ഇനി മനുഷ്യന്‍ വേണ്ട, എല്ലാം കമ്പ്യൂട്ടറുകള്‍ ചെയ്യും എന്നാണോ? ലോക തൊഴിലാളി വര്‍ഗ്ഗം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാറുമോ?
പ്രതീക്ഷിക്കുന്നതിനെക്കാള്‍ മെച്ചപ്പെട്ടതാകുന്നു ഭാവി എന്നാണ് ഇതുവരെയുള്ള അനുഭവം. സ്മാര്‍ട്ട്‌ഫോണ്‍ തന്നെയാണ് എളുപ്പത്തില്‍ പറയാവുന്ന ഉദാഹരണം. പോക്കറ്റിലിട്ട് കൊണ്ടു നടക്കാനും കണ്ടു സംസാരിക്കാനും പറ്റുന്ന, പാട്ടു കേള്‍ക്കാനും സിനിമ കാണാനുമാവുന്ന ഫോണിനെക്കുറിച്ച് 1980കളില്‍ ചിന്തിക്കാനെങ്കിലും സാധിക്കുമായിരുന്നോ? സാമൂഹികപരമായും ചിന്താഗതിയിലും മാത്രമല്ല വിവര സാങ്കേതികവിദ്യയിലും ശാസ്ത്രത്തിലും തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ പുരോഗതി മനുഷ്യന്‍ കൈവരിച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
പുരോഗതിയും വികസനവും നിര്‍ണ്ണയിക്കുന്ന സാമ്പത്തിക ശാസ്ത്രത്തിലെ സൂചകങ്ങള്‍ പരിശോധിച്ചാല്‍ പോലും കണക്കുകൂട്ടിയതിനേക്കാള്‍ പല മടങ്ങ് വളര്‍ച്ചയാണ് കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച് നാം നേടിയതെന്ന് മനസ്സിലാകും. സാമ്പത്തിക സര്‍വേ അനുസരിച്ച് ലോകത്ത് അങ്ങേയറ്റം ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം 40 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറഞ്ഞു. 1900ല്‍ 17 ശതമാനത്തിനു മാത്രം ലഭ്യമായിരുന്ന അടിസ്ഥാന വിദ്യാഭ്യാസം ഇപ്പോള്‍ 86 ശതമാനം പേര്‍ക്ക് ലഭ്യമായി. 39 ശതമാനമുണ്ടായിരുന്ന ശിശുമരണനിരക്ക് 4 ശതമാനമായി കുറഞ്ഞു.
ചുരുക്കി പറഞ്ഞാല്‍ നിരന്തരമായ പുരോഗതിയിലൂടെയാണ് ആധുനിക മനുഷ്യന്‍ അനുദിനം കടന്നു പോകുന്നത്. ഒരു ഉപഭോക്താവെന്ന നിലയിലും ഏറ്റവും മികച്ചത് സ്വന്തമാക്കുന്നതിലേക്ക് നമ്മുടെ മനസ്ഥിതി മാറികഴിഞ്ഞു. വളരെ എളുപ്പത്തിലും വേഗത്തിലും ലഭിക്കുന്ന സേവനങ്ങളിലേക്കും ഉത്പന്നങ്ങളിലേക്കുമാണ് നമ്മുടെ നോട്ടം.
തൊഴില്‍ മേഖലയിലും ഈ മാറ്റം സ്പഷ്ടമാണ്. പല അടിസ്ഥാന ജോലികളും ഇതിനകം റോബോട്ടുകളും സൂപ്പര്‍ കമ്പ്യൂട്ടറുകളും ഏറ്റെടുത്തു കഴിഞ്ഞു. നേരത്തേ പ്രോഗ്രാം ചേയ്തു വെച്ച അടിസ്ഥാന ജോലികള്‍ മാത്രമല്ല ആഴത്തിലുള്ള അപഗ്രഥനം ആവശ്യമുള്ള ജോലികളും മനുഷ്യസഹായമില്ലാതെ സ്വയമേവ ചെയ്യാന്‍ പ്രാപ്തിയുള്ള കമ്പ്യൂട്ടറുകള്‍ വന്നുകഴിഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യപുരോഗതിയുടെ നാള്‍വഴികളില്‍ മറ്റൊരു നാഴികകല്ലാണ്.
ലോകം മുഴുവനും ഇത്തരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആശ്രയിക്കുകയാണെങ്കില്‍ എവിടെയാണ് നമുക്ക് വ്യത്യസ്തത കാണാന്‍ കഴിയുക എന്നതാണ് ഉയര്‍ന്നുവരുന്ന ഒരു ചോദ്യം. സാങ്കേതിക വിദ്യയുടെ ഈ യുഗത്തില്‍ അനുദിനം നാം ഡിജിറ്റല്‍ ആയിക്കൊണ്ടിരിക്കുകയാണ്. പക്ഷേ, ഉപഭോക്താവ് ഒരിക്കലും ഒരു യന്ത്രമല്ല. അവന്റെ ജീവിതം അല്‍ഗോരിതവുമല്ല. ഉപഭോക്താവിന്റെ മാറുന്ന അഭിരുചികള്‍ക്കനുസരിച്ച് വ്യത്യസ്തമായ ഉത്പന്നങ്ങളും വിശിഷ്ടമായ അനുഭവങ്ങളും നല്‍കാന്‍ സാധിക്കുന്നവര്‍ക്കു മാത്രമേ ആധുനിക യുഗത്തിലും വിജയക്കൊടി പാറിക്കാന്‍ സാധിക്കുകയുള്ളൂ.
സര്‍വ്വവും യന്ത്രവല്‍കൃതമാകുുന്ന ഈ കാലഘട്ടത്തിലും വ്യത്യസ്തത നിലനിര്‍ത്തുക എന്നതാകും മനുഷ്യന്‍ നേരിടുന്ന ഒന്നാമത്തെ വെല്ലുവിളി. സൗകര്യവും അനായാസതയും അടിസ്ഥാനമാക്കിയ സാങ്കേതികവിദ്യയിലും ഇന്റലിജന്റ് യന്ത്രങ്ങളുടെ കടന്നു കയറ്റത്തിലും വിശ്വാസ്യതയുടെ പ്രാധാന്യം അല്പം പോലും കുറഞ്ഞിട്ടില്ല. കൃത്രിമ മനുഷ്യന്‍ മുതല്‍ ക്രിപ്‌റ്റോ കറന്‍സി വരെ നീളുന്ന സാങ്കേതിക യുഗത്തില്‍ ഇവയില്‍ വിശ്വാസം ഉണ്ടാക്കിയെടുക്കുകയെന്നത് പ്രധാന വെല്ലുവിളി തന്നെയാണ്.
ധാര്‍മ്മികതയല്ല സാങ്കേതികവിദ്യയുടെ ആധാരം. മറിച്ച് സാങ്കേതികവിദ്യ പ്രതികരിക്കുക അതില്‍ പ്രോഗ്രാം ചെയ്തിരിക്കുന്ന രീതിയിലാണ്. അതുകൊണ്ടു തന്നെ ധാര്‍മ്മികതയും യാന്ത്രികതയും തമ്മിലുള്ള വൈരുദ്ധ്യം കുറച്ചു കൊണ്ടുവരികയെന്ന ദൗത്യവും മനുഷ്യനില്‍ നിക്ഷിപ്തമാണ്. വിശ്വാസതയും ധാര്‍മ്മികതയും സംസ്‌കാരവും സര്‍ഗ്ഗസൃഷ്ടിയും ഇഴചേര്‍ക്കുമ്പോഴാണ് ആധുനികതയെന്നത് അര്‍ത്ഥപൂര്‍ണ്ണമാവുക.