നിങ്ങളില്‍ ഒരു സംരംഭകനുണ്ടോ? ഒരു ബിസിനസ്സ് തുടങ്ങുകയെന്നത് നിങ്ങളുടെ സ്വപ്നമാണോ? അതോ ബിസിനസ്സിനെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്താന്‍ നോക്കുകയാണോ നിങ്ങള്‍? എങ്കില്‍ ബിസിനസ്സിന്റെ വിജയത്തിന് പാലിക്കേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധിക്കൂ.

ബിസിനസ്സ് കൂട്ടായ പ്രവര്‍ത്തനത്തിന്റെ, ആസൂത്രണത്തിന്റെ, ചിട്ടയുടെ ഒക്കെ ശരിയായ ഏകീകരണമാണ്. അവയില്‍ ഏറ്റവും പ്രധാനം ഘടനയാണ്. വിജയിച്ചിട്ടുള്ള എല്ലാ സംരംഭങ്ങള്‍ക്കും പിന്നില്‍ വ്യക്തമായ ഘടനയും സംഘടനാ പാടവവും ഉണ്ട്. പല വ്യവസായ സംരംഭങ്ങളും പരാജയപ്പെടാന്‍ കാരണം അടിസ്ഥാന ഘടനയില്ല എന്നതാണ്. പലരും വിപണിയില്‍ വ്യവസായം ചെയ്യുന്നതിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. നല്ലൊരു ഘടനയുടെയും രൂപരേഖയുടെയും ഗുണഫലമാണ് ബിസിനസ്സും അതിലെ വിജയവുമെന്നാണ് സംരംഭകര്‍ ആദ്യം മനസ്സിലാക്കേണ്ടത്. അല്‍പസമയം താഴേത്തട്ടിലേക്കിറങ്ങി സംഘടന ശക്തിപ്പെടുത്തണം.

ഘടന ശക്തിപ്പെടുത്തുകയെന്നാല്‍ സംരംഭത്തിന്റെ സ്വഭാവമനുസരിച്ച് അതിനാവിശ്യമായ എല്ലാ ഘടകങ്ങളും ഒരുക്കുകയെന്നാണ്. എന്ത് ബസിനസ്സ് എന്നതിനേക്കാള്‍ എങ്ങനെ ചെയ്യുന്നു എന്നതാണ് നമ്മുടെ വിജയമുറപ്പിക്കുക. അപ്രതീക്ഷിത ഉല്‍പന്നങ്ങള്‍ കൊണ്ട് വിജയക്കൊടുമുടി താണ്ടിയ ഒട്ടേറെ സംരംഭകര്‍ ഇതിനുദാഹരണമാണ്.പരമപ്രധാനമായ കാര്യം ഏറ്റവും ഉചിതരായ വ്യക്തികളെ സുപ്രധാന സ്ഥാനങ്ങളില്‍ നിയോഗിക്കുകയാണ്. സംരംഭത്തോട് അഭിനിവേശവും എന്ത് ചെയ്യണമെന്നും ചെയ്യരുതെന്നുമുള്ള അറിവുള്ളവരുമായിരിക്കണം അവര്‍.

സ്വന്തമായി നയങ്ങളും അതിനനുസരിച്ചുള്ള ചിട്ടകളും വേണം. സംരംഭത്തിന്റെ സുഖകരമായ നടത്തിപ്പിന് ആവശ്യമായ പദ്ധതികള്‍ ഉണ്ടാക്കുകയാണ് പിന്നെ വേണ്ടത്. പറ്റുമെങ്കില്‍ വ്യക്തമായ നിയമങ്ങള്‍ എഴുതിയുണ്ടാക്കുക. അവ പാലിക്കപ്പെടുന്നുണ്ടെന്ന് ഓരോ ഘട്ടത്തിലും ഉറപ്പുവരുത്തുക. ബിസ്സിനസ്സിനുവേണ്ടി ചെയ്യുന്ന ഓരോ ചെറിയ കാര്യങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുന്നത് ഉചിതമാണ്. ഇത്തരത്തില്‍ നിയമാവലി എഴുതുന്നത് പിന്നീട് സംരംഭത്തിന്റെ വളര്‍ച്ച വിലയിരുത്താന്‍ സഹായിക്കും. എന്ത് കൂടുതല്‍ ഉപകരിച്ചു എന്നും എന്തൊക്കെ മാറ്റം വരുത്താമെന്നും നമുക്ക് വളരെ എളുപ്പ്ം മനസ്സിലാക്കാം.

നിശ്ചിത ഇടവേളകളില്‍ അവലോകന യോഗം വിളിക്കണം. തീരുമാനങ്ങളില്‍ എന്തെല്ലാം നടന്നു എന്തെല്ലാം നടന്നില്ല എന്ന് പരിശോധിക്കാന്‍ സഹായിക്കും. മറ്റെന്തെങ്കിലും പുതുതായി സംഭവിച്ചത് സംരംഭത്തെ എങ്ങനെ ബാധിച്ചുവെന്നും ദോഷമാണെങ്കില്‍ അവ എത്രയും പെട്ടന്ന് തിരുത്താനും നല്ലതിനെ ഉള്‍ക്കൊള്ളിക്കാനും ഇത്തരം യോഗങ്ങള്‍ വേദിയാകും.

ഒരു പ്രതിസന്ധിയും ഒറ്റ രാത്രികൊണ്ട് സംഭവിക്കില്ല. ദീര്‍ഘവീക്ഷണത്തോടെ, ചെയ്യുന്ന കാര്യങ്ങളുടെ ഫലം കാണുന്നതിനൊപ്പം നടക്കാന്‍ സാധ്യതയുള്ള പ്രതിസന്ധികളും മുന്‍കൂട്ടി കാണണം. അവയ്ക്ക് മുന്‍കരുതല്‍ എടുക്കാന്‍ ഇന്നുതന്നെ തയ്യാറായാല്‍ ഏതു പ്രതിസന്ധിഘട്ടത്തിലും തളരാതെ പിടിച്ചു നില്‍ക്കാന്‍ കഴിയും.

വിപണിയില്‍ ഒരുപാട് സാധ്യതകളുണ്ട്. അവയെ കൃത്യമായ തയ്യാറെടുപ്പില്ലാതെ സമീപിക്കുന്നത് ഗുണകരമാകില്ല. അനുഭവപരിചയമുള്ളവരുടെ സഹായം ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ സഹായിക്കും. ബിസിനസ്സില്‍ പെട്ടന്നൊരു ലാഭമുണ്ടാക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ. ആ വിജയം നിലനില്‍ക്കണമെങ്കില്‍ മികച്ച സംഘടനാശക്തി ആവശ്യമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!