ഒരേ സമയം പല ജോലികള്‍ ചെയ്യേണ്ടി വരാറുണ്ട് നമുക്ക് പലപ്പോഴും. ജോലി ചെയ്യുമ്പോള്‍ തന്നെ ഫോണ്‍ വരും. അതിനിടയില്‍ വന്ന ഇ-മെയിലിന് മറുപടി കൊടുക്കണം. അപ്പോഴതാ സോഷ്യല്‍ മീഡിയയില്‍ പുതിയ അപ്‌ഡേറ്റ്‌സ്. ഇങ്ങനെ ശ്രദ്ധ മാറുവാന്‍ ഒരായിരം കാര്യങ്ങളുണ്ട് നമുക്ക് ചുറ്റും. എല്ലാം അടിയന്തര പ്രാധാന്യമുള്ളവ.എന്നാല്‍ ഒരു കാര്യം പോലും പൂര്‍ണ്ണമായി ചെയ്യാന്‍ സാധിക്കാറുമില്ല.ജോലി തീര്‍ക്കേണ്ട സമയം തീരുകയും ചെയ്യും. പല കാര്യം ചെയ്യാന്‍ തുടങ്ങി ഒരു കാര്യം പോലും ചെയ്തു തീരാത്ത അവസ്ഥ.

സാങ്കേതികവിദ്യയുടെയും വേഗത്തിന്റെയും ഇന്നത്തെ കാലത്ത് ഈ കാഴ്ച സര്‍വ്വ സാധാരണമാണ്. ഒന്നിലേക്ക് പൂര്‍ണ്ണമായി ശ്രദ്ധിക്കാന്‍ കഴിയുക എന്നതും അതിന്റെ പൂര്‍ണ്ണതയില്‍ ചെയ്തുതീര്‍ക്കാന്‍ കഴിയുക എന്നതും സ്വപ്നമായി തന്നെ അവശേഷിക്കും. ഒടുവില്‍ ഏതു നിലവാരത്തില്‍ ഒരു ജോലി ചെയ്യണമെന്ന് നാം സങ്കല്‍പിച്ചുവോ അവിടെ നിന്നും ഒരുവിധം തട്ടിക്കൂട്ടിയ നിലവാരത്തിലേക്ക് പരിമിതപ്പെടുകയും അതില്‍ സംതൃപ്തി കണ്ടെത്തുകയും ചെയ്യും. പഠനത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഒരു വിഷയം പഠിക്കുമ്പോഴും തീര്‍ക്കാന്‍ ബാക്കിയുള്ള മറ്റൊരു വിഷയത്തെക്കുറിച്ചായിരിക്കും ചിന്ത.

ടൈം മാനേജ്‌മെന്റ് എന്നത് ഇത്ര വിലപിടിപ്പുള്ള വാക്കായതും ഇതുകൊണ്ടാണ്. ഒരുപാടുകാര്യങ്ങള്‍ സമയനിഷ്ഠയോടെ ചെയ്ത് പൂര്‍ത്തിയാക്കുന്ന ടൈം മാനേജ്‌മെന്റ് വിദഗ്ദ്ധരോട് ഒരു വേള ആരാധന പോലും തോന്നിപ്പോകാം. എന്നാല്‍ സമയബദ്ധിതമായി ജോലി ചെയ്തുതീര്‍ക്കുന്നതിലുപരി ഒരു വിഷയത്തിലും സമര്‍ത്ഥരാകാന്‍ ഇക്കൂട്ടര്‍ക്കും സാധിക്കണമെന്നില്ല. ഒന്നിനെയും ആഴത്തിലറിയാന്‍ ശ്രമിക്കുന്നില്ല എന്നതുതന്നെ കാരണം.

എന്തിലെങ്കിലും വൈദഗ്ദ്ധ്യം നേടുന്നതിന് മനസ്സിന്റെയും ശരീരത്തിന്റെയും ബുദ്ധിയുടെയും പൂര്‍ണ്ണമായ ഏകീകരണം ആവിശ്യമാണ്. ഒരൊറ്റ ബിന്ദുവിലേക്ക് സകലതും കേന്ദീകരിക്കപ്പെടണം. ഭാരതീയ പുരാണങ്ങള്‍ പറയുന്നത് കുറഞ്ഞത് പതിനായിരം മണിക്കൂറുകളെങ്കിലും പരിശീലിക്കുകയും ആവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഒരു ജോലിയിലോ , വിഷയത്തിലോ, കലയിലോ പ്രാവീണ്യം നേടാന്‍ കഴിയൂ എന്നാണ്. വിജയം തയ്യാറെടുപ്പിനെ പ്രണയിക്കുന്നു എന്നൊരു ലാറ്റിന്‍ പഴമൊഴിയുണ്ട്. നമുക്ക് അഭിനിവേശമോ കഴിവോ ഉള്ളതുകൊണ്ട് മാത്രം ഒന്നിലും നാം വിജയിക്കില്ല. അതിനുവേണ്ടി പരിശ്രമിക്കുമ്പോഴും പരിശ്രമം ഒരു ദിനചര്യയായി മാറുമ്പോഴുമാണ് വിജയം നമ്മെ തേടിയെത്തുന്നത്.

അത്രത്തോളം ഏകാഗ്രതയോ സമയമോ എന്തിനെങ്കിലും നാം കൊടുക്കുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. പല കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നതും സമയമില്ലാത്തതും ഒരു ജോലി പൂര്‍ത്തിയാക്കാതിരിക്കാനുള്ള കാരണമല്ല.ഒരു കാര്യം ചെയ്യുമ്പോള്‍ അതു മാത്രമായി ശ്രദ്ധിക്കാന്‍ കഴിയാത്തതായി നാം മാറിയിരിക്കുന്നു. അത്രമാത്രം ചിന്തകളാല്‍ നിറഞ്ഞിരിക്കുകയാണ്‌നമ്മുടെ മനസ്സ്.

കുറച്ച് നേരമെങ്കിലും ചിന്തകളില്ലാതെ മനസ്സിനെ ഒഴിച്ചിടുന്നതും മുന്‍ധാരണകളില്ലാതെ ജോലിചെയ്യാന്‍ തുടങ്ങുന്നതും ശ്രദ്ധകേന്ദ്രീകരിക്കാന്‍ സഹായിക്കും. ചെയ്യാന്‍ പോകുന്ന ജോലി സമയത്ത് തീരില്ല എന്ന ആധിയോടെ തുടങ്ങാതിരിക്കുക. പകരം പഠനമാണെങ്കിലും ജോലിയാണെങ്കിലും അതിന്റെ പൂര്‍ണ്ണതയില്‍ ശ്രദ്ധകേന്ദ്രീകരിക്കും എന്ന് സ്വയം പറയുക. ചെയ്യാന്‍ പോകുന്നതിന് ഏകദേശ രൂപരേഖയുണ്ടാക്കുകയും ലഭിക്കുന്ന അറിവുകള്‍ അതിനോട് കൂട്ടിചേര്‍ക്കുകയും ചെയ്യുക.

മള്‍ട്ടി ടാസ്‌കിങ് മുഖമുദ്രയായുള്ള ഇന്നത്തെ കാലത്ത് ഒന്നിനുവേണ്ടി മാത്രം സമയം മാറ്റിവെക്കുക പ്രയാസമായേക്കാം. എന്നാല്‍ ഓരോന്നിനും സമയപരിധിവെക്കാന്‍ നമുക്കാകും. സമയപരിധിക്കൂള്ളില്‍ ജോലി തീര്‍ക്കുക എന്നതിനേക്കാള്‍ പരമാവധി നന്നായി ചെയ്യുക എന്ന മനോഭാവം വെക്കുക. ആദ്യമൊന്നും പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. പക്ഷേ, മനസ്സിനെ എകാഗ്രമാക്കാന്‍ നാം ഇന്ന് സ്വയം പരിശീലിച്ചില്ലെങ്കില്‍ നാളെ വിജയവും തെന്നിമാറിക്കൊണ്ടിരിക്കൂം.

അതുകൊണ്ട് ഇന്ന് തന്നെ തുടങ്ങുക. ഒരു കാര്യം ചെയ്യുമ്പോള്‍ അതിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മനസ്സിനെ പഠിപ്പിക്കുക. കാരണം, എങ്ങനെ പഠിക്കാം എന്നതും ഒരു കലയാണ്. അത് സ്വായത്തമാക്കാന്‍ ആഗ്രഹം മാത്രം പോരാ, നിരന്തരമായ പരിശീലനവും ആവശ്യമാണ്. വിജയം കൈയെത്തും ദൂരെ.

 

LEAVE A REPLY

Please enter your comment!
Please enter your name here