നിതിന്‍ ആര്‍.വിശ്വന്‍
പഠനം എന്നത് പ്രായപരിധിയില്ലാത്ത ഒന്നാണ്. പഠനത്തിനു താൽപര്യമാണ് പ്രധാനം. ഒരു പക്ഷേ, ചില കാരണങ്ങളാൽ പഠനം മുൻപ് വഴിമുട്ടി നിന്ന് പോയവരാകാം നിങ്ങൾ. വിവാഹം നിങ്ങളെ പഠനത്തിൽ ബ്രേക്ക് എടുക്കാൻ നിർബന്ധിച്ചിട്ടുണ്ടാകാം. വിഷമിക്കേണ്ട! ഏതു പ്രായത്തിലും നിങ്ങൾക്ക് പഠനം സാധ്യമാക്കുന്ന മേഖലയാണ് തുടർപഠനം. ബിരുദം കഴിഞ്ഞാൽ വിദ്യാഭ്യാസ രംഗത്ത് വളരെ പ്രാവിണ്യവും പ്രാധാന്യവും നിറഞ്ഞ ഒരു തലമാണ് തുടർപഠനത്തിന്.
ബിരുദത്തിനപ്പുറം മറ്റ് തൊഴിൽ മേഖലകളെ കുറിച്ച് പുത്തൻ അറിവ് പകരുവാനും അവയെ പരിചയപ്പെടുത്തി മേഖലകളിലെ പ്രാവിണ്യം വർദ്ധിപ്പിക്കുവാനും തുടർപഠനം സാധ്യമാക്കുന്നു. തൊഴിൽ ലഭിക്കുവാൻ ഉതകുന്ന മികച്ച അറിവും വിദ്യാഭ്യാസ വിഭവങ്ങളും അടങ്ങിയ തലമുറയെ സമൂഹത്തിൽ വാർത്തെടുക്കുന്നതിലും വലിയ പങ്ക് വഹിക്കുന്ന ഈ മേഖല അംഗീകൃതവും ലൈസൻസ് ഉള്ളതുമായ തൊഴിൽ നൈപുണ്യം കരസ്ഥമാക്കാൻ സഹായകമാണ്.
റഗുലർ കോഴ്സുകൾക്കുപരി ഓൺലൈൻ, വിദൂര പഠനം സാധ്യമാക്കുന്ന കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യൂക്കേഷൻ കേരള (സി.സി.ഇ.കെ.) 1998ലാണ് സ്ഥാപിതമാകുന്നത്. തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് വ്യത്യസ്ത മേഖലകളിൽ തൊഴിൽ നേടുന്നതിനായി പരിശീലനം നൽകി, ചെറുകിട വ്യവസായങ്ങളിലും, സർക്കാർ – സ്വകാര്യ സ്ഥാപനങ്ങളിലും ജോലിക്ക് പ്രാപ്തരാക്കുന്നു.
വളർന്നു വരുന്ന സേവന – വ്യവസായിക സാങ്കേതിക മേഖലകളിലും വിദഗ്ധ തൊഴിൽ അനുബന്ധ പരിശീലനവും പഠനവും നൽകുന്നു. ‘ഔട്ട് ഡേറ്റഡ്’ എന്ന് കരുതുന്നവർക്ക് സാങ്കേതിക രംഗത്തെ പുത്തൻ തരംഗങ്ങളെ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കുന്നു. തൊഴിലാളിയുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് സർക്കാർ തലത്തിൽ നൈപുണ്യ വികസന പരിപാടികളും വ്യക്തിത്വ വികസന പദ്ധതികളും കരിക്കുലത്തിൽ ആസൂത്രണം ചെയ്യുന്നു. അതോടൊപ്പം സാമൂഹിക ഉന്നമനത്തിനും വഴിയൊരുക്കുന്നു.
നിലവിൽ സംസ്ഥാനത്തുടനീളമുള്ള സർക്കാർ / എയ്ഡഡ് എൻജിനീയറിങ് കോളജുകൾ, പോളിടെക്നിക്കുകൾ, ആർട്സ് ആൻഡ് സയൻസ് കോളജുകൾ, വി.എച്ച്.എസ്. സ്കൂളുകൾ എന്നീ കേന്ദ്രങ്ങളിലൂടെയും പൊതുമേഖലാ സ്ഥാപനങ്ങളായ കെൽട്രോൺ, കേരള സിഡ്കോ, കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്, കേരള ആർട്ടിസൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് എന്നിവയിലൂടെയുമാണ് സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യൂക്കേഷൻ കേരള പഠന പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നത്.
എം.എസ്. ഓഫീസ്, ഓട്ടോ കാഡ്, ഡി.ടി.പി., കമ്പ്യൂട്ടറൈസ്ഡ് ഫൈനാൻഷ്യൽ അക്കൗണ്ടിംഗ്, ടോടൽ സ്റ്റേഷൻ സർവ്വേ, അലുമിനിയം ഫാബ്രിക്കേഷൻ, നോൺ- ഡിസ്ട്രക്ടീവ് ടെസ്റ്റിംഗ്, വെൽഡിംഗ് ടെക്നോളജി, ലെയ്ത്ത് ഓപ്പറേഷൻ, കോസ്മെറ്റോളജി ആൻഡ് ബ്യൂട്ടി പാർലർ മാനേജ്മെന്റ്, കംപ്യുട്ടർ ആപ്ലിക്കേഷൻ, ഫോട്ടോഗ്രഫി & വീഡിയോഗ്രഫി, റെഫ്രിഡ്ജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, ഇലക്ട്രിക്കൽ വയറിംഗ്, ഹോട്ടൽ മാനേജ്മെന്റ്, കൗൺസലിങ്, ജേർണലിസം എന്നീ സർട്ടിഫിക്കറ്റ്, പി.ജി. ഡിപ്ലോമ കോഴ്സുകകളാണ് സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യൂക്കേഷൻ കേരളയുടെ വിവിധ കേന്ദ്രങ്ങളിൽ പഠിക്കാവുന്ന പ്രോഗ്രാമുകൾ.
കെൽട്രോണിൽ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ്, കമ്പ്യൂട്ടറൈസെഡ് ഇൻസ്ട്രമെന്റേഷൻ, കേരള സിഡ്കോയിൽ സിവിൽ എൻജിനീയറിങ്, കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിൽ ഓട്ടോ മൊബൈൽ എൻജിനീയറിങ്ങും, കേരള ആർട്ടിസൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ഡെക്കോറേറ്റീവ് ഗാർമെന്റ് മേക്കിങ്, കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ ലോജിസ്റിക്ക്സ് ആൻഡ് റിടെയ്ൽ മാനേജ്മെന്റ് എന്നീ പ്രൊഫെഷണൽ ഡിപ്ലോമ കോഴ്സുകൾക്കും അവസരമുണ്ട്.
കോളേജ് ഓഫ് എൻജിനീയറിങ് മൂന്നാർ, കേരള സംസ്ഥാന സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് കേന്ദ്രങ്ങൾ, കൊല്ലം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരളം, പൊന്നാനിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ച്, ചെന്നൈയിലെ മുസിക്ക് ലോഞ്ച് – സ്കൂൾ ഓഫ് ഓഡിയോ ടെക്നോളജി (എം.എൽ.എസ്.എ.ടി.) എന്നീ സ്ഥാപനങ്ങൾ സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യൂക്കേഷൻ കേരളയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നവയാണ്. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് www.ccek.org സന്ദർശിക്കാം.