സ്വയം പൊക്കികളോട് നമുക്ക് പണ്ടേ താല്‍പര്യമില്ല. സ്വന്തം ഗുണഗണങ്ങള്‍ വാഴ്ത്തുന്നത് നല്ല സ്വഭാവമല്ല എന്നാണ് പൊതുധാരണ. അതുകൊണ്ടാണ് നിറകുടം തുളുമ്പില്ല എന്ന പഴഞ്ചൊല്ല് ഇവിടെയുണ്ടായത്. പക്ഷേ, ബിസിനസ്സിന്റെയോ തൊഴില്‍മേഖലയുടെയോ കാര്യത്തില്‍ തിരിച്ചാണ് അവസ്ഥ. അവിടെ നമ്മുടെ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനു മുമ്പേ നമ്മെ സ്വയം വിപണനം ചെയ്താല്‍ മാത്രമേ പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ ഉല്‍പന്നങ്ങള്‍ മറ്റുള്ളവര്‍ വാങ്ങണമെങ്കിലോ നമ്മളെ തന്നെ വലിയ കമ്പനികള്‍ ജോലിക്ക് എടുക്കണമെങ്കിലോ നമ്മെ മറ്റുള്ളവര്‍ അറിയണം. റെസ്യൂമെ പോലും ആ തരത്തില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടതാണ്.

നിങ്ങളെ വളരെ പ്രായോഗികമായും ആകര്‍ഷകമായും അവതരിപ്പിക്കാന്‍ സഹായിക്കുന്ന മൂന്ന് സ്റ്റെപ്പുകള്‍ ഇതാ. ഒന്നാമത്തെ പടിയായി പല വിദഗ്ദ്ധരും പറയുന്നത് നിങ്ങളും നിങ്ങളുടെ ഉല്‍പന്നങ്ങളും ഏറ്റവും മികച്ചതാണെന്ന് സ്വയം നടിക്കുക എന്നാണ്. ആദ്യം കേള്‍ക്കുമ്പോള്‍ നെറ്റി ചുളിഞ്ഞേക്കാം. പക്ഷേ, നിങ്ങള്‍ക്കു വേണ്ടത് വിജയിക്കുക എന്നതാണ്. ഒരാഴ്ചയില്‍ 40 മണിക്കൂറുകളെങ്കിലും നിങ്ങള്‍ ഏറ്റവും മികച്ചതാണെന്ന രീതിയില്‍ ജീവിക്കുക. വെറുതെ പറയുകമാത്രമല്ല, നിങ്ങള്‍ വിഭാവനം ചെയ്ത നിലയിലേക്ക് എത്തിച്ചേരാന്‍ നിരന്തരം ശ്രമിക്കുകയും ചെയ്യുക.

ഏത് വിപണനശൈലിയാണ് നിങ്ങള്‍ക്ക് യോജിക്കുക എന്ന് കണ്ടെത്തുകയാണ് ഇനി വേണ്ടത്. മറ്റൊരാള്‍ വിജയിച്ച ശൈലി ഒരുപക്ഷേ നിങ്ങള്‍ക്ക് യോജിക്കണമെന്നില്ല. നിങ്ങളുടെ ബ്ലോഗ് അധികമാരും വായിച്ചിക്കില്ലെങ്കിലും സാരമില്ല. നേരിട്ടുള്ള മാര്‍ക്കറ്റിങ്ങായിരിക്കും നിങ്ങള്‍ക്ക് ഒരു പക്ഷേ ഗുണം ചെയ്യുക. ഫലം കാണാത്ത ഏത് തന്ത്രവും ഉപേക്ഷിക്കാന്‍ തയ്യാറാകണം. അതിനു മുകളില്‍ തന്നെ പിന്നെയും ശ്രമിക്കുന്നതിനേക്കാള്‍ നല്ലത് മറ്റൊന്ന് എത്രയും പെട്ടന്ന് കണ്ടുപിടിക്കുന്നതാണ്.

മത്‌സര ലോകത്താണ് നാം ജീവിക്കുന്നത്. ഏറ്റവും മുകളിലെത്താന്‍ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യാന്‍ ശ്രമിക്കുന്നവരാണ് ചുറ്റുമുള്ളവര്‍. അവയെല്ലാം ചെയ്യാന്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് സമയമോ പണമോ ഇല്ലായിരിക്കാം. പക്ഷേ അതിനു പകരമായി അതേ ഫലം ലഭിക്കാന്‍ നമ്മുടെ പരിമിതിയില്‍ നിന്ന് കൊണ്ട് എന്ത് ചെയ്യാം എന്ന് അന്വേഷിക്കണം. ഉദാഹരണത്തിന് നിങ്ങളുടെ ഉല്‍പന്നത്തിന് പരസ്യം നല്‍കാന്‍ നിങ്ങള്‍ക്ക് പണമില്ലെങ്കില്‍ പറ്റിയ ഒരു മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവിനെ വെക്കുക. ഏതൊക്കെ ജനങ്ങളിലേക്ക് വിപണനം എത്തണമോ അതിന് സമൂഹമാധ്യമങ്ങള്‍ പോലുള്ള നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുക.

ഇപ്പോഴും സ്വയം പ്രോത്സാഹിപ്പിക്കാന്‍ മടിതോന്നുന്നോ? എങ്കില്‍ ബിസ്സിനസ്സും തൊഴിലും നിങ്ങളുടെ കുട്ടിയായി കരുതുക. അതിനെ വളര്‍ത്തുവാന്‍ നിങ്ങള്‍ എന്തെല്ലാം ചെയ്യുമോ അത് മാത്രമാണ് നിങ്ങള്‍ ചെയ്യുന്നത്. നിങ്ങളുടെ കഴിവുകള്‍ ലോകനന്മയ്ക്കായി ഉപയോഗിക്കുന്നിടത്തോളം കാലം അതിന് മടികാണിക്കേണ്ട.

LEAVE A REPLY

Please enter your comment!
Please enter your name here