രവി മോഹന്‍
ഡയറക്ടര്‍, ബൈറ്റ്കാറ്റ് ടെക്‌നോളജീസ്
നിങ്ങളുടെ ആത്മ വിശ്വാസവും സ്വഭാവ ഗുണങ്ങളും പെട്ടെന്ന് അളന്നെടുക്കാന്‍ ഒരാള്‍ക്ക് നിങ്ങളുടെ ശരീര ഭാഷയിലൂടെ സാധിക്കും. ഇന്റര്‍വ്യു സമയത്ത് നിങ്ങള്‍ നല്‍കുന്ന ഉത്തരങ്ങള്‍ പോലെ തന്നെ പ്രധാനമാണ് നിങ്ങളുടെ ശരീര ഭാഷ അഥവാ ബോഡി ലാംഗ്വേജ്. അത് നിങ്ങളുടെ മനസ്സിലേക്ക് കയറാനുള്ള ചവിട്ടു പടിയാണ്.
സംസാരിക്കുമ്പോള്‍ ചോദ്യം ചോദിച്ച വ്യക്തിയെ അഭിസംബോധന ചെയ്യാന്‍ മറക്കരുത്. മിക്കവാറും ആള്‍ക്കാര്‍ കൈകള്‍ കെട്ടിയിരുന്നാണ് ഉത്തരങ്ങള്‍ നല്‍കുന്നത്. അത് ശരിയായ രീതിയല്ല. നിവര്‍ന്നിരുന്ന് സംസാരിക്കുക. കൈകള്‍ കെട്ടുകയോ നിലത്തു നോക്കി സംസാരിക്കുകയോ ചെയ്യരുത്. പ്രസന്നമായ മുഖത്തോടെ ചോദ്യകര്‍ത്താവുമായി കണ്ണില്‍നോക്കി സംസാരിക്കുക. അത് ആത്മവിശ്വാസത്തിന്റെ ലക്ഷണമാണ്.
ചോദ്യ കര്‍ത്താവിനു മറുപടി നല്‍കുമ്പോള്‍ അനങ്ങാതിരുന്ന് ഉത്തരം പറയുകയല്ല വേണ്ടത്. ദൃഢമായിരിക്കാതെ ആത്മവിശ്വാസത്തോടെയുള്ള കരചലനങ്ങള്‍ നടത്താന്‍ ശ്രമിക്കണം. അത് നിങ്ങള്‍ക്ക് ഉത്തരം കൃത്യമായി അറിയം എന്നതിന്റെ സൂചനയായി അവര്‍ കരുതും. എന്നാല്‍ അത്തരം കരചലനങ്ങള്‍ അധികമാകാതെ ശ്രദ്ധിക്കണം. ഇന്റര്‍വ്യൂ സമയത്ത് ഒരു ചെറുപുഞ്ചിരിയില്ലാത്ത മുഖവും അനാവശ്യമായി എന്തെങ്കിലും വസ്തുക്കള്‍ കയ്യിലെടുത്തു കളിക്കുന്നതും നിങ്ങളുടെ മോശം ശരീരഭാഷയെ പ്രതിഫലിപ്പിക്കുന്ന ചില കാര്യങ്ങളാണ്.
ഇന്റര്‍വ്യു നടക്കുന്ന റൂമിലേക്ക് കയറുന്നതിനു മുമ്പു തന്നെ, നിങ്ങളുടെ മൊബൈല്‍ ഫോണ്‍ സൈലന്റ് മോഡിലാക്കുകയോ സ്വിച്ച് ഓഫ് ചെയ്യുകയോ വേണം.മിക്കവാറും എച്ച്.ആര്‍. മാനേജര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വിഷയമാണ് ഇന്റര്‍വ്യു സമയത്ത് മെസ്സേജുകളും ഇന്‍കമിംഗ് കോളുകളും ഉദ്യോഗാര്‍ഥിയുടെ ഫോണിലേക്ക് വരുന്നത്.
നിങ്ങള്‍ക്കറിയുന്ന ചോദ്യങ്ങള്‍, തൊഴിലിന്റെ സ്വഭാവം അനുസരിച്ചുള്ള ചോദ്യങ്ങള്‍ എന്നിവ മാത്രമേ നിങ്ങളോട് ചോദിക്കുകയുള്ളൂ എന്ന് പ്രതീക്ഷിക്കരുത്. അപ്രതീക്ഷിതമായ ചോദ്യങ്ങള്‍ വന്നേക്കാം. അത്തരം ചോദ്യങ്ങള്‍ക്കുമുന്നിലും പതറാതെ പിടിച്ചുനില്‍ക്കാന്‍ കഴിയുകയെന്നതാണ് മിടുക്ക്. ചോദ്യം ശരിയായി കേട്ടില്ലെങ്കിലോ, മനസ്സിലായില്ലെങ്കിലോ, പെട്ടെന്ന് ഉത്തരം നല്‍കാന്‍ കഴിയില്ലെങ്കിലോ ചോദ്യകര്‍ത്താവിനോട് ചോദ്യം ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടാന്‍ മടിക്കരുത്. ചോദ്യം കൃത്യമായില്ലെങ്കില്‍ വിശദീകരണം ആവശ്യപ്പെടാം. മറുപടി പറഞ്ഞശേഷം ഇതു തന്നെയാണോ അവര്‍ ഉദ്ദേശിച്ചതെന്ന് ചോദിക്കാനും ഭയപ്പെടെണ്ടതില്ല.
ഇന്റര്‍വ്യൂ കഴിഞ്ഞിറങ്ങുമ്പോഴും നിങ്ങളുടെ പ്രസരിപ്പും ആത്മവിശ്വാസവും അല്‍പ്പം പോലും കുറയ്ക്കരുത്. ഇന്റര്‍വ്യൂ നിരാശപ്പെടുത്തിയെങ്കില്‍പ്പോലും പുറത്തിറങ്ങുമ്പോള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ ശ്രമിക്കുക. ശബ്ദത്തോടെ കസേര തള്ളി നീക്കുക, ഡോര്‍ വലിച്ചടയ്ക്കുക എന്നീ മണ്ടത്തരങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. ഇറങ്ങുന്നതിനു മുമ്പ് അവരോട് നന്ദി പറയുക. സമയം ലഭിച്ചാല്‍ ഓരോരുത്തരെയും പേരെടുത്ത് പറഞ്ഞ് നന്ദി പറയുന്നത് കൂടുതല്‍ നല്ലതാണ്.
മുറിയില്‍നിന്നിറങ്ങുമ്പോള്‍ തിരിച്ചു വിളിക്കാത്തപക്ഷം തിരിഞ്ഞുനോക്കരുത്. സ്ഥാപനത്തിനുള്ളില്‍ വച്ച് തന്നെ മറ്റ് ഉദ്യോഗാര്‍ഥികളോടോ, മറ്റാരോടെങ്കിലുമോ അമിതാവേശത്തോടെ ഇന്റര്‍വ്യു വിശേഷങ്ങള്‍ അവതരിപ്പിക്കാതിരിക്കുക.
ഓര്‍ക്കുക, ശരീര ഭാഷ വളരെ പ്രധാനമാണ്, അത് പല കാര്യങ്ങളും പറയാതെ പറയും.