Siva Kumar
Management Skills Development Trainer, Dubai

ഏതൊരു ബിസിനസ്സിലും വിജയിക്കുന്നതിനാവശ്യമായ പ്രാഥമിക കാര്യം, നല്ലൊരു സംരംഭം കണ്ടെത്തുക എന്നത് തന്നെയാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ ചോദിക്കുന്ന ചോദ്യവും നല്ലൊരു സംരംഭം നിര്‍ദ്ധേശിക്കാമോ എന്നല്ലാതെ മറ്റൊന്നുമല്ല. മാസികകളിലും, പുസ്തകങ്ങളിലും, ഇന്റര്‍നെറ്റിലും ഒക്കെയായി ധാരാളം സംരംഭ സാധ്യത, ഐഡിയകള്‍ ലഭ്യമാണെങ്കിലും, ഒന്നും തന്നെ അങ്ങോട്ട് നിര്‍ദ്ധേശിക്കുന്ന പതിവില്ല.

കാരണം, നിങ്ങളുടെ സഹോദരനോ, സഹോദരിയോ, വിജയകരമായി നടത്തുന്ന സംരംഭം പോലും നിങ്ങള്‍ക്ക് നല്ല സംരംഭമാവണമെന്നില്ല. അതായത്, അതേ ബിസിനസ്സ് തന്നെ നിങ്ങള്‍ ചെയ്താല്‍, വിജയിക്കില്ല എന്നല്ല, മറിച്ച് വിജയിക്കണമെന്നില്ല എന്നതാണ് വാസ്തവം. എന്തുകൊണ്ടാണ്, ഒരാളുടെ നല്ല സംരംഭം മറ്റൊരാള്‍ക്ക് അങ്ങിനെയല്ലാതാവുന്നത് എന്നറിയണമെങ്കില്‍, ആദ്യമായി സംരംഭം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കണം.

സാധാരണ ഗതിയില്‍, സംരംഭങ്ങളുടെ വളര്‍ച്ച നിരീക്ഷിച്ച് നോക്കിയാല്‍ ശരിക്കും ഒരു മരം നട്ടു വളര്‍ത്തുന്നത് പോലെ തന്നെയാണെന്ന് കാണാം. വിത്ത് മുളച്ച് ഇതള്‍ വന്ന്, ചെടിയായി, മരമായി വളര്‍ന്ന് ഫലം നല്‍കിത്തുടങ്ങുന്നത് വരെ കാര്യമായി വരുമാനം ഉണ്ടാവുകയില്ല എന്ന് മാത്രമല്ല, അങ്ങോട്ട് ശ്രദ്ധയും, പരിചരണവും, പ്രയത്നവും, പണവും ഒക്കെ നല്‍കേണ്ടിയും വരും. ആ ഘട്ടം കടന്ന് കഴിഞ്ഞാല്‍, പിന്നീട് മിനിമം ശ്രദ്ധ മാത്രം നല്‍കിയാല്‍ പോലും, മരത്തില്‍ നിന്നും വരുമാനം തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുകയും ചെയ്യും.

അതുപോലെ തന്നെയാണ് സംരംഭങ്ങളുടെ കാര്യവും. തുടക്കത്തില്‍, ഏറെ ശ്രദ്ധയും, പ്രയത്നവും, സമയം നോക്കാതെയുള്ള അദ്ധ്വാനവും, പണവും മറ്റും ചിലവഴിച്ചാലും ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥ, ഉണ്ടാവാന്‍ തന്നെ സമയമെടുക്കും. പിന്നീട് ലാഭത്തിലാവാനും, മുടക്കുമുതല്‍ തിരിച്ചുപിടിക്കാനും, വീണ്ടും സമയം വേണ്ടി വരാം.

ഈ സമയം വളരെ പ്രധാനമാണെന്ന് മാത്രമല്ല, ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടേറിയതുമാവാം. ചെയ്യുന്ന പ്രവൃത്തി, പ്രതിഫലമില്ലെങ്കില്‍ പോലും ആസ്വദിച്ച് ചെയ്യുക എന്നതാണ് ഇക്കാലയളവില്‍ പിടിച്ച് നില്‍ക്കാനുള്ള പോംവഴി.

അങ്ങിനെ ആത്മാര്‍ത്ഥമായി നമ്മള്‍ അദ്ധ്വാനിക്കണമെങ്കില്‍, അത് നമ്മുടെ പാഷനായിരിക്കണം. അഥവാ നമ്മുടെ പാഷനുമായി ബന്ധപ്പെട്ടതാവണം സംരംഭവും എന്നതാണ് ആദ്യ പാഠം. മണിക്കൂറുകളോളം നിരന്തരമായി പ്രയത്നിക്കാനും, കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും, പഠിച്ചവ പ്രയോഗത്തില്‍ വരുത്താനും, പുതിയവ കണ്ടെത്താനും, പ്രതികൂല സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കുവാനും ഒക്കെ, നമ്മെ സഹായിക്കുന്നത് നമ്മുടെ ഇത്തരം പാഷനായിരിക്കും.

ഓരോരുത്തര്‍ക്കും, ഒന്നോ അതിലധികമോ പാഷന്‍, ചില കാര്യങ്ങളോടുണ്ടായിരിക്കും. അത് നന്നായി ഭക്ഷണം ഉണ്ടാക്കുന്നതോ, വസ്ത്രങ്ങളോ, സാധനങ്ങള്‍ നിര്‍മ്മിക്കുന്നതോ, കേടായവ നന്നാക്കുന്നതോ, ചിത്രം വരക്കുന്നതോ, സംഗീതമോ, സോഫ്റ്റ് വെയറോ, ഗാര്‍ഡനിംഗോ, വായനയോ, എഴുത്തോ തുടങ്ങി ഏത് തന്നെയായാലും അതുമായി ബന്ധിപ്പിച്ച് കൊണ്ട് വേണം ആദ്യത്തെ സംരംഭം തുടങ്ങാന്‍. (ഭാവിയില്‍ സംരംഭം വികസിപ്പിക്കുമ്പോള്‍ ഇക്കാര്യം നിര്‍ബന്ധമില്ല. അക്കാര്യം പിന്നീട് വിശദമാക്കാം.)

അതായത്, തുടങ്ങാനുദ്ദേശിച്ച ബിസിനസ്സ് സംരംഭം, നമ്മുടെ ആഗ്രഹത്തിനും, അഭിനിവേശത്തിനും ചേരുന്നതായാല്‍ ഉത്തമം. ഉദാഹരണമായി ഗാര്‍ഡനിംഗ് ആണ് ഒരാളുടെ പാഷന്‍ എന്നു കരുതുക. അദ്ധേഹത്തിന്, അതുമായ ബന്ധപ്പെട്ട പ്രവൃത്തികളില്‍ മണിക്കൂറുകളോളം മുഴുകാന്‍ യാതൊരു മടിയുമുണ്ടാവില്ല. മാത്രമല്ല, വിവിധ തരം മണ്ണിനെക്കുറിച്ച്, അവയുടെ ഘടനയെക്കുറിച്ച്, നാനാ തരം പുല്ലുകളെക്കുറിച്ച്, പൂച്ചെടികളെക്കുറിച്ച്, അലങ്കാരച്ചെടികളെക്കുറിച്ച്, പുഷ്പങ്ങളെക്കുറിച്ച്, ഉദ്യാനത്തില്‍ വര്‍ണ്ണവിതാനമൊരുക്കാനായി, അവ നടേണ്ട രീതിയെക്കുറിച്ച്, ശലഭങ്ങളെക്കുറിച്ച്, ചെടികളെ ആക്രമിക്കുന്ന കീടങ്ങളെക്കുറിച്ച്, പലതരം ഫൗണ്ടനുകളെക്കുറിച്ച്, ഉപകരണങ്ങളെക്കുറിച്ച് ഒക്കെ തന്നെ അറിവുണ്ടാവുകയും, അവയെക്കുറിച്ച് കൂടുതല്‍ പഠിക്കാനും, പരീക്ഷിക്കാനും, പ്രയോഗത്തില്‍ വരുത്താനും, അത്യുത്സാഹമുണ്ടാവുകയും ചെയ്യും.

ഇങ്ങിനെയുള്ള ഒരാള്‍, ലാന്‍ഡ് സ്‌കേപ്പിംഗ് ഗാര്‍ഡനിംഗ് മേഖലയില്‍ സംരംഭം തുടങ്ങിയാല്‍ വിജയ സാധ്യത വളരെ കൂടുതലായിരിക്കും. ജോലിക്കാര്‍ക്ക് നിര്‍ദ്ധേശങ്ങള്‍ കൊടുത്ത് മാറി നില്‍ക്കുന്ന സാധാരണ സംരംഭകനപ്പുറം, ഓരോ വര്‍ക്കും പൂര്‍ണ്ണതയിലെത്തുന്നത് കണ്ട്, ആഹ്ളാദിക്കാന്‍ വെമ്പുന്ന മനസ്സായിരിക്കും ഇദ്ധേഹത്തിനുണ്ടാവുക.

അതിനായി, പകലെന്നോ രാത്രിയെന്നോ ഒഴിവ് ദിവസമെന്നോ നോക്കാതെ പ്രവര്‍ത്തിക്കാന്‍ അദ്ധേഹത്തിനാവുകയും ചെയ്യും. ഇഷ്ടപ്പെട്ടാണ് അദ്ധേഹം പ്രവര്‍ത്തിക്കുന്നത്, കഷ്ടപ്പെട്ടല്ല എന്നതാണ് കാരണം. ഇവിടെ സാമ്പത്തിക ലാഭം, അദ്ധേഹത്തിന്റെ പ്രവൃത്തിയുടെ ഉപോല്‍പന്നം മാത്രമാണ്. ഭാവിയില്‍, നമുക്ക് വിവിധ സംരംഭങ്ങളിലേര്‍പ്പെടാം. പക്ഷേ ആദ്യ സംരംഭം, പാഷനോ, പാഷനുമായി ബന്ധപ്പെട്ടതോ ആയിരിക്കണം എന്നു മാത്രം. എങ്കില്‍ മാത്രമാണ് വിജയ സാധ്യത കൂടുതലായിരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!