മോന്‍സി വര്‍ഗ്ഗീസ്

അന്താരാഷ്ട്ര പരിശീലകന്‍ / പ്രഭാഷകന്‍

കെന്റക്കി ഫ്രൈഡ് ചിക്കനെന്ന് കേള്‍ക്കാത്തവരായി ആരും തന്നെ കാണില്ല. ലോകമെമ്പാടും നൂറില്‍പരം രാജ്യങ്ങളില്‍ സജീവ സാന്നിദ്ധ്യമായ ഒരു ഭക്ഷ്യവിതരണ ശൃംഖലയാണിത്. ഇന്ന് കേരളത്തിലും കെ.എഫ്.സിയുടെ സ്വാധീനം വളര്‍ന്നുകൊണ്ടിരിക്കുന്നു. കെ.എഫ്.സി. നല്‍കുന്ന ഉല്പന്നത്തിന്റെ മഹിമയോ ഗുണമേന്മയോ പറയാനല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. ആ സ്ഥാപനം തുടങ്ങിയ കേണല്‍ ഹാര്‍ലന്‍ഡ് ഡേവിഡ് സാന്‍ഡേഴ്‌സിനെ കുറിച്ചാണ്.

കേണല്‍ ഹാര്‍ലന്‍ഡ് ഡേവിഡ് സാന്‍ഡേഴ്‌സ്‌

ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ചതിനു ശേഷം 63-ാം വയസ്സിലാണ് സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങണമെന്ന താല്പര്യം അദ്ദേഹത്തിനുണ്ടായത്. പരമ്പരാഗതമായി ലഭിച്ച സ്വാദിഷ്ടമായ ചിക്കന്‍ രുചിക്കൂട്ട് വിപണനം നടത്താന്‍ അദ്ദേഹം ശ്രമമാരംഭിച്ചു. അതിന്റെ സാധ്യതകളെക്കുറിച്ച് ഒട്ടേറെ വ്യക്തികളുമായും കമ്പനികളുമായും ചര്‍ച്ച നടത്തി. എല്ലാവരും പിന്തിരിപ്പിക്കുകയാണുണ്ടായത്. എന്നാല്‍, തന്റെ തീക്ഷ്ണമായ താല്പര്യത്തില്‍ ഉറച്ചു നിന്ന അദ്ദേഹം എല്ലാ അവഗണനകളും മറികടന്ന് 65-ാം വയസ്സില്‍ ആദ്യ ഫ്രാഞ്ചൈസി ആരംഭിച്ചു.

ഇന്ന് ആരെയും അമ്പരിപ്പിക്കുന്ന വേഗത്തില്‍ ലോകമെമ്പാടും വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഈ പ്രസ്ഥാനം നമുക്കു തരുന്ന സന്ദേശമെന്താണ്? വിരമിക്കല്‍ പായം 56 എന്നു നിശ്ചയിച്ച നമ്മുടെ നാട്ടില്‍ ആ പ്രായത്തോടെ വൃദ്ധനായി എന്ന് വിശ്വസിക്കുന്ന ഒരു സമൂഹമാണുള്ളത്. അവിടെയാണ് 60നുശേഷവും ഒരു പുതിയ തുടക്കം കുറിക്കാന്‍ കേണല്‍ സാന്‍ഡേഴ്‌സിന് കഴിഞ്ഞത്.

തന്റെ 87-ാമത്തെ വയസ്സില്‍ ബിരുദധാരിയായ അമേരിക്കകാരി മേരി ബെന്‍ പറഞ്ഞത് -‘There is a huge difference between growing up and growing older. I am still growing.’

പ്രായമാവുക എന്ന വാക്കും വളരുക എന്ന വാക്കും തമ്മില്‍ വലിയ അന്തരമുണ്ട്. ഒരു 60 വയസ്സുകാരന്‍ ധരിച്ച ടീ ഷര്‍ട്ടിലെ രസകരമായ ആലേഖനമാണ് ‘ഞാന്‍ 40 വര്‍ഷത്തെ അനുഭവങ്ങളുള്ള ഒരു 20 കാരനാണ്.’ ഒരു 60കാരന്‍ ടീ ഷര്‍ട്ട് അണിയുമ്പോള്‍ അയാള്‍ നല്‍കുന്ന പ്രഖ്യാപനം താന്‍ ഇപ്പോഴും യൗവനം വെടിയാത്ത ഒരു മുതിര്‍ന്നവനാണ് എന്നാണ്.

മമ്മൂട്ടി

ഞാന്‍ മമ്മൂട്ടി എന്ന മഹാനടനെ ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന് ശരീരവും മനസ്സും ഇന്നും യൗവനാവസ്ഥയില്‍ സൂക്ഷിക്കാന്‍ കഴിയുന്നതു കൊണ്ടാണ്. പ്രായത്തെ മറികടന്ന് യൗവനം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നത് തൊഴിലിനോടുള്ള അദ്ദേഹത്തിന്റെ അടിയുറച്ച പ്രതിബദ്ധത കൊണ്ടാണ്.

വിജയത്തിലേക്കുള്ള യാത്രയില്‍ നമ്മെ പിന്തിരിപ്പിക്കുന്ന ഒരു പ്രധാന ഘടകം നമ്മില്‍ രൂപീകൃതമാകുന്ന ചില മുന്‍വിധികളാണ്. പ്രായമേറി പോയോ? ഇനിയും എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? എനിക്ക് അതിനുള്ള സാമ്പത്തിക പശ്ചാത്തലമുണ്ടോ? എന്റെ കുടുംബവും ചുറ്റുപാടും എന്നെ അതിന് അനുവദിക്കുമോ തുടങ്ങിയ സംശയങ്ങളും നമ്മുടെ മാറ്റത്തിനു വിഘാതമാകും.

തമിഴില്‍ ഒരു ചൊല്ലുണ്ട് -‘നിനൈത്താല്‍ നാന്‍ പുലിയെ പിടിപ്പേന്‍ ആനാല്‍ ഉയിര്‍ പോണാലും നാന്‍ നിനൈക്കമാട്ടെ’. ഞാന്‍ വിചാരിച്ചാല്‍ പുലിയെ പിടിക്കും. എന്നാല്‍ ജീവന്‍ പോയാലും ഞാന്‍ വിചാരിക്കുകയില്ല. വിജയം കൈവരിച്ച ഏവരുടെയും തുടക്കം ശക്തമായ ആഗ്രഹങ്ങളില്‍ നിന്നും തീരുമാനങ്ങളില്‍ നിന്നുമാണെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. ഈ തീരുമാനങ്ങള്‍ വാക്കുകളായാണ് ആദ്യം നമ്മുടെ മനസ്സിലെത്തുന്നത്. വാക്കുകള്‍ക്ക് വലിയ ശക്തിയുണ്ട്. നാം ചിന്തിക്കുന്ന വാക്കുകള്‍, പറയുന്ന വാക്കുകള്‍ എല്ലാം നമ്മുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ്.

ഒരു പ്രഭാതം പൊട്ടിവിടരുമ്പോള്‍ ആ പ്രഭാത സൂര്യന്റെ സൗന്ദര്യവും പ്രഭാതത്തിലെ കിളികളുടെ കളകൂജനങ്ങളും പുഷ്പങ്ങളുടെ സൗരഭ്യവും ആസ്വദിക്കേണ്ട നമ്മള്‍ അന്നേദിവസം തുടങ്ങുന്നത് പലപ്പോഴും ഇന്നത്തെ ദിവസം പോക്കാണ് എന്ന് പറഞ്ഞു കൊണ്ടാണ്. നാം തന്നെ നമ്മുടെ വാക്കുകളിലൂടെ ഉറപ്പിച്ചു കഴിഞ്ഞു ഇന്നത്തെ ദിവസം പാഴായി എന്ന്. ലോകപ്രശസ്ത ബോക്‌സിംഗ് താരം മുഹമ്മദ് അലി ഏത് കരുത്തനായ എതിരാളിയേയും നേരിടുന്നതിന് മുമ്പ് ഗോദയില്‍ നിന്ന് പ്രഖ്യാപിക്കാറുണ്ടായിരുന്നു. ‘I am the champion. I am the great’. യഥാര്‍ത്ഥ വിജയി വിജയത്തിനു മുമ്പേ മാനസികമായി വിജയിച്ചു കഴിഞ്ഞിരിക്കും. താന്‍ വിജയി ആണ് എന്ന പ്രഖ്യാപനം തന്റെ ഉപബോധമനസ്സിനു കൊടുക്കുന്ന ഒരു സന്ദേശമാണ്. ആ വാക്കിലൂടെ മനസ്സും ശരീരവും ഒരു മത്സരത്തെ നേരിടാന്‍ സജ്ജമാകുന്നു.

മുഹമ്മദ് അലി എതിരാളിയെ ഇടിച്ചിട്ട ശേഷം

നമ്മുടെ വീടുകളില്‍ മാതാപിതാക്കള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്കനുസൃതമായാണ് കുട്ടികളുടെ മനസ്സ് രൂപപ്പെടുന്നത്. ഒരിക്കല്‍ ഒരു കുട്ടി മ്ലാനവും മൂകവുമായി ഒരു സദസ്സില്‍ ഇരിക്കുമ്പോള്‍ ഒരാള്‍ ആ കുട്ടിയോട് ചോദിച്ചു. മോന്റെ പേരെന്താണ്? കുട്ടിമറുപടി പറഞ്ഞു -‘My name is John Shut up’. ചോദ്യകര്‍ത്താവ് അമ്പരന്നു. ഇങ്ങനെയും ഒരു പേരോ! ആ കുട്ടി ചെറുപ്പം മുതല്‍ തന്റെ പേരിനൊപ്പം കേട്ട വാക്കാണ് ‘Shut up’. അവന്‍ എന്തു പറയാന്‍ തുടങ്ങിയാലും അവന്റെ മാതാപിതാക്കള്‍ പറയും -‘John Shut up’. ക്ലാസ്സ് മുറിയില്‍ സംസാരിച്ചാല്‍ ടീച്ചര്‍ പറയും ‘John Shut up’. അവന്റെ ഉപബോധമനസ്സില്‍ അവന്റെ പേരിനൊപ്പം Shut up എന്ന നാമവിശേഷണവും രൂപപ്പെടുകയാണ്. നമുക്കുമില്ലേ ഇത്തരം ചില നാമവിശേഷണങ്ങള്‍? നാം പുറത്തു പറയാത്ത ചില വിശേഷണങ്ങള്‍. അവനു ലഭിച്ച പരിശീലനം മിണ്ടാതിരിക്കുക എന്നതാണ്. അവന്‍ പിന്നീട് മിണ്ടേണ്ട സാഹചര്യങ്ങളില്‍ എങ്ങനെ മിണ്ടും? ആദ്യം അത് ചുറ്റുപാടുകള്‍ നമുക്ക് നല്കി. പിന്നീട് നാം അത് വിശ്വസിച്ചു. അത് ശരിയോ തെറ്റോ എന്ന് വിശകലനംചെയ്യാന്‍ നാം മെനക്കെട്ടില്ല. നാം നമുക്ക് നല്കിയിരിക്കുന്ന വിശേഷണങ്ങളില്‍ നമ്മെ പ്രോജ്ജ്വലിപ്പിക്കുന്ന എത്ര വാക്കുകളുണ്ട്?

പ്രസിദ്ധ ചിന്തകനും എഴുത്തുകാരുനുമായ സിഗ് സിഗ്ലര്‍ ഒരിക്കല്‍ ജോണ്‍ എഫ്.കെന്നഡി എയര്‍പോര്‍ട്ടിലേക്ക് യാത്ര ചെയ്യുമ്പോള്‍ ട്രാഫിക് ബ്ലോക്കില്‍പ്പെട്ട് മുമ്പോട്ട് നീങ്ങാന്‍ പറ്റാത്ത അവസ്ഥയിലായി. 3 മണിക്കുള്ള വിമാനത്തില്‍ കയറേണ്ട അദ്ദേഹം കാറില്‍ നിന്നിറങ്ങി ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാനായി നിരത്തിലൂടെ നടന്ന് കഷ്ടപ്പെട്ട് രണ്ടര മണിയോടെ എയര്‍പോര്‍ട്ടില്‍ എത്തി. വിമാനത്തില്‍ കയറാനുള്ള അനുമതിക്കായി ടിക്കറ്റ് കൗണ്ടറില്‍ കാത്തുനില്‍ക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന അറ്റന്‍ഡന്റ് സിഗ്ലറോട് പറയുകയാണ് -‘Sorry sir, Your flight is cancelled’. സര്‍, താങ്കളുടെ വിമാനം റദ്ദാക്കിയിരിക്കുകയാണ്. ഉടനെ അദ്ദേഹത്തിന്റെ വായില്‍ നിന്ന് വന്ന മറുപടി ‘Very good’ എന്നായിരുന്നു. ഈ പ്രതികരണം ഒരിക്കലും ആ അറ്റന്‍ഡന്റ് പ്രതീക്ഷിച്ചിരുന്നില്ല. വീണ്ടും അവര്‍ പറഞ്ഞു ”സര്‍, 3 മണിക്കൂറിനുശേഷം ഞങ്ങള്‍ മറ്റൊരു വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. താങ്കള്‍ ദയവായി കാത്തിരിക്കുക” അപ്പോള്‍ സിഗ്ലറിന്റെ പ്രതികരണം -‘Fantastic’ എന്ന്.

സിഗ് സിഗ്ലര്‍

ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് അത്ഭുതപ്പെട്ടു. അവര്‍ ചോദിച്ചു. ‘സര്‍, വിമാനം കാന്‍സല്‍ ചെയ്തപ്പോള്‍ പറഞ്ഞു വെരി ഗുഡ് എന്ന്. 3 മണിക്കൂര്‍ വെയ്റ്റ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ പറഞ്ഞു ഫന്റാസ്റ്റിക് എന്ന്. സര്‍, എന്തുകൊണ്ടിങ്ങനെ പറഞ്ഞു? എന്റെ അനുഭവത്തില്‍ ആദ്യമായാണ് ഇത്തരം ഒരനുഭവം. മറ്റുള്ളവരെല്ലാം അസ്വസ്ഥതയോടേയും അമര്‍ഷത്തോടെയും എന്നോട് പ്രതികരിച്ചപ്പോള്‍ താങ്കള്‍ക്ക് ഇത്രത്തോളം സൗമ്യമായി എങ്ങനെ പ്രതികരിക്കാന്‍ കഴിഞ്ഞു?’ സിഗ്ലര്‍ മറുപടി നല്‍കി -‘സഹോദരി, ഒരു വിമാനം വെറുതെ റദ്ദ് ചെയ്യുകയില്ലല്ലോ? ഒന്നുകില്‍ ആ വിമാനത്തിന് എന്തെങ്കിലും സാങ്കേതികത്തകരാറുകള്‍ ഉണ്ടാകാം. ചിലപ്പോള്‍ അത് പറത്തേണ്ട പൈലറ്റിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാം. അല്ലെങ്കില്‍ കാലാവസ്ഥ അനുകൂലമല്ലായിരിക്കാം. അത്തരമൊരു വിമാനത്തില്‍ യാത്ര ചെയ്താലുണ്ടാകുന്ന അനുഭവം ഓര്‍ത്താണ് ഞാന്‍ വെരി ഗുഡ് എന്ന് പറഞ്ഞത്. ആ വിമാനം റദ്ദാക്കിയത് നന്നായി.’

‘സര്‍ അപ്പോള്‍ മൂന്നു മണിക്കൂര്‍ വെയ്റ്റ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഫന്റാസ്റ്റിക് എന്ന് പറഞ്ഞതോ?’ -അവര്‍ അടുത്ത ചോദ്യം തൊടുത്തു. ‘അതിനും കാരണമുണ്ട്. എന്റെ തിരക്കിനിടയില്‍ ലോകമെമ്പാടുമുള്ള നിരവധി വിമാനത്താവളങ്ങളിലൂടെ കടന്നു പോകാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, പലരും പറഞ്ഞുകേട്ടിട്ടുണ്ട് ജോണ്‍ എഫ്.കെന്നഡി എയര്‍പോര്‍ട്ടാണ് ലോകത്തെ ഏറ്റവും മനോഹരമായ എയര്‍പോര്‍ട്ടെന്ന്. പക്ഷേ, എനിക്ക് ഇതുവരെ അതാസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ എനിക്ക് 3 മണിക്കൂര്‍ ലഭിച്ചിരിക്കുകയാണ്. ജീവിതത്തില്‍ ഏറ്റവും ആസ്വാദ്യകരമാകേണ്ട 3 മണിക്കൂര്‍. ഞാന്‍ ഇപ്പോള്‍ അത് ആസ്വദിക്കാന്‍ പോവുകയാണ്. അതു കൊണ്ടാണ് ഞാന്‍ ഫന്റാസ്റ്റിക് എന്നു പറഞ്ഞത്.’ ഇതാണ് പോസിറ്റീവ് തിങ്കിംഗ് തന്റെ് ചിന്തകളിലൂടെ ഏത് സാഹചര്യത്തെയും തനിക്ക് അനുകൂലമാക്കാന്‍ കഴിയുമ്പോഴാണ് പോസിറ്റീവ് ചിന്തകള്‍ പ്രയോജനപ്പെടുന്നത്.

പോസിറ്റീവ് തിങ്കിങ്ങിനെപ്പറ്റി പല തെറ്റായ ധാരണകളുമുണ്ട്. താന്‍ പോസറ്റീവ് ആയി ചിന്തിച്ചിട്ട് എന്തു ചെയ്താലും അത് തനിക്ക് അനുകൂലമാകും എന്നതാണ് അതിലൊന്ന്. ഒരു 10 നില കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടിയാല്‍ പോസറ്റീവ് തിങ്കിങ് ഉള്ളതുകൊണ്ട് നാം രക്ഷപ്പെടില്ല. ചിന്തയെ ശാക്തീകരിക്കുന്നതിനൊപ്പം ചെയ്യേണ്ട പ്രവൃത്തിയെപ്പറ്റി കൃത്യമായ ധാരണ ഉണ്ടാകുകയും വേണം. റിസ്‌ക് എടുക്കണം, എന്നാല്‍ റിസ്‌കുകളെ നമുക്ക് മാനേജ് ചെയ്യാന്‍ കഴിയുന്നതാകണം.

തെറ്റായ മുന്‍വിധികളോടെ നമുക്ക് വിജയത്തിലേക്ക് നടക്കാന്‍ കഴിയില്ല. മാര്‍ക്കറ്റിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായുള്ള സമ്പര്‍ക്കത്തിനിടയില്‍ അവരില്‍ വിജയിക്കുന്നവരുടെ ഏറ്റവും വലിയ പ്രത്യേകതയായി ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് അവര്‍ മുന്‍വിധികള്‍ ഇല്ലാതെ തയ്യാറാക്കുന്ന പ്രോസ്‌പെക്ട് ലിസ്റ്റാണ്. തനിക്ക് ബിസിനസ് തരാന്‍ സാധ്യതയുള്ള ആളുകളുടെ ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ അവരില്‍ നിന്നും തനിക്ക് ബിസിനസ്സ് ലഭിക്കില്ല എന്നു മുന്‍കൂട്ടി ചിന്തിച്ചു കഴിഞ്ഞാല്‍ ആ ലിസ്റ്റിന് എന്താണ് പ്രസക്തി? ഒരു പ്രവൃത്തി ചെയ്യുന്നതിനു മുമ്പേ പ്രവൃത്തിയുടെ ഫലമെന്താകുമെന്ന ഊഹാപോഹങ്ങള്‍ അത് ചെയ്യാനുള്ള ശ്രമത്തില്‍ നിന്നും നമ്മെ പിന്തിരിപ്പിക്കും.

ശുഭാപ്തി വിശ്വാസം എന്നത് നന്നായി ഭവിക്കും എന്നതിലുപരി താന്‍ തീര്‍ച്ചപ്പെടുത്തി ഉറപ്പിച്ച കാര്യങ്ങള്‍ നന്നായി ഭവിക്കും എന്നതാണ്. മുന്‍വിധികള്‍ വ്യക്തമായ വസ്തുതകളെ അടിസ്ഥാനമാക്കിയാണെങ്കില്‍ അത് നല്ലതു തന്നെയാണ്. തന്റെ കഴിവുകേടുകളെ കുറിച്ചുള്ള അമിത ചിന്ത തിരുത്തപ്പെടാവുന്ന ഒരു മുന്‍വിധിയാണ്. ഏവര്‍ക്കുമുള്ള ആ പോരായ്മകള്‍ പരിഹരിക്കാന്‍ മനുഷ്യനു കഴിയും. അതവന്റെ ചിന്തയില്‍ രൂപീകൃതമാകുന്ന ശുഭാപ്തി വിശ്വാസത്തിലൂടെയും പ്രത്യാശയിലൂടെയുമാണ്.

ആല്‍വിന്‍ ടോഫ്‌ലറുടെ പ്രസിദ്ധമായ വാക്കുകള്‍ ഇങ്ങനെയാണ് -‘Learn, Unlearn and Relearn’. പഠിക്കുക. പ്രായോഗികമാക്കാന്‍, ഉയോഗപ്രദമാക്കാന്‍ പറ്റാത്ത അറിവിനെ ഉപേക്ഷിക്കുക, വീണ്ടും പഠിക്കുക. പുതിയ അറിവുകള്‍ നമുക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു. പുതുമയെ സ്വീകരിക്കാന്‍ പുതിയ ചിന്തകളാണ് ആവശ്യം. പുത്തന്‍ ഉണര്‍വുണ്ടാകാന്‍ പുതിയ സാഹചര്യങ്ങളാണ് ആവശ്യം.

കഴിഞ്ഞ 5 വര്‍ഷമായി ചെയ്തുകൊണ്ടിരിക്കുന്ന അതേ പ്രവൃത്തി അതേ രീതിയില്‍ ചെയ്താല്‍ പുതിയ ഫലങ്ങള്‍ ഉണ്ടാവുകയില്ല. ഇന്നു തന്നെ പുതുതായി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ തീരുമാനിക്കുക. തീരുമാനിച്ച കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകകയും പുത്തന്‍ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുകയും ചെയ്യുക. അവിടെ മുന്‍വിധികളുടെ പരിധികള്‍ സൃഷ്ടിക്കാതെ തനിക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നുള്ള വിശ്വാസത്തിലൂടെ ലക്ഷ്യത്തിലേക്ക് നടന്നു നീങ്ങുക. വെല്ലുവിളികള്‍ ഏറ്റെടുത്ത് നിങ്ങളുടെ വിജയത്തിലേക്കും നേതൃത്വങ്ങളിലേക്കുമുള്ള യാത്ര തുടരുക.

Success is a journey..
A long journey…


Published by special arrangement
(c) Mentor Publihing House

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!