ലോകത്തിലെ ഏറ്റവും പ്രാചീനമായ കലാപഠന മേഖലയാണ് പപ്പട്രി എന്ന പാവകളി. പപ്പെറ്റുകൾ അഥവാ പാവകൾ ഉപയോഗിച്ചുള്ള മാനസികോല്ലാസത്തിനുപരി, വിദ്യാഭ്യാസ മേഖലയിൽ കാര്യക്ഷമമായി വിനിയോഗിക്കാൻ സാധിക്കുന്നതാണ് ഈ കലാരൂപം.
കൈപ്പാവകൾ, നൂൽപ്പാവകൾ, നിഴൽക്കൂത്ത് എന്നിങ്ങനെ പപ്പട്രിയുടെ ശാഖകൾ അനേകമാണ്. പപ്പെറ്റിയർ ആണ് പാവകളുടെ ചലനങ്ങളെ ചരടുകളിലൂടെയും കൈകൊണ്ടുമൊക്കെ നിയന്ത്രിക്കുന്നത്, കാഴ്ചക്കാരന്റെ മനസ്സിനെയും!
മനുഷ്യന്റെയോ മൃഗത്തിന്റെയോ ഐതിഹാസിക കഥാപാത്രങ്ങളുടെയോ രൂപത്തിൽ പാവകൾ ഉണ്ടാക്കാം. പ്രീസ്‌കൂൾ വരെയുള്ള ഒരു കുട്ടിയുടെ സർഗാത്മകവും കാവ്യാത്മകവും ഭാവനാത്മകവുമായ വികസനത്തിനും വൈചാരിക-വൈകാരിക തലങ്ങളുടെ ഉന്നമനത്തിനും വലിയ ഒരു പങ്ക് വഹിക്കുവൻ പപ്പട്രിയ്ക്ക് സാധിക്കും.
മണ്മറഞ്ഞ് പോകുന്നതിന്റെ വക്കിൽ നിന്നും ചരിത്രപരമായ സംഭവങ്ങളും പുരാണേതീഹ്യങ്ങളും വിഷയമാക്കി നാടാകെയുള്ള വിവിധ ഗ്രാമ-നഗര നാടകവേദികളിലും അരങ്ങുകളിലും അവതരിപ്പിച്ച് ഈ കല ബൃഹത്തായ ഒരു ശൃംഖലയാകുന്ന സാഹചര്യത്തിൽ അതിനെ ഒരു പഠനവിഷയമാക്കുന്നത് അനിവാര്യമാണ്. കേവലമൊരു കലയെന്നതിനും ഉപരിയായി പപ്പട്രിയ്ക്ക് ഒരു സാമൂഹിക പ്രാധാന്യവും സമകാലിക പ്രസക്തിയുമുണ്ട്.
ഒരു ജനതയുടെ ചരിത്രത്തിന്റെയും സ്വത്വത്തിന്റെയും ആഖ്യാനവും ആധാരവുമായ പാവക്കളി 2016ൽ മുംബൈ യൂണിവേഴ്‌സിറ്റിയിലാണ് ആദ്യമായി ഒരു പഠനവിഷയമാക്കിയത്. പപ്പട്രിയിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇപ്പോൾ മുംബൈ യൂണിവേഴ്‌സിറ്റിയിൽ പ്രശസ്ത തിയറ്റർ വ്യക്തിത്വവും പപ്പറ്റിയറുമായ മീന നായിക്കിന്റെ കീഴിൽ നടത്തുന്നു.
വൈകാതെ പ്രവർത്തനം ആരംഭിക്കുന്ന കൽക്കട്ട പപ്പറ്റ് തിയേറ്ററിന്റെ പപ്പറ്റ് അക്കാദമിയും പപ്പട്രിയുടെ താത്വികവും പ്രാവർത്തികവുമായ ഘടകങ്ങളെ ആസ്പദമാക്കി കോഴ്സുകൾ ലഭ്യമാക്കും.