങ്ങളാൽ അസമത്വത്തിന്റെ ഇരകളായി പോകുന്നവരുണ്ട്. അംഗപരിമിതിയും പഠനവൈകല്യവും മറ്റ് ആരോഗ്യാവസ്ഥകളുമൊക്കെ ബാധിച്ചവർ. മുമ്പ് ഇതൊരു പ്രശ്നമായിരുന്നു. എന്നാൽ ഇപ്പോഴതു മാറി. ഇന്ന് വൈകല്യങ്ങളെയൊക്കെ ചെറുത്തു തോല്പിച്ച് മികച്ച വിദ്യാഭ്യാസം നേടി സമൂഹത്തിന്റെ ഉന്നമനത്തിൽ അവരുടേതായ പങ്കു വഹിക്കാൻ ഇത്തരക്കാർക്കു സാധിക്കും. ഇത്തരത്തിൽ ഏതെങ്കിലും തരത്തിൽ പരിമിതിയുള്ളവരെ ലക്ഷ്യം സാക്ഷാത്കരിക്കാൻ പ്രാപ്തരാക്കുന്നതിൽ സ്പെഷൽ എജ്യുക്കേഷന് വലിയ പങ്കുണ്ട്.
പഠന-മാനസിക-വൈകാരിക-ശാരീരിക വൈകല്യങ്ങളുള്ള വിദ്യാർത്ഥികളുമായി ഇടചേർന്ന്, അവർക്ക് അനുയോജ്യമായ വിധം പഠനവ്യവസ്ഥകളെ രൂപമാറ്റം വരുത്തി വിദ്യാഭ്യാസം പ്രദാനം ചെയ്യുക എന്നതാണ് ഒരു സ്‌പെഷ്യൽ എജ്യുക്കേഷൻ ടീച്ചർ അഥവാ ട്രെയ്നറുടെ കടമ. വായിക്കാനും എഴുതാനും കണക്കുകൾ ചെയ്യുവാനും മറ്റും അവർക്കു സാധിക്കുക, സാധാരണ വിദ്യാഭ്യാസത്തിന്റെ നിലവാരത്തിലേക്കവർ ഉയരുക എന്നിവയെല്ലാമാണ് ട്രെയ്നർമാരുടെ ലക്ഷ്യങ്ങൾ. ആശയവിനിമയ മികവ് വർദ്ധിപ്പിച്ചെടുത്ത് അവരെ ജീവിക്കാൻ പ്രാപ്തരാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും ഈ വൈകല്യങ്ങൾ നേരിടുന്നവർ മാനസിക പിരിമുറുക്കങ്ങളാലും കോംപ്ലേക്സുകളാലും ജീവിതത്തിൽ നിന്ന് തന്നെ ഒളിച്ചു നിൽക്കുവാൻ പ്രവണത കാണിക്കുന്ന സാഹചര്യങ്ങളിൽ.
അസാമാന്യമായ ക്ഷമ, ഉത്തരവാദിത്വബോധം, പ്രതിബദ്ധതാബോധം, സന്നദ്ധത, താത്പര്യം, സമർപ്പണം, ദൃഢ നിശ്ചയം എന്നിവയെല്ലാം ആവശ്യമായ ഒരു മേഖല തന്നെയാണിത്. കൂടാതെ ആശയവിനിമയ മികവ്, വൈകല്യങ്ങൾ സംബന്ധിച്ച് വിശദമായ അറിവ്, ഓരോ കുട്ടിക്കും അനുയോജ്യമായി പദ്ധതികൾ രൂപീകരിക്കുവാനുള്ള ശേഷി, ഓരോരുത്തരോടും സ്നേഹയും അനുകമ്പയും, വ്യക്തികളെ പരിപാലിക്കുവാനുള്ള ശേഷി എന്നിവയും ജോലിക്കനിവാര്യമാണ്. അന്ധത മുതൽ എ.ഡി.എച്ച്.ഡി. വരെ, ഓട്ടിസം മുതൽ തലച്ചോറിനാഘാതമേറ്റവർ വരെ -ഓരോ വിദ്യാര്ഥിയുടെയും ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും.
അമിറ്റി യൂണിവേഴ്സിറ്റിയുടെ ലഖ്നൌ കാമ്പസ് (എം.എഡ്.),നോയിഡ അമിറ്റി യൂണിവേഴ്സിറ്റി (ബി.എഡ്.), മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (പി.ജി. ഡിപ്ലോമ), ഡൽഹിയിലെ ഗുരു ഗോബിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി (ബിരുദം), ചണ്ഡിഗഢിലെ പഞ്ചാബ് യൂണിവേഴ്സിറ്റി (എം.എഡ്.), കൊൽക്കത്തയിലെ ജാദവ്പൂർ യൂണിവേഴ്സിറ്റി (ബി.എഡ്.), കാരൈക്കുടിയിലെ അളഗപ്പ യൂണിവേഴ്സിറ്റി (ബി.എഡ്.) തുടങ്ങിയ സ്ഥാപനങ്ങളിൽ ഈ വിഷയ സംബന്ധിയായ വ്യത്യസ്തമായ കോഴ്‌സുകൾ ലഭ്യമാണ്.