കൃപ സജു

സീനിയര്‍ അസോസിയേറ്റ് -സെക്രട്ടേറിയല്‍, യെസ്‌ജേ അസോസിയേറ്റ്‌സ്

കോമേഴ്‌സ് പഠിച്ചവര്‍ക്ക് കരിയര്‍ സാദ്ധ്യതകള്‍ കുറവാണോ? അക്കൗണ്ടന്റ് ആകാന്‍ മാത്രമാണൊ വിധി? അല്ല എന്നതാണ് ഉത്തരം. കുറഞ്ഞ ചെലവില്‍ പഠിക്കാവുന്ന കമ്പനി സെക്രട്ടറിഷിപ് പോലുള്ള കോഴ്‌സുകള്‍ക്ക് ഇന്ന് കോമേഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രിയമേറിവരികയാണ്.

പേര് കേള്‍ക്കുമ്പോള്‍ ‘അയ്യോ, ഇത് സ്റ്റെനോഗ്രാഫറുടെ ജോലി തന്നെ അല്ലേ’ എന്ന് തോന്നുമെങ്കിലും ഈ കോഴ്‌സ് ഒരു സംഭവം തന്നെയാണ്. ഫിനാന്‍സ് മേഖലയിലെ അതികായന്മാരായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സിയോട് കിടപിടിക്കുന്ന കോഴ്‌സ് തന്നെയാണ് ഇതും. കഷ്ടപ്പെടാനുള്ള മനസ്സും വ്യകതമായ ലക്ഷ്യവും ഉള്ളവരാണ് നിങ്ങള്‍ എങ്കില്‍ ഈ കോഴ്‌സ് നിങ്ങള്‍ക്കുള്ളതാണ്.

എന്താണ് കമ്പനി സെക്രട്ടറിഷിപ്പ്?

ഡോക്ടര്‍, എന്‍ജിനീയര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് എന്നിവപോലെ തന്നെ ഒരു പ്രൊഫഷണല്‍ കോഴ്‌സ് ആണ് കമ്പനി സെക്രട്ടറിഷിപ്പും. ഇവരുടെ തട്ടകം കമ്പനിയുടെ നിയമപരമായ കാര്യങ്ങള്‍ നോക്കുക എന്നതും കമ്പനികള്‍ നിയമപ്രകാരം നടപ്പാക്കേണ്ടവ യഥാസമയം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയുമാണ് കമ്പനി സെക്രട്ടറിയുടെ പ്രധാന ചുമതല. കൂടാതെ കോര്‍പ്പറേറ്റ് നിയമങ്ങള്‍, വിദേശ വിനിമയ ചട്ടങ്ങള്‍, കോര്‍പ്പറേറ്റ് നികുതി കാര്യങ്ങള്‍, ഓഹരി വിതരണം എന്നിവയില്‍ കമ്പനിക്ക് വിദഗ്‌ദ്ധോപദേശം നല്‍കേണ്ടത് കമ്പനി സെക്രട്ടറിയാണ്. കമ്പനിയുടെ ഭരണസമിതിയുടെയും ഓഹരി ഉടമകളുടേയും യോഗങ്ങള്‍ വിളിച്ചുകൂട്ടുന്ന ചുമതല വഹിക്കുന്നതോടൊപ്പം അത്തരം യോഗങ്ങളില്‍ കമ്പനി ഭരണസമിതിയുടെ (ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്) ഉപദേഷ്ടവായും പ്രവര്‍ത്തികേണ്ടതുണ്ട്.

എന്താണ് കമ്പനി സെക്രട്ടറിയുടെ പദവി?

ഒരു കമ്പനിയുടെ നിയമപരമായ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ പറ്റുന്ന രീതിയിലാണ് ഈ കോഴ്‌സിന്റെ സിലബസ് രൂപകല്‍പന. അതുകൊണ്ട് തന്നെ കമ്പനിയുടെ അകത്തും പുറത്തും ഉന്നതമായ പദവി ഈ കോഴ്‌സ് ഉറപ്പുവരുത്തുന്നു. ഇന്ത്യന്‍ കമ്പനി നിയമം അനുസരിച് 10 കോടിയില്‍ കൂടുതല്‍ മൂലധനമുള്ള കമ്പനികളില്‍ കമ്പനി സെക്രട്ടറിയെ നിര്‍ബന്ധമായും നിയമിച്ചേ പറ്റു. അങ്ങനെയുള്ള കമ്പനികളില്‍ ഇവര്‍ കീ മാനേജീരിയല്‍ പേഴ്‌സണ്‍ ആയിരിക്കും. എന്നുവച്ചാല്‍ ആ കമ്പനിയിലെ പ്രധാന ഉദ്യോഗസ്ഥരില്‍ ഒരാള്‍ ആയിരിക്കും എന്ന്.

എവിടെ പഠിക്കാം?

കമ്പനി സെക്രട്ടറിഷിപ്പ് കോഴ്‌സ് പഠിപ്പിക്കാനുള്ള പൂര്‍ണ അവകാശം നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിനാണ്. 1980ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിലൂടെയാണ് ഇത് നിലവില്‍ വന്നത്. ഇന്സ്റ്റിറ്റിയൂട്ട് നടത്തുന്ന പരീക്ഷകള്‍ വിജയിച്ച് നിശ്ചിത പ്രായോഗിക പരിശീലനത്തിനുശേഷം കമ്പനി സെക്രട്ടറി എന്ന യോഗ്യതയും പ്രസ്തുത ഇന്സ്റ്റിറ്റിയൂട്ടില്‍ അംഗത്വംവും നേടാം. ഒരു കോളേജ് എന്നപോലെയല്ല ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സ്ഥിരമായ ക്ലാസ്സുകള്‍ ഇവിടെ സംഘടിപ്പികുന്നില്ല. എന്നാല്‍ കോര്‍പ്പറേറ്റ് മേഖലയില്‍ വരുന്ന മാറ്റങ്ങളെ കുറിച്ച് ശില്പശാലകളും അവതരണങ്ങളും ഇവിടെയുണ്ടാകും.

പ്രവേശനം നേടാനും മറ്റുമായി ചാപ്റ്ററുകള്‍ എന്നറിയപ്പെടുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തന്നെ ബ്രാഞ്ചകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിതമായിട്ടുണ്ട്. എറണാകുളം, തിരുവനതപുരം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ ചാപ്‌റ്റേഴ്‌സ് ഉള്ളത്. പഠിക്കാനായി കോച്ചിങ് സ്ഥാപങ്ങളെ ആശ്രയിക്കാം. എന്നാല്‍ ഇവയൊന്നും ഇന്സ്റ്റിറ്റിയൂട്ടിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഉള്ളവയല്ല. നിങ്ങള്‍ ഒരു ട്യൂഷന്‍ ക്ലാസ്സില്‍ പോകുന്നപോലെ മാത്രമേ ഇതിനെ കണക്കാക്കാന്‍ പാടുള്ളു.

പരീക്ഷകള്‍ പാസായാല്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സിയില്‍ എന്നപോലെ ഒരു അംഗീകൃത കമ്പനി സെക്രട്ടറിയുടെ കൂടെ നിന്ന് ‘ഇന്റേണ്‍ഷിപ്പ്’ ചെയ്യേണ്ടതുണ്ട്. എക്‌സിക്യൂട്ടീവ് പ്രോഗ്രാമിന് പഠിക്കുമ്പോള്‍ തന്നെ ഇന്റേണ്‍ഷിപ്പ്’ ട്രെയിനിങ് ചെയ്യുകയാണെങ്കില്‍ കാലാവധി 3 വര്‍ഷമാണ്. പ്രൊഫഷണല്‍ പ്രോഗ്രാമിന് പഠിക്കുമ്പോള്‍ തന്നെ ഇന്റേണ്‍ഷിപ്പ്’ ട്രെയിനിങ് ചെയ്യുകയാണെങ്കില്‍ കാലാവധി 2 വര്‍ഷമാണ്. ഇക്കാലയളവില്‍ 2000 മുതല്‍ 5000 വരെ രൂപ മാത്രമായിരിക്കും പ്രതിഫലമായി ലഭിക്കുക. ക്ലാസ് റൂം പഠനം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കാത്തതിന്റെ വിടവ് ഇങ്ങനെ നികത്തുകയാണ് ലക്ഷ്യം. ഈ കാലയളവില്‍ കമ്പനി സെക്രട്ടറിയുടെ ജോലി പ്രായോഗികതലത്തില്‍ പഠിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

എന്താണ് യോഗ്യത?

ബിരുദമില്ലാത്തവര്‍ക്കും ജോലി ഉള്ളവര്‍ക്കും വീട്ടമ്മമാര്‍ക്കും മറ്റു കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കും കമ്പനി സെക്രട്ടറിയാവാനുള്ള പഠനം നടത്താം. ഉയര്‍ന്ന പ്രായപരിധിയില്ല എന്നതാണ് മറ്റൊരു പ്രയോജനം. പ്ലസ് ടു അഥവാ തുല്യയോഗ്യത ഉള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഫൗണ്ടേഷന്‍ കോഴ്‌സിനു ചേരാം. പ്ലസ്ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്ക് ഹാള്‍ടിക്കറ്റിന്റെ കോപ്പി നല്കി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത് 6 മാസത്തിനകം സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ഹാജരാക്കണം.

ജോലി സാധ്യതകള്‍

ഇന്ന് ഏറ്റവും കൂടുതല്‍ ജോലിസാദ്ധ്യതയുള്ള പ്രൊഫഷണല്‍ കോഴ്‌സ് ഏതാണെന്ന് ചോദിച്ചാല്‍, ഉത്തരം കമ്പനി സെക്രട്ടറി കോഴ്‌സാണെന്നു പറയും. 10 കോടിയിലേറെ മൂലധനമുള്ള എല്ലാ കമ്പനികളിലും ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്തിട്ടുള്ള കമ്പനികളിലും മുഴുവന്‍ സമയ കമ്പനി സെക്രട്ടറി വേണം. കേന്ദ്ര സര്‍ക്കാരിന്റെ ഉയര്‍ന്ന പോസ്റ്റുകളിലേക്കുള്ള നിയമനങ്ങളിലേയ്ക്ക് കമ്പനി സെക്രട്ടറിമാരെ പരിഗണിക്കുന്നുണ്ട്.

ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷന്‍ കമ്പനി സെക്രട്ടറിഷിപ്പ് പാസായ ഉദ്യോഗസ്ഥരെ ഇന്ക്രിമെന്റ് കൂടാതെ ഓഫീസര്‍ കേഡറില്‍ ഉദ്യോഗക്കയറ്റം നല്കി പ്രോത്സാഹിപ്പിക്കുന്നുണ്ട്. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ പോലുള്ള ജുഡീഷ്യല്‍ പോസ്റ്റുകളില്‍ കമ്പനി സെക്രട്ടറിഷിപ്പ് പാസ്സായവര്‍ക്കും അപേക്ഷിക്കാം. യൂണിവേഴ്‌സിറ്റികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കമ്പനി സെക്രട്ടറിഷിപ്പ് പാസായവരെ അദ്ധ്യാപകരായും ഡയറക്ടര്‍മാരായും നിയോഗിക്കാറുണ്ട്. കമ്പനി സെക്രട്ടറി കോഴ്‌സ് പാസായവര്‍ക്ക് ഇന്സ്റ്റിറ്റിയൂട്ടില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് വാങ്ങിയശേഷം സ്വന്തമായി പ്രാക്ടീസ് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. കമ്പനി നിയമം 2013 പാര്‍ലമെന്റ് പാസ്സാക്കിയതോടെ കമ്പനി സെക്രട്ടറിമാരുടെ പ്രാക്ടീസ് രംഗം കൂടുതല് ശക്തമായിരിക്കുകയാണ്.

പുതിയ നിയമപ്രകാരം ഒരു കമ്പനിയുടെ അടച്ചു തീര്‍ത്ത മൂലധനം 50 കോടിയോ വിറ്റുവരവ് 250 കോടിയോ ആണെങ്കില്‍ ഒരു പ്രാക്ടീസിങ്ങ് കമ്പനി സെക്രട്ടറി, സെക്രട്ടേറിയല്‍ ഓഡിറ്റ് നടത്തേണ്ടതാണ്. ഈ ഓഡിറ്റ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ നടത്തുന്ന ഓഡിറ്റ് പോലെ തന്നെ പ്രാധാന്യം ഏറിയതാണ്. അതുപോലെ എല്ലാ പബ്ലിക് കമ്പനികളുടെയും, 50 ലക്ഷം മൂലധനമോ 2 കോടി വിറ്റുവരവോ ഉള്ള പ്രൈവറ്റ് കമ്പനികളുടെയും റിട്ടേണുകളിലും പ്രാക്ടീസിങ് കമ്പനി സെക്രട്ടറിയുടെ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണ്.

അക്കൗണ്ടിങ്ങ് സ്റ്റാന്‍ഡേര്‍ഡ്‌സ് പോലെ തന്നെ സെക്രട്ടേറിയല്‍ സ്റ്റാന്‌ഡേര്‍ഡ് നിലവില്‍ വന്നത് ഈ പ്രൊഫഷണലുകളുടെ ഡിമാന്‍ഡ് കൂട്ടയിട്ടുണ്ട്. ഈ സ്റ്റാന്‍ഡേര്‍ഡുകള്‍ അടുത്തിടെ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്യതു. കൂടാതെ കമ്പനി സെക്രട്ടറിയുടെ നിയമനം നടത്താന്‍ വീഴ്ച വരുത്തുന്ന മറ്റ് തന്ത്രപ്രധാന മാനേജീരിയല്‍ / പേഴ്‌സണല്‍ ഡയറക്ടര്‍മാര്ക്ക് 50,000 രൂപയും വീഴ്ച വരുത്തുന്ന ഓരോ ദിവസത്തിന് 1,000 രൂപയും എന്ന നിരക്കില്‍ കമ്പനി നിയമപ്രകാരം പിഴ ഈടാക്കാം. അതുകൊണ്ട് തന്നെ സ്വകാര്യ -പൊതു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മിക്ക കമ്പനികളും ഇവരുടെ നിയമനത്തില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കുന്നുണ്ട്.

ചുരുക്കത്തില്‍ പറഞ്ഞാല്‍, യോഗ്യത നേടി ജോലി ലഭിച്ച ദിവസം തന്നെ കമ്പനിയുടെ പ്രമുഖ വ്യക്തികളുമായി അടുത്തിടപഴകാനും അവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കാനും സാധിക്കുന്നു. കുറഞ്ഞ ചെലവില്‍ പഠിച്ചു വേഗത്തില്‍ കരിയര്‍ ഗ്രാഫ് ഉയര്‍ത്താന്‍ ഇതിലും നല്ലൊരു പ്രൊഫഷണല്‍ കോഴ്‌സ് ഇല്ല എന്ന് തന്നെ പറയാം. തുടക്കത്തില്‍ 35,000 രൂപ മുതല്‍ കേരളത്തില്‍ ശമ്പളം ലഭിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിന് പുറത്തു തുടക്കത്തില്‍ തന്നെ 80,000 രൂപ മുതല്‍ ലഭിക്കുന്നവരുമുണ്ട്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍ പോലുള്ള കമ്പനികളില്‍ കമ്പനി സെക്രട്ടറിയുടെ വാര്‍ഷിക ശമ്പളം 2.88 കോടി രൂപയാണ്.

കൂടുതല്‍ വിവരങ്ങള്‍

വിശദവിവരങ്ങളും അപേക്ഷാഫോറവും അടങ്ങിയ പ്രോസ്‌പെക്ടസ് ഇന്സ്റ്റിറ്റിയൂട്ടിന്റെ വെബ്‌സൈറ്റില് (www.icsi.edu) നിന്ന് സൗജന്യമായി ലഭിക്കും. കൂടാതെ ചാപ്റ്റര്‍ ഓഫീസുകളുമായി ബന്ധെപ്പടാം. ഫീസ്: ഫൗണ്ടേഷന് കോഴ്‌സിന് 4,500 രൂപയും എക്‌സിക്യൂട്ടീവിന് 9,000 രൂപയും പ്രൊഫഷണല്‍ ഘട്ടത്തില്‍ 12,000 രൂപയുമാണ്.
എസ്.സി. / എസ്.ടി. വിഭാഗക്കാര്‍ക്കും വികലാംഗര്‍ക്കും ഫീസില്‍ 50 ശതമാനം ഇളവുണ്ട്. കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍: തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്. പരീക്ഷ എഴുതുന്നതിന് മൊഡ്യൂളിന് 1,200 രൂപ എന്ന നിരക്കില്‍ പ്രത്യേകം ഫീസ് നല്കണം.

ചാപ്റ്റര്‍ ഓഫീസുകള്‍: തിരുവനന്തപുരം 0471 2541915, കൊച്ചി 0484 2402950, 4050502, തൃശ്ശൂര്‍ 0487 242786, പാലക്കാട് 9496773536, കോഴിക്കോട് 0495 2743702.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!