ആതിര ഗോപിനാഥ്‌

യു.പി.എസ്.സിയുടെ 2018 സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ കഴിഞ്ഞമാസമായിരുന്നു. ഈ പരീക്ഷ പേപ്പര്‍ പല ചര്‍ച്ചകള്‍ക്കും വഴിവെച്ചിട്ടുണ്ട്. പുറത്തുനിന്ന് ഒറ്റനോട്ടത്തില്‍ ചോദ്യപേപ്പര്‍ പരിശോധിച്ചവര്‍ക്ക് പരീക്ഷ എളുപ്പമായി തോന്നിയേക്കാം. പക്ഷേ, രണ്ടുമണിക്കൂര്‍ സമയത്തിനുള്ളില്‍ ഹാളിലിരുന്ന് എഴുതി നെഗറ്റീവ് മാര്‍ക്കിങ് എന്ന കടമ്പ കടന്ന് യോഗ്യത നേടാനുള്ള കുറഞ്ഞ മാര്‍ക്ക് സമ്പാദിക്കുക എന്ന പ്രക്രിയ യു.പി.എസ്.സി. സിവില്‍ സര്‍വീസ് പരീക്ഷയുടെ യഥാര്‍ത്ഥ ലക്ഷ്യം നിറവേറ്റുന്നുണ്ടോ എന്നതാണ് ഇവിടെ പ്രസക്തമാകുന്ന ചോദ്യം.

ശരിയാണ്, കഴിഞ്ഞ വര്‍ഷങ്ങളില്‍ 1300 വരെ ഒഴിവുകള്‍ ഉണ്ടടായിരുന്നിടത്ത് ഇത്തവണ 782 ഒഴിവുകളേ ഉള്ളൂ. പരീക്ഷയെഴുതിയ മൂന്നു ലക്ഷം പേരില്‍ നിന്നാണ് 782 പേരെ തിരഞ്ഞെടുക്കേണ്ടത്. ജോലി കടുപ്പം പിടിച്ചതാണ്. അതിന് പ്രിലിമിനറി കടുപ്പിച്ചേ മതിയാകൂ. സമ്മര്‍ദ്ദങ്ങളില്‍പ്പെട്ട് പരീക്ഷ കടുപ്പിച്ചു. പക്ഷേ, യു.പി.എസ്.സി. സിവില്‍ സര്‍വീസ് പരീക്ഷ എന്തിനുവേണ്ടി സംഘടിപ്പിക്കുന്നുവോ അതിന്റെ അര്‍ത്ഥം തന്നെ മാറി പോകുന്നില്ലേ എന്നു തോന്നിപ്പോകും ഇത്തവണത്തെ ചോദ്യപേപ്പര്‍ കണ്ടാല്‍.

എത്ര കടുപ്പിച്ചാലും അത് ചാടി കടക്കുക എന്നതാണ് ഓരോ സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥിയുടെയും ലക്ഷ്യം. അങ്ങനെയുള്ളവരാണ് പാസ്സാകേണ്ടതും. പാസാകുന്നവര്‍ ഇനി സര്‍വീസ് ചെയ്യേണ്ടവരാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ചെയ്യേണ്ടവരാണ്. ഒരു സിവില്‍ സര്‍വ്വന്റിന് വേണ്ട യോഗ്യതയും സ്വഭാവം വിശേഷങ്ങളും ഉള്ളവര്‍ തന്നെയാണോ പരീക്ഷയില്‍ വിജയിക്കുന്നത്?

പരീക്ഷയ്ക്ക് പഠിക്കേണ്ട വിഷയങ്ങളും അവരുടെ ജോലിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഭൂമിശാസ്ത്രവും ചരിത്രവും ഭരണഘടനയും സാമ്പത്തികശാസ്ത്രവും കാലാകാലമായി പഠിക്കേണ്ട വിഷയങ്ങളാണ്. 2013 ആണ് തൊഴിലിന് ആവശ്യമുള്ള എത്തിക്‌സ് പേപ്പറും ഡിസാസ്റ്റര്‍ മാനേജ്‌മെന്റും ഉള്‍ക്കൊള്ളിച്ചത്. പക്ഷേ, ഇപ്പോഴും ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ തന്നെയാണ് ആനുകാലിക ചോദ്യങ്ങള്‍ക്കൊപ്പം ചോദിക്കുന്നത്.

ചരിത്രത്തില്‍തന്നെ പ്രാചീന ചരിത്രം, മധ്യകാല ചരിത്രം, ആധുനിക ചരിത്രം എന്നിങ്ങനെ നീണ്ട നിര പഠിക്കേണ്ടതുണ്ട്. അവയുടെ സംസ്‌കാരം, കല, കരകൗശല വിദ്യ, ഭരണം തുടങ്ങി ഉപവിഭാഗങ്ങള്‍ വേറെയും. ഒരു ബന്ധവുമില്ലാതെ എന്തിന് ഇത്രയും ചരിത്രം പഠിക്കുന്നുവെന്ന് ചിലപ്പോള്‍ തോന്നിയേക്കാം. പക്ഷേ, ഇന്ന് ഈ കാണുന്ന ഇന്ത്യ എവിടെനിന്ന് ഏതെല്ലാം അവസ്ഥകളിലൂടെ പരിണമിച്ചാണ് ഇവിടെ എത്തിയത് എന്ന് അറിഞ്ഞാല്‍ മാത്രമേ നാളെ കൂടുതല്‍ പുരോഗതിയിലേക്ക് നാടിനെ നയിക്കാനാകൂ. അതിന് ചരിത്രം അറിഞ്ഞേ തീരൂ.

പക്ഷേ, അതിനര്‍ത്ഥം ചരിത്രത്തിലെ അപ്രധാനമായതും അല്ലാത്തതുമായ നടന്ന എല്ലാ സംഭവങ്ങളുടെയും തീയതിയും പേരും ഓര്‍ത്തുവെക്കുക എന്നല്ലല്ലോ? ഒരു ചരിത്രപണ്ഡിതനായ, സകല തീയതിയും പേരും സംഘടനയും ഓര്‍ത്തുവെക്കുന്ന മനഃപാഠ വിദഗ്ദ്ധനെ അല്ലല്ലോ സമൂഹത്തിന് വേണ്ടത്? ചരിത്രത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് പുതിയ തീരുമാനങ്ങളും നയങ്ങളും രൂപീകരിക്കാനുള്ള വളം ആക്കുക എന്നതാണ് സിവില്‍ സര്‍വ്വന്റിന്റെ ജോലി. അതുകൊണ്ടാണ് യു.പി.എസ്.സി. ചോദ്യപേപ്പര്‍ ഓരോവര്‍ഷവും വിശകലനം ആവശ്യപ്പെട്ടുള്ള ചോദ്യങ്ങള്‍ പ്രിലിമിനറിയിലും ചോദിക്കുന്നത്. കുറഞ്ഞപക്ഷം അപ്രധാന വസ്തുതകള്‍ അല്ലെങ്കില്‍ ഫാക്ടുകള്‍ മാത്രമായി ചോദിക്കാതിരിക്കുന്നതെങ്കിലും. പക്ഷേ അത്തരം അടിസ്ഥാന തത്വങ്ങള്‍ കാറ്റില്‍പ്പറത്തുന്നതല്ലേ ഇത്തവണത്തെ മിക്ക ചോദ്യങ്ങളും?

ഹിന്ദ് മസ്ദൂര്‍ സഭയുടെ സ്ഥാപകന്‍ ആര്? ഇന്ത്യന്‍ ഡയമണ്ടിനെക്കുറിച്ച് പറഞ്ഞ സഞ്ചാരി ആര്, ഭാവിയിലെ ബുദ്ധന്റെ പേര് എന്ത് തുടങ്ങിയ ചോദ്യങ്ങള്‍ സിവില്‍ സര്‍വീസ് പരീക്ഷയുടെ എന്ത് അന്തഃസത്തയാണ് കാത്തുസൂക്ഷിക്കുന്നത്? ഇവ പരന്നുകിടക്കുന്ന സിലബസ് പൂര്‍ത്തിയാക്കാന്‍ ഉപദേശിക്കപ്പെടുന്ന പുസ്തകങ്ങളിലോ അനുബന്ധ പഠനക്കുറിപ്പുകളിലോ ഇല്ലാത്തവയാണ്. വിശകലനം ചെയ്യേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ എല്ലാം അപഗ്രഥിക്കുകയും അവയുടെ യഥാര്‍ത്ഥ അര്‍ത്ഥം ചിന്തിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികളെ, അപ്രസക്തമായ ഇത്തരം മനഃപാഠം മാത്രം ആവശ്യമായ ചോദ്യങ്ങളിലൂടെ വിഡ്ഡികളാക്കുകയല്ലേ യു.പി.എസ്.സി. ചെയ്തത്?

ഇതിലൂടെ യു.പി.എസ്.സി. ഏത് തരത്തിലുള്ള ആളുകളെയാണ് കടത്തിവിടുന്നത്? ഭൂമിശാസ്ത്രം സാമ്പത്തികശാസ്ത്രം ഒക്കെ പരീക്ഷയ്ക്ക് വരുന്നതും ഇന്ത്യയും ചുറ്റുമുള്ള ലോകത്തെയും പറ്റി ഉദ്യോഗാര്‍ത്ഥി സാമാന്യമായി മനസ്സിലാക്കിയിട്ടുണ്ടോ എന്ന് അറിയാനാണ്. അതെ, മനസ്സിലാക്കിയിട്ടുണ്ടോ എന്നാണ് അല്ലാതെ മനഃപാഠമാക്കിയിട്ടുണ്ടോ എന്നല്ല.

മറ്റൊരു ചോദ്യമാണ് ശാസ്ത്രീയ നാമം. ഓരോന്നിന്റെയും ശാസ്ത്രീയ നാമം പഠിക്കാന്‍ തുടങ്ങിയാല്‍ പരീക്ഷക്ക് അത് പഠിക്കാന്‍ മാത്രമേ സമയം ഉണ്ടാകുകയുള്ളൂ. ചരിത്രമോ പൊളിറ്റിക്കല്‍ സയന്‍സോ ബിരുദമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് ചരിത്ര ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ലഭിക്കുന്നതിനാല്‍ ശാസ്ത്രം മേഖലയില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും വേഗത്തില്‍ ഉത്തരം ലഭിക്കാനാണ് ഇത്തരം വിഭാഗത്തില്‍നിന്നുള്ള ആഴത്തിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത് എന്നാണ് യു.പി.എസ്.സിയുടെ വാദം.

സയന്‍സും ആര്‍ട്‌സും മാത്രം കോഴ്‌സുകളുള്ള കാലത്തുനിന്ന് ഒരായിരം കോഴ്‌സുകളും ബിരുദങ്ങളും ഉള്ളിടത്തേക്ക് ഇന്ത്യയുടെ വിദ്യാഭ്യാസ തൊഴില്‍ മേഖല മാറിക്കഴിഞ്ഞു. ഇത്തരം പല ബിരുദങ്ങള്‍ ഉള്ളവരാണ് പരീക്ഷയെഴുതാന്‍ വരുന്നത്. അപ്പോള്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ മുന്‍തൂക്കം നല്‍കുകയോ നല്‍കാതിരിക്കുകയോ ചെയ്യേണ്ട കാര്യമുണ്ടോ? ഗൗരവമായി പരീക്ഷയെ സമീപിക്കുന്നവര്‍ പഠിക്കേണ്ടവ പഠിച്ചെടുക്കുക തന്നെ ചെയ്യും. അപ്പോള്‍ മാത്രമേ പരീക്ഷയ്ക്കു മുന്നില്‍ എല്ലാവരും തുല്യരാകൂ.

സിവില്‍ സര്‍വീസുകാര്‍ ഭരണകര്‍ത്താക്കള്‍ മാത്രമല്ല നയം രൂപീകരിക്കേണ്ടവര്‍ കൂടിയല്ലേ? സമൂഹത്തില്‍ നിലനില്‍ക്കുന്ന ദോഷങ്ങള്‍ മനസ്സിലാക്കി അത് തിരുത്തുകയും മാറ്റത്തിന് വഴി കാട്ടുകയും ചെയ്യേണ്ടവര്‍ കൂടെയാണ്. അതിന് നിലനില്‍ക്കുന്ന സമൂഹത്തെപ്പറ്റി പഠിക്കണം അവയുടെ സ്വഭാവവിശേഷങ്ങളും മനഃശാസ്ത്രവും പഠിക്കണം. ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രവും സാമ്പത്തികശാസ്ത്രവും പഠിക്കുന്നതിനോടൊപ്പമോ അല്ലെങ്കില്‍ അതിനേക്കാള്‍ പ്രധാനമോ ആണ് അവിടുത്തെ സമൂഹത്തെ പഠിക്കുക എന്നത്. കാരണം ചുറ്റുമുള്ളവയെ അത് പ്രകൃതി ആണെങ്കിലും പണം ആണെങ്കിലും എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നത് അവരുടെ വിശ്വാസങ്ങളുമായും മനോനിലയുമായും ബന്ധപ്പെട്ടിരിക്കുന്നു. അത് അറിഞ്ഞാല്‍ മാത്രമേ ആ സമൂഹത്തിന്റെ പുരോഗതിയുടെ തോത് അളക്കാനും അതിനെ സഹായിക്കാനും കഴിയൂ.

ഒരുകാലത്ത് പത്ത് മക്കള്‍ വരെ ഉണ്ടാകുന്നത് സ്വാഭാവികമായും നല്ലകാര്യമായും ചിന്തിച്ചിരുന്ന സമൂഹത്തില്‍ ഇന്ന് രണ്ട് കുട്ടികളിലധികം ഉണ്ടാകുന്നത് ചിന്തിക്കുക പോലുമില്ല. ‘നാം രണ്ട് നമുക്ക് രണ്ട്’ എന്ന മുദ്രാവാക്യം ഇവിടെ ഉണ്ടായതുകൊണ്ടാണ് സമൂഹം ഇന്ന് കാണുന്ന രീതിയില്‍ പുരോഗമിച്ചത്. ഇത്തരം നയങ്ങള്‍ രൂപീകരിക്കണമെങ്കില്‍ സമൂഹത്തിന്റെ മനശാസ്ത്രം വിശദമായി പഠിക്കണം. സമൂഹത്തില്‍ ഇത്രയധികം ബലാത്സംഗങ്ങള്‍ നടക്കുന്നതും കൊട്ടേഷന്‍ കൊടുത്ത് സഹപ്രവര്‍ത്തകയെ ശാരീരികമായി ഉപദ്രവിച്ചതും കുറ്റാരോപിതനെ മാതൃസംഘടനയില്‍ തിരിച്ചെടുത്തതും എല്ലാം മലയാള സമൂഹത്തിന്റെ സ്ത്രീ സമീപനത്തിന്റെ പ്രതിഫലനം മാത്രമാണ്. മേല്‍പ്പറഞ്ഞ ഉദാഹരണം പോലെ ഈ മനോഭാവമാണ് ആദ്യം മാറ്റിയെടുക്കേണ്ടത്.

സമൂഹത്തിന്റെ ഇത്തരം അപക്വമായ മനോനിലകള്‍ നയങ്ങള്‍ കൊണ്ട് മാറ്റാനും പക്വതയാര്‍ന്ന സമൂഹസൃഷ്ടിക്ക് മുന്നിട്ടിറങ്ങാനും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനു സാധിക്കും. ഓരോ സംഭവങ്ങളുടെയും പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ മനസ്സിലാക്കി അവയെപ്പറ്റി ഉറച്ചുപോയ മുന്‍ധാരണകളും മനോനിലയും തിരുത്താന്‍ അധികാരമുള്ളവര്‍ കൂടെയാണവര്‍. പക്ഷേ, ഇവയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന സോഷ്യോളജിയും സോഷ്യല്‍ സൈക്കോളജിയും മെയിന്‍ പരീക്ഷയുടെ ഒരു ചെറിയ ഭാഗം മാത്രമായി ഒതുക്കിയത് ശരിയാണോ?

സാധാരണക്കാരുടെ പ്രശ്‌നങ്ങളാണ് സര്‍വീസില്‍ ഇരിക്കുമ്പോള്‍ കൂടുതലും തീര്‍പ്പുകല്‍പ്പിക്കേണ്ടിവരിക. അവ മനസ്സിലാക്കണമെങ്കില്‍ താഴെയുള്ളവരോടും പാവങ്ങളോടും സഹാനുഭൂതി എങ്കിലും വേണം. പൊലീസ് ഓഫീസറുടെ സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്ന മകള്‍ അച്ഛന്റെ കീഴ് പോലീസുകാരനോട് പെരുമാറിയ രീതി ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചു. ഇത്തരം മനോഭാവമുള്ളവരെയും പാസ്സാക്കുന്നതല്ലേ ഇപ്പോഴത്തെ പഠനരീതി?

ഇനി പരീക്ഷയ്ക്കു ശേഷം ഒരു കൊല്ലത്തെ പരിശീലനം കൊണ്ടാണ് ഉത്തമ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ വാര്‍ത്തെടുക്കുന്നത് എന്നാണ് വാദമെങ്കില്‍ ഇവിടെ അഴിമതിയുള്ള ഉദ്യോഗസ്ഥര്‍ ഉണ്ടാകില്ലായിരുന്നു. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും ദാര്‍ഷ്ട്യവും കെടുകാര്യസ്ഥതയും ഉണ്ടാകില്ലായിരുന്നു. ഒരു കൊല്ലത്തെ ഐ.പി.എസ്. ട്രെയിനിങ്ങിനു ശേഷവും കള്ളത്തരത്തിലൂടെ പരീക്ഷയെഴുതാന്‍ സഫീര്‍ കരീമിന് തോന്നില്ലായിരുന്നു. ഇന്‍വിജിലേറ്ററെ സ്വാധീനിച്ച് പഞ്ചാബില്‍ യു.പി.എസ്.സിയുടെ പരീക്ഷ പോലും കോപ്പിയടിക്കാമെങ്കില്‍ എന്തുകൊണ്ട് തനിക്കായി കൂടാ എന്ന് അയാള്‍ കരുതിക്കാണും. ട്രെയിനിംഗ് സമയത്തു പോലും അയിത്തവും തൊട്ടുകൂടായ്മയും ചില ഓഫീസര്‍മാര്‍ കൊണ്ടുനടക്കുന്നതായും നാം കേള്‍ക്കില്ലായിരുന്നു.

ഇങ്ങനെ എല്ലാ തരത്തിലും യു.പി.എസ്.സി. അതിന്റെ ധര്‍മത്തില്‍ നിന്ന് വ്യതിചലിക്കുകയാണ്. Equaltiy before law, equal protection of law എന്നത് ഭരണഘടനയില്‍ ആലേഖനം ചെയ്യപ്പെട്ട ഒന്നാണ്. പക്ഷേ, അത് ഇന്ത്യയിലെ ഏറ്റവും വലിയ, നീതിയുക്തമായ നടക്കേണ്ട പരീക്ഷയില്‍ പാലിക്കപ്പെടുന്നുണ്ടോ? നിങ്ങള്‍ എത്ര വേണമെങ്കിലും കടുപ്പം കൂട്ടിക്കൊള്ളൂ.നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷേ, ഇത്ര മഹത്തായ പരീക്ഷയെഴുതാന്‍ പ്രിലിമിനറിയിലൂടെ യോഗ്യത നേടേണ്ടത് വസ്തുതകള്‍ വിഴുങ്ങാനും ഓര്‍ത്തുവെക്കാനും കഴിവുള്ളവർ മാത്രമുള്ളവരാണോ? ഭാഗ്യം കൊണ്ടല്ല ഈ പരീക്ഷ കടക്കേണ്ടത്, പ്രയത്‌നം കൊണ്ടും കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവ് കൊണ്ടുമാണ്.

ഇത്തവണ പ്രിലിമിനറിയില്‍ ആകെയുള്ള നാല് ഓപ്ഷനുകളില്‍ രണ്ടെണ്ണം അല്ല എന്ന് തീര്‍ച്ചപ്പെടുത്തി കളഞ്ഞാലും ഉത്തരമായേക്കാവുന്ന രണ്ട് ഒപ്ഷനുകളില്‍ ഉടക്കിനില്‍ക്കുന്ന അവസ്ഥയായിരുന്നു. ആ നിമിഷം രണ്ടിലേതിനെ തിരഞ്ഞെടുക്കാന്‍ തോന്നി എന്നതാണ് ഇത്തവണത്തെ പ്രിലിമിനറിയുടെ വിജയം ഉറപ്പിക്കുന്നത്. അത് ചിലപ്പോള്‍ ശരിയാകാം ചിലപ്പോള്‍ തെറ്റാം. നന്നായി തയ്യാറെടുത്ത് പോയവര്‍ക്ക് പോലും ഉത്തരത്തിലേക്ക് ഉറപ്പിച്ച് എത്താന്‍ കഴിയാത്ത അവസ്ഥ. ഉത്തരം എഴുതുന്ന നിമിഷം ഭാഗ്യം കടാക്ഷിച്ചാല്‍ രക്ഷപ്പെട്ടു.!

ഭാഗ്യംകൊണ്ടോ ഊഹാപോഹങ്ങള്‍ കൊണ്ടോ നേടിയെടുക്കേണ്ട ഒന്നാണോ സിവില്‍ സര്‍വീസ്? നാലു ചുമരുകള്‍ക്കുള്ളില്‍ അടച്ചിരുന്ന് പരമാവധി കാര്യങ്ങള്‍ തലച്ചോറില്‍ കേറ്റുന്നവരാണോ മെയിന്‍ എക്‌സാം എഴുതേണ്ടത് ? സമൂഹത്തിനെയും ജനങ്ങളുടെയും നില അറിയാത്തവരാണോ നാളെ ഭരണനിര്‍വഹണം നടത്തേണ്ടത് ? എന്തും എന്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടു എന്ന് വിശകലനം ചെയ്യാനും അടിസ്ഥാന തത്വം മനസ്സിലാക്കി പല കോണിലൂടെ കാര്യങ്ങള്‍ നോക്കികാണാന്‍ ആഹ്വാനം ചെയ്ത യു.പി.എസ്.സി. തന്നെ ഇത്തവണത്തെ പ്രിലിമിനറി പരീക്ഷ അതിന് നേര്‍വിപരീതമായി നടത്തിയതിന്റെ ഔചിത്യം എന്താണ്?

യു.പി.എസ്.സി. പരീക്ഷാരീതി തന്നെ മാറ്റേണ്ട സമയം കഴിഞ്ഞില്ലേ? പരീക്ഷ എഴുതുന്നവരില്‍ അഭിരുചി ഉള്ളവര്‍ ഉണ്ടോ എന്ന് കൂടെ യു.പി.എസ്.സി. പരിശോധിക്കേണ്ടതല്ലേ?

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!