Reshmi Thamban

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

“I still believe that if you aim to change the world, journalism is a more immediate short-term weapon.” 

ബ്രിട്ടീഷ് പ്ലേ റൈറ്റ് ആയ ടോം സ്റ്റോപാർഡ് ജേർണലിസത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ജേർണലിസത്തിന് ലോകത്തെ മാറ്റിമറിക്കാൻ കഴിയുമെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു എന്ന്. ജേർണലിസ്റ്റ് ആവുക, സത്യസന്ധമായി വാർത്തകൾ ജനങ്ങൾക്ക് മുന്നിലേക്കെത്തിക്കുക, എന്ന ആശയവുമായി ജേർണലിസം ഫീൽഡിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി കാണാൻ ശ്രമിക്കുക.

How to become?

എങ്ങനെ ഒരു ജേർണലിസ്റ്റാവാം? അതിന് ഞാൻ എന്ത് ചെയ്യണം?ജേർണലിസം പഠിച്ചാൽ എന്നെ കാത്തിരിക്കുന്ന തൊഴിലവസരങ്ങൾ എന്തൊക്കെയാണ്? ഇങ്ങനെ ജേർണലിസവുമായി ബന്ധപ്പെട്ട നിങ്ങളുടെ ചോദ്യങ്ങളുടെയെല്ലാം ഉത്തരമാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കഴിവും താല്പര്യവുമുള്ള മാധ്യമപ്രവർത്തകർക്ക് ഇന്ന് ഒരുപാട് സാധ്യതകളുണ്ട്. പത്ര-ടെലിവിഷൻ-ഓൺലൈൻ മാധ്യമങ്ങളിലുള്ള ജോലി എന്നതിനോടൊപ്പം തന്നെ ഗ്രാഫിക്സ് രംഗത്ത്, സിനിമ മേഖലയിൽ, പി ആർ സ്ഥാപനങ്ങളിൽ, പരസ്യ നിർമാണ സ്ഥാപനങ്ങളിൽ, ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത്,അധ്യാപന രംഗത്ത് തുടങ്ങി ഒരുവിധമെല്ലാ മേഖലകളിലും ജേർണലിസം പഠിക്കുന്നതിലൂടെ കടന്നു ചെല്ലാനും ജോലി നോക്കാനും സാധിക്കും. 

Journalism

പത്ര- ദൃശ്യ- ശ്രാവ്യ- ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നതിന് ജേർണലിസം കോഴ്സുകൾ നിങ്ങളെ സഹായിക്കും. ശേഷമുള്ളത് മാധ്യമ രംഗത്ത് നിന്നും ലഭിക്കുന്ന എക്സ്പോഷറിലൂടെ പഠിക്കാൻ സാധിക്കുന്നതാണ്. വിവിധ മാധ്യമങ്ങൾ നടത്തുന്ന എഴുത്തു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും ശേഷം, റിപോർട്ടറായും, വാർത്ത അവതാരകരായും വാർത്താ പ്രക്ഷേപണത്തിന്റെ പിന്നണി പ്രവർത്തകരായും ശോഭിക്കാൻ ജേർണലിസം കോഴ്സ് ചെയ്ത് കഴിയുന്നതോടെ തന്നെ നിങ്ങൾക്ക് സാധിക്കും. 

പഠനം എങ്ങനെ ?

ജേർണലിസം പഠിക്കുന്നതിന് വേണ്ടി നിങ്ങൾ +2 വിന് ഇന്ന സ്ട്രീം പഠിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. ഇനിയഥവാ നിങ്ങളീ സ്ട്രീം പഠിച്ചതുകൊണ്ട് നിങ്ങൾക്ക് ജേർണലിസം പഠിക്കാൻ കഴിയില്ല എന്നുമില്ല. എങ്ങനെ ഈ ഒരു മേഖലയിലേക്ക് കടന്നുവരണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ഹയർ സെക്കന്ററി തലത്തിൽ തന്നെ ജേർണലിസം പഠിച്ച് തുടങ്ങണം എന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ ജേർണലിസം ഒരു വിഷയമായി വരുന്ന +2 ഹ്യൂമാനിറ്റീസ് നിങ്ങൾക്ക് ഓപ്റ്റ്‌ ചെയ്യാം. ശേഷം ഡിഗ്രി ബി എ ജേർണലിസം/കമ്മ്യൂണിക്കേഷൻ അഥവാ ബാച്ചിലർ ഓഫ് ജേർണലിസം/കമ്മ്യൂണിക്കേഷൻ എന്ന കോഴ്സ് നിങ്ങൾക്ക് ചൂസ് ചെയ്യാവുന്നതാണ്. 3 വർഷ ഡിഗ്രി കോഴ്സ് ആണിത്. ആദ്യ കാലങ്ങളിൽ വളരെ ചുരുങ്ങിയ സ്ഥാപനങ്ങളിൽ മാത്രമാണ് ഈ ഒരു കോഴ്സ് ഉണ്ടായിരുന്നത്. പക്ഷെ കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ യൂണിവേഴ്സിറ്റികളിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോളേജുകളിൽ പലതിലും ഇന്ന് ജേർണലിസം മെയിൻ ആയിട്ടുള്ള ഡിഗ്രി കോഴ്സുകളുണ്ട്. 

Bachelor Courses

ബാച്ചിലർ ഓഫ് മൾട്ടിമീഡിയ എന്ന മറ്റൊരു ഡിഗ്രി കോഴ്സ് കൂടിയുണ്ട്. മൂന്നു വർഷം തന്നെയാണ് ഈ കോഴ്‌സിന്റേയും കാലാവധി. ടെക്സ്റ്റ്, ഗ്രാഫിക്സ്, സൗണ്ട്, അനിമേഷൻ, പിക്ചേഴ്സ്, വീഡിയോസ് എന്നിവ ഉപയോഗിച്ച് ഫ്രഷായിട്ടുള്ള കൺസെപ്റ്റുകൾ ഉണ്ടാക്കാൻ കഴിവുള്ളവരായി നിങ്ങളെ മാറ്റിയെടുക്കുകയാണ് ഈ കോഴ്സിലൂടെ ചെയ്യുന്നത്. അനിമേഷൻ രംഗത്തും സിനിമാരംഗത്തും ഗ്രാഫിക്സ് ഡിസൈൻ രംഗത്തും വിപ്ലവം സൃഷ്ടിക്കാൻ കോഴ്സ് പഠിച്ചിറങ്ങുന്ന കഴിവുള്ള പാഷനേറ്റ് ആയ മൾട്ടി മീഡിയ ആർട്ടിസ്റ്റുകൾക്ക് സാധിക്കും. പത്ര മാധ്യമ രംഗത്തും ടെലിവിഷൻ രംഗത്തും ഓൺലൈൻ മാധ്യമ രംഗത്തും കണ്ടന്റ് ഡെവലപ്പേഴ്‌സ് ആയും കണ്ടന്റ് മാനേജർസ് ആയി ശോഭിക്കാനും ഇവർക്ക് സാധിക്കും. 

Post Graduation & PG Diploma Courses

ഡിഗ്രി ജേർണലിസം മെയിൻ എടുത്ത് പഠിക്കാതെ ജേർണലിസം രംഗത്തേക്ക് കടന്നുവരാൻ കഴിയുമോ? കഴിയും എന്ന് തന്നെയാണ് ഉത്തരം. ഡിഗ്രി ഏതുമായിക്കൊള്ളട്ടെ, ജേർണലിസം പഠിക്കാനുള്ള അവസരമുണ്ട്. അതിനായി പോസ്റ്റ് ഗ്രാഡുവേഷൻ കോഴ്സുകളും, പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ കോഴ്സുകളും നിലവിലുണ്ട്. യൂണിവേഴ്സിറ്റികളും വിവിധ പ്രെസ് ക്ലബുകളും ഇത്തരം കോഴ്സുകൾ നൽകി വരുന്നു. ഒരു വർഷം മുതൽ രണ്ട് വർഷം വരെയാണ് ഇത്തരം കോഴ്സുകളുടെ ഡ്യൂറേഷൻ. അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ബിരുദമാണ് ഇത്തരം കോഴ്സുകൾ ചെയ്യാനുള്ള യോഗ്യത. കേരളത്തിൽ കണ്ണൂർ, കാലിക്കറ്റ്, എം ജി, കേരള യൂണിവേഴ്സിറ്റികൾ പി ജി കോഴ്സുകൾ നൽകി വരുന്നുണ്ട്. കേരളത്തിലെ വിവിധ പ്രെസ് ക്ലബുകളും സ്വകാര്യ സ്ഥാപനങ്ങളും പി ജി ഡിപ്ലോമ കോഴ്സുകളും നൽകി വരുന്നു. 

How to become a journalist explained in malayalam

കേരള മീഡിയ അക്കാദമി, പി ജി ഡിപ്ലോമ ഇൻ ജേർണലിസം, പി ജി ഡിപ്ലോമ ഇൻ പി ആർ ആൻഡ് അഡ്വെർടൈസിങ്, പി ജി ഡിപ്ലോമ ഇൻ ടെലിവിഷൻ ജേർണലിസം എന്നീ കോഴ്സുകൾ നൽകി വരുന്നുണ്ട്. മൂന്ന് കോഴ്സുകളുടെയും കാലാവധി ഒരു വർഷമാണ്. തിരുവനന്തപുരം പ്രസ് ക്ലബ് ഒരു വർഷം ദൈർഘ്യമുള്ള, പി ജി ഡിപ്ലോമ ഇൻ ജേർണലിസം കോഴ്സ് നൽകി വരുന്നുണ്ട്. കാലിക്കറ്റ് പ്രസ് ക്ലബ് പി ജി ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം കോഴ്സും നടത്തുന്നുണ്ട്. ഒരു വർഷമാണ് കോഴ്സ് ദൈർഘ്യം. ജേർണലിസം സെർട്ടിഫിക്കറ്റ് കോഴ്സുകളും നിലവിലുണ്ട്. 

Institutes

ഇന്ത്യയിലെ ടോപ് ജേർണലിസം സ്കൂളുകൾ ഏതൊക്കെയാണ് എന്ന് നോക്കാം. ഐ ഐ എം സി ഡൽഹിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയും, എസ് ഐ എം സി പുനെയും രണ്ട്, മൂന്ന് സ്ഥാനങ്ങളിലായി ഉണ്ട്. ഇന്ത്യയിലൊട്ടാകെ 905 പ്രൈവറ്റ് സ്ഥാപനങ്ങളും 370 പബ്ലിക് സ്ഥാപനങ്ങളും ജേർണലിസം കോഴ്സുകൾ നൽകി വരുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

How to become a journalist explained in malayalam  

Scope

ഇത്രയും കാര്യങ്ങൾ കേട്ടതിൽ നിന്ന് മുൻ നിര മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുക മാത്രമല്ല ജേർണലിസം പഠിക്കുന്നതിലൂടെ സാധിക്കുന്നത് എന്ന് മനസിലായില്ലേ? ഗവൺമെന്റിന്റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റുകളിൽ, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മേഖലയിൽ, വിവിധ സ്കൂളുകളിൽ കോളേജുകളിൽ ജേർണലിസം അധ്യാപകരായി, എന്ന് വേണ്ട നിരവധിയായ മേഖലകളാണ് പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്നത്. 

സിനിമ രംഗത്തേക്ക് കടന്നാലോ, എഡിറ്റിംഗ്, സിനിമാട്ടോഗ്രഫി, ആർട്ട് ഡയറക്ഷൻ, പോസ്റ്റർ ഡിസൈനിങ്, അനിമേഷൻ, ഗ്രാഫിക്സ്, സൗണ്ട് തുടങ്ങി ചെയ്യാനൊരുപാടുണ്ട്. അനിമേഷനുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഗെയിമിംഗ് രംഗത്തും അനിമേഷനുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ മേഖലകളിലും സാധ്യതകളുണ്ട്. ജേർണലിസം കണ്ടന്റ് മാനേജിങ് രംഗത്തും ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തും തുറന്ന് തരുന്ന അവസരങ്ങളും അനവധിയാണ്. 

ഇത്തരത്തിൽ ജേർണലിസം എന്നത് അവസരങ്ങളുടെ ഒരു കലവറ തന്നെയാണ്. താല്പര്യത്തിനനുസരിച്ച് പാഷനനുസരിച്ച് നമുക്ക് ഏത് മേഖലയാണോ പ്രിയം ആ മേഖലയിൽ മുന്നോട്ട് പോകാൻ സാധിക്കും. സാധ്യതകളറിഞ്ഞ് ഭാവി മുന്നിൽ കണ്ടുകൊണ്ട് നിങ്ങൾക്കും ഈ മേഖലയിലേക്ക് കടന്നുവരാം.

Reference: How to Become a Journalist?

Read More : എങ്ങനെ ഒരു സി ബി ഐ ഓഫിസർ ആവാം?