കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി എന്ന പ്രയോഗത്തിന് ഇപ്പോള്‍ വ്യാപ്തി വര്‍ദ്ധിച്ചിരിക്കുന്നു. മുമ്പ് കേട്ടിരുന്നതിനെക്കാള്‍ വ്യാപകമായി ഇത് ഇപ്പോള്‍ കേള്‍ക്കുന്നു. മാത്രമല്ല, കമ്പനികള്‍ ഇതിന് വലിയ പ്രാധാന്യവും നല്‍കുന്നു. എന്താണ് ഈ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി?

കരിയറില്‍ എത്ര വലിയ നേട്ടങ്ങള്‍ കൈവരിച്ചാലും മനശ്ശാന്തി ലഭിക്കില്ല. എന്തെങ്കിലുമൊക്കെ അലട്ടിക്കൊണ്ടിരിക്കും. ഇനിയുമുയരെ ഉയരെ എന്ന് മനസ്സ് പ്രേരിപ്പിച്ചുകൊണ്ടിരിക്കും. ഈ അവസരത്തില്‍ മനശ്ശാന്തി തിരിച്ചുപിടിക്കാനുള്ള ഒരു സംവിധാനം ഉണ്ടായേ മതിയാകൂ. ആ നിലയിലാണ് സേവനം വരുന്നത്.

സേവനസന്നദ്ധരായവരില്‍ ഒട്ടുമുക്കാലും അതിനോടുള്ള ആത്മാര്‍ത്ഥത നിമിത്തം തന്നെ രംഗത്തുവരുന്നവരാണ്. എന്നാല്‍, ചെറിയൊരു വിഭാഗമെങ്കിലും തങ്ങളുടെ മനശ്ശാന്തിക്കായി സേവനത്തിന് ഇറങ്ങിപ്പുറപ്പെടുന്നവരുണ്ട്. എന്നാല്‍, അവര്‍ക്ക് ലക്ഷ്യം കൈവരിക്കാനാവുന്നുണ്ടോ? ഇല്ല എങ്കില്‍ എന്തുകൊണ്ട്?

സേവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മിലേറെപ്പേരും. എന്നാല്‍, അതിനു സാധിക്കാതെ പോകുന്നതിന് ജോലിത്തിരക്ക് എന്ന ന്യായീകരണം നമ്മള്‍ കണ്ടെത്തുന്നു. ജോലിയും സേവനവും ഒരുമിച്ച് പോകാത്ത സംഗതിയായാണ് നാം കാണുന്നത്. സത്യത്തില്‍ അങ്ങനെയാണോ? ജോലിയും ഉത്തരവാദിത്വവും വിട്ട് ഇറങ്ങി പുറപ്പെടുന്നവര്‍ക്ക് മാത്രമേ സേവനം ചെയ്യാനാകൂ എന്ന് പറയുന്നത് ഒരുതരം വരട്ടുന്യായീകരണമല്ലേ?

യഥാര്‍ത്ഥത്തില്‍ മറ്റൊരാളെ സഹായിക്കുമ്പോള്‍ നമ്മള്‍ സ്വയം സഹായിക്കുകയാണ്. ശാന്തി കൈവരിക്കുകയാണ്. എല്ലാ തരത്തിലുള്ള ആധുനിക സൗകര്യങ്ങളും നമുക്കുണ്ടെങ്കിലും ചിലപ്പോഴൊക്കെ എന്തോ ഒരു കുറവ് അനുഭവപ്പെടാറുണ്ട്. ആ കുറവാണ് മനശ്ശാന്തി. എല്ലാം വില കൊടുത്തു വാങ്ങാം എന്ന ചിന്താഗതിയാണ് പുതിയ തലമുറയെ മുന്നോട്ടു നയിക്കുന്നത്. അങ്ങനെ വാങ്ങാന്‍ കിട്ടാത്ത ഒന്നു തന്നെയാണ് മനശ്ശാന്തി.

നമ്മിലെ കുറവ് പണമുപയോഗിച്ച് പരിഹരിക്കാന്‍ ശ്രമിച്ചാല്‍ വിജയിക്കില്ല. എന്നാല്‍, സഹജീവിക്ക് ചെറിയൊരു സഹായം ചെയ്തുനോക്കൂ. ശാന്തിയും സമാധാനവും നമ്മെ വാരിപ്പുണരും. അതുവരെ പിടിതരാതെ വഴുതിക്കളിച്ചിരുന്ന മനശ്ശാന്തി നമ്മുടെ ഉള്ളില്‍ പ്രതിഫലിക്കും. സേവനം എന്തെന്നില്ലാത്ത ആഹ്ലാദവും സംതൃപ്തിയും പ്രദാനം ചെയ്യുന്നു.

മനശ്ശാന്തി എന്ന വിലപിടിച്ച സാധനം നിസ്സാരമായി സ്വന്തമാക്കാം എന്നു സാരം. സമയവും അവസരവുമല്ല അതിന് വേണ്ടത്, മനോഭാവമാണ്. ജോലിത്തിരക്കുള്ള വ്യക്തിക്ക് വലിയതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളുമുണ്ട്. അതിന്റെ സാധ്യതകളെ അന്വേഷിക്കുകയാണ് വേണ്ടത്.

നമുക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നത് നാം സ്വയം ചിന്തിക്കണം. വരുമാനത്തിന്റെ ഒരു പങ്ക് മാറ്റി വെയ്ക്കാന്‍ എല്ലാവര്‍ക്കും സാധിക്കില്ല. പക്ഷേ, മനസ്സിന്റെ ഒരു പങ്ക് തീര്‍ച്ചയായും മാറ്റി വെക്കാം. സേവനത്തിലുടെ നമുക്ക് കിട്ടുന്ന സംതൃപ്തി മാനസികാവസ്ഥയെ മെച്ചപ്പെടുത്തുന്നു. ഇതിലൂടെ അവനവന്റെ ജോലിയോടും മറ്റുള്ളവരോടുമുള്ള സമീപനത്തില്‍ മാറ്റമുണ്ടാകുന്നു.

ഒരാള്‍ സ്വമനസ്സാലേ ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുമ്പോള്‍ സേവനമെന്ന് ലോകം അതിനെ വിളിക്കുന്നു. പക്ഷേ, നിങ്ങള്‍ക്കത് അങ്ങനെയല്ല. അവനവനെ നവീകരിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സ്വയം ചെയ്യേണ്ട ഉത്തരവാദിത്വമാണ് സേവനം.

ഏതു സ്ഥാപനത്തില്‍ ജോലിക്കു കയറിയാലും സേവനം എന്നത് പ്രധാന അജന്‍ഡയില്‍പ്പെടുന്ന കാര്യം തന്നെയാണ്. പല കമ്പനികളും അതിന് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി അഥവാ സി.എസ്.ആര്‍. എന്ന പേരു നല്‍കിയിരിക്കുന്നു. മറ്റുള്ളവരെ സഹായിക്കണം എന്നു ചിന്തയുണരുമ്പോള്‍ തന്നെ സമയമില്ലായ്മ എന്ന സങ്കടത്തില്‍ അത് അവസാനിക്കുകയാണ്. അത്തരം സമയമില്ലായ്മയുടെ ന്യായീകരണം ഒഴിവാക്കുന്നതാണ് സി.എസ്.ആര്‍. ഇത് സേവനത്തെ ജോലിയുടെ ഭാഗമാക്കുന്നു.

വ്യക്തി നന്നാവുമ്പോള്‍ കുടുംബവും അതിലൂടെ സമുഹവും നന്നാവുന്നു. തങ്ങളുടെ ജീവനക്കാരുടെ ചിന്താഗതിയിലുള്ള പരിഷ്‌കരണം തന്നെയാണ് കമ്പനികള്‍ സി.എസ്.ആറിലൂടെ ലക്ഷ്യമിടുന്നത്. കൊടുക്കുന്നവനും കൊടുക്കപ്പെടുന്നവനും ഒരുപോലെ മെച്ചപ്പെടുമ്പോള്‍ സമൂഹത്തിനും ആരോഗ്യകരമായ അന്തരീക്ഷം ഉണ്ടാവുകയാണ്. സി.എസ്.ആറിന് ഒരു വിപണനവശം ഉണ്ടെന്നുള്ളതും ഇതിനൊപ്പം ചേര്‍ത്തു വായിക്കണം. സേവനത്തിലൂടെ ലഭിക്കുന്ന പരസ്യം വലിയൊരു വിപണനസാദ്ധ്യത തന്നെയാണ്.

ഭരണഘടനയില്‍ എഴുതപ്പെട്ട കടമയല്ലെങ്കിലും ഇല്ലാത്തവനെ സഹായിക്കുകയെന്നതും നാം ചെയ്യേണ്ട ഒന്നാണ് എന്ന ബോദ്ധ്യം എല്ലാവരിലും ഉണ്ടാവുന്നത് നല്ല കാര്യം തന്നെയാണ്. കാരണം മനുഷ്യനെ മനുഷ്യനാക്കുന്നത് അവനിലെ മനുഷ്യത്വമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here