വി.എസ്.ശ്യാംലാല്‍

വിദേശത്തു പഠിക്കാന്‍ പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട സ്ഥാനമായി ഓസ്‌ട്രേലിയ മാറിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം 70,000ലേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഓസ്‌ട്രേലിയയിലേക്കു തിരിച്ചു എന്നാണ് ഡല്‍ഹിയിലെ ഓസ്‌ട്രേലിയന്‍ ഹൈക്കമീഷന്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്ക്. 2018ല്‍ ഈ സംഖ്യ കൂടാനാണ് സാദ്ധ്യതയെന്ന് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ തള്ളിക്കയറ്റം കൊണ്ടാണോ എന്നറിയില്ല, ഈ മാസം കൊച്ചിയില്‍ നടക്കുന്നത് 2 ഓസ്‌ട്രേലിയന്‍ പഠന മേളകളാണ്, ഓഗസ്റ്റ് 8നും 30നും. എന്തുകൊണ്ട് ഓസ്‌ട്രേലിയ എന്ന സംശയം സ്വാഭാവികമായും ഉയരാം. ലോകത്തു തന്നെ മികച്ച റാങ്കിങ് ഉള്ള സര്‍വ്വകലാശാലകള്‍, ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട കോഴ്‌സുകള്‍, തിരഞ്ഞെടുക്കാന്‍ വൈവിധ്യമാര്‍ന്ന പാഠ്യവിഷയങ്ങള്‍, ലോകത്തെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്ന് എന്നിവയൊക്കെ ഓസ്‌ട്രേലിയയുടെ ആകര്‍ഷണങ്ങളാണ്. ഓസ്‌ട്രേലിയയിലെ 39 സര്‍വ്വകലാശാലകളില്‍ 8 എണ്ണമാണ് ലോകത്തെ മികച്ച 150 സര്‍വ്വകലാശാലകളുടെ ടൈംസ് പട്ടികയില്‍ ഇടംപിടിച്ചത്.

ചൈന കഴിഞ്ഞാല്‍ ഓസ്‌ട്രേലിയയിലേക്ക് ഏറ്റവുമധികം വിദ്യാര്‍ത്ഥികളെ അയയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ കൂടുതലായി പോകുന്നത് ന്യൂ സൗത്ത് വെയില്‍സ്, ഡീകിന്‍, കാന്‍ബറ, ക്യൂന്‍സ്‌ലാന്‍ഡ് എന്നീ സര്‍വ്വകലാശാലകളിലേക്കാണ്. ബിസിനസ് മാനേജ്‌മെന്റ്, അക്കൗണ്ടിങ്, മെഡിസിന്‍, ഐ.ടി., ഹോട്ടല്‍ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളോടാണ് കൂടുതല്‍ താല്പര്യം. അന്താരാഷ്ട്ര പരിചയം ലഭിക്കുന്നു, ഒരാളുടെ റെസ്യൂമെയുടെ വില വര്‍ദ്ധിപ്പിക്കുന്നു എന്നിവയൊക്കെയാണ് ഓസ്‌ട്രേലിയയിലെ പഠനം കൊണ്ടുണ്ടാകുന്ന പ്രധാന നേട്ടം. വിദേശ വിദ്യാര്‍ത്ഥികള്‍ വരുന്നത് നല്ല വരുമാനമാര്‍ഗ്ഗമാണ് എന്നതിനാല്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. അതിനാല്‍ത്തന്നെ ഇത്തരം ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ ആ ഉത്തരവാദിത്വബോധം കാണാം.

ഓസ്‌ട്രേലിയയിലെ പഠനം വളരെ ചെലവേറിയ ഏര്‍പ്പാടാണ്. ട്യൂഷന്‍ ഫീസിന്റെ കാര്യത്തില്‍ തന്നെ ഓസ്‌ട്രേലിയ ഏറ്റവും ചെലവേറിയ വിദ്യാഭ്യാസ സംവിധാനമാണ്. ഓസ്‌ട്രേലിയയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു വര്‍ഷത്തേക്ക് ഈടാക്കുന്ന ശരാശരി ട്യൂഷന്‍ ഫീസ് 7,900 ഓസ്‌ട്രേലിയന്‍ ഡോളറാണ് -4,00,500 രൂപ. പൊതുവെ പറഞ്ഞാല്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് 5,000 ഓസ്‌ട്രേലിയന്‍ ഡോളര്‍, ബിരുദ കോഴ്‌സുകള്‍ക്ക് 10,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ എന്നിങ്ങനെയാണ് വാര്‍ഷിക ട്യൂഷന്‍ ഫീസ്. ബിരുദാനന്തര ബിരുദവും ഗവേഷണവും ആണെങ്കില്‍ ട്യൂഷന്‍ ഫീസ് വര്‍ഷത്തില്‍ 20,000 മുതല്‍ 37,000 വരെ ഓസ്‌ട്രേലിയന്‍ ഡോളറാകും. ഇതൊരു ഏകദേശ രൂപം മാത്രമാണ്. ഓരോ കോഴ്‌സിനും ട്യൂഷന്‍ ഫീസ് ഓരോ രൂപത്തിലായിരിക്കും.

ട്യൂഷന്‍ ഫീസ് മാത്രം മതിയാവില്ലല്ലോ ഓസ്‌ട്രേലിയയില്‍ ജീവിക്കാന്‍. ഭക്ഷണം, ഫോണ്‍, യാത്രാച്ചെലവുകള്‍, വിനോദം എന്നിവയ്ക്കും പണം കണ്ടെത്തണം. വലിയ നഗരങ്ങളില്‍ വലിയ ചെലവ് -ആഴ്ചയില്‍ 350 മുതല്‍ 900 വരെ ഓസ്‌ട്രേലിയന്‍ ഡോളര്‍ വരാം. താമസച്ചെലവുകള്‍ ഏതു തരം സൗകര്യമാണ് തിരഞ്ഞെടുക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. അതിഥി മന്ദിരങ്ങള്‍, ഹോസ്റ്റലുകള്‍, ഓണ്‍ ക്യാമ്പസ്, ഹോം സ്‌റ്റേ, വാടക വീട്, വാടക പങ്കിടുന്ന വീട്, ബോര്‍ഡിങ് സ്‌കൂള്‍ എന്നിങ്ങനെ പല തരം താമസ സൗകര്യങ്ങളുണ്ട്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ മാത്രമേ ചെലവ് എത്രമാത്രം വലുതാണെന്നു ബോദ്ധ്യപ്പെടുകയുള്ളൂ.

തൊഴിലധിഷ്ഠിത കോഴ്സ് -2,54,000 രൂപ വാര്‍ഷിക ട്യൂഷന്‍ ഫീസ്.
*
ബാച്ചിലര്‍ ബിരുദം -5,08,000 രൂപ വാര്‍ഷിക ട്യൂഷന്‍ ഫീസ്.
*
ബിരുദാനന്തര / ഗവേഷക ബിരുദം -10,16,000 മുതല്‍ 18,79,000 വരെ രൂപ വാര്‍ഷിക ട്യൂഷന്‍ ഫീസ്.
*
ജീവിതച്ചെലവ് -18,000 മുതല്‍ 46,000 വരെ രൂപ ഒരാഴ്ചത്തേക്ക്.

ഓസ്‌ട്രേലിയയിലെ ട്യൂഷന്‍ ഫീസ് നല്‍കാനും ജീവിതച്ചെലവുകള്‍ നേരിടാനും ആവശ്യത്തിനു പണം കൈയിലുണ്ടെന്നു ബോദ്ധ്യപ്പെട്ടാല്‍ മാത്രമേ ആ രാജ്യത്തെ കുടിയേറ്റ -അതിര്‍ത്തി സംരക്ഷണ വകുപ്പ് ഒരു വിദ്യാര്‍ത്ഥിക്ക് പ്രവേശനാനുമതി നല്‍കുകയുള്ളൂ. ചെലവിനുള്ള തുക കണ്ടെത്താനുള്ള വരുമാനമാര്‍ഗ്ഗത്തിന്റെ വിശദാംശങ്ങള്‍ വിസയുടെ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചേ മതിയാകൂ. ഓസ്‌ട്രേലിയയിലെ ശരാശരി വാര്‍ഷിക വരുമാനം 60,000 മുതല്‍ 70,000 വരെ ഓസ്‌ട്രേലിയന്‍ ഡോളറാണ് -30,50,000 മുതല്‍ 35,55,000 വരെ രൂപ. എന്നാല്‍, ഒറ്റയ്ക്കു പോകുന്ന വിദ്യാര്‍ത്ഥിക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വാര്‍ഷിക ചെലവ് 19,830 ഓസ്‌ട്രേലിയന്‍ ഡോളറാണ് -10,07,000 രൂപ.

ഓസ്‌ട്രേലിയയില്‍ എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ വലിയൊരു വിഭാഗമായ ഇന്ത്യക്കാര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. 25 വയസ്സിലേറെ പ്രായമുള്ള വ്യക്തിയാണ് ഓസ്‌ട്രേലിയയില്‍ താമസിച്ചു പഠിക്കാന്‍ താല്പര്യപ്പെടുന്നതെങ്കില്‍ Austudy എന്ന പദ്ധതിപ്രകാരം സര്‍ക്കാരില്‍ നിന്നു സഹായം ലഭിക്കും. അവിവാഹിതനോ കുട്ടികളില്ലാത്ത ദമ്പതിമാരോ ആണെങ്കില്‍ ഓരോ രണ്ടാഴ്ച കൂടുമ്പോഴും പരമാവധി 433.20 ഓസ്‌ട്രേലിയന്‍ ഡോളര്‍ -22,000 രൂപ വരെ ലഭിക്കാം. കുട്ടികളുള്ള ദമ്പതിമാര്‍ക്ക് രണ്ടാഴ്ചത്തേക്കു ലഭിക്കുന്ന പരമാവധി സഹായം 475.70 ഓസ്‌ട്രേലിയന്‍ ഡോളറാണ് -24,000 രൂപ. ഒറ്റയ്ക്കു ജീവിക്കുന്ന വ്യക്തിക്ക് കുട്ടികളുടെ ഉത്തരവാദിത്വവുമുണ്ടെങ്കില്‍ സഹായം 567.60 ഓസ്‌ട്രേലിയന്‍ ഡോളറാകും -29,000 രൂപ. പക്ഷേ, പുതിയതായി ഓസ്‌ട്രേലിയയില്‍ എത്തുന്നയാള്‍ക്ക് ഈ സഹായം ലഭിക്കാന്‍ 104 ആഴ്ച -2 വര്‍ഷം കാത്തരിക്കേണ്ടി വരും.

സ്റ്റുഡന്റ് വിസയുള്ള വ്യക്തിക്ക് പാര്‍ട്ട് ടൈം ജോലി ചെയ്ത് മണിക്കൂറില്‍ 25 മുതല്‍ 30 വരെ ഓസ്‌ട്രേലിയന്‍ ഡോളര്‍ -1,200 മുതല്‍ 1,500 വരെ രൂപ സമ്പാദിക്കാനാവും. അവധിക്കാലത്ത് സ്ഥിരം ജോലി ചെയ്ത് കൂടുതല്‍ വരുമാനമുണ്ടാക്കാം. ജീവിതച്ചെലവുകള്‍ നേരിടാന്‍ ഇത്തരം ജോലികള്‍ വലിയൊരളവു വരെ സഹായിക്കും. പഠനകാലത്ത് ഒരാഴ്ച 20 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. ഓസ്‌ടേലിയയില്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള കുറഞ്ഞ വേതനം മണിക്കൂറിന് 17.70 ഡോളറാണ് -900 രൂപ. വ്യക്തമായ ധാരണയില്ലാതെ ചില വിദ്യാര്‍ത്ഥികള്‍ ഇതിലും വളരെ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാറുണ്ട്. അത് ചൂഷണമാണ്. ഓരോ വ്യക്തിക്കും ഓസ്‌ട്രേലിയ അനുവദിച്ചിട്ടുള്ള അവകാശം വ്യക്തമായി മനസ്സിലാക്കിയിരിക്കേണ്ടതിന്റെ ആവശ്യകത പ്രകടമാക്കുന്ന ഉദാഹരണമാണിത്.

ഓസ്‌ട്രേലയയില്‍ പഠിക്കുമ്പോള്‍ ഏറ്റവും പ്രാധാന്യം സ്വന്തം സുരക്ഷ ഉറപ്പാക്കുക എന്നതു തന്നെയാണ്. സമീപകാലത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുള്ള വംശീയ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിനെതിരെ ഓസ്‌ട്രേലിയയിലും ഇന്ത്യയിലും വ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറുകയും ചെയ്തു. സമൂഹവിരുദ്ധര്‍ കൂടുതലായുള്ള, കുറ്റകൃത്യങ്ങള്‍ നടമാടുന്ന മേഖല നേരത്തേ തന്നെ കൃത്യമായി മനസ്സിലാക്കി അവിടെ എത്തിപ്പെടാതിരിക്കാന്‍ കഴിവിന്റെ പരമാവധി ശ്രദ്ധിക്കുക എന്നതു മാത്രമാണ് അക്രമങ്ങള്‍ക്ക് ഇരയാകുന്നത് പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗം. ഒറ്റയ്ക്കു സഞ്ചരിക്കാതിരിക്കുക, രാത്രി വൈകിയുള്ള സഞ്ചാരം ഒഴിവാക്കുക എന്നിവയും പ്രധാനമാണ്.

ലോകത്ത് മറ്റെവിടെയും എന്ന പോലെ തട്ടിപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓസ്‌ട്രേലിയയിലും ഉണ്ട്. വളരെ ഉയര്‍ന്ന ഫീസ് ഈടാക്കിയ ശേഷം ഒട്ടും ഗുണമേന്മയില്ലാത്ത വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന സ്ഥാപനങ്ങള്‍. ഇത്തരം തട്ടിപ്പ് സ്ഥാപനങ്ങള്‍ ഒഴിവാക്കാനും ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങള്‍ മാത്രം പഠനത്തിനായി തിരഞ്ഞെടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഇക്കാര്യത്തില്‍ വളരെയേറെ സഹായിക്കാനാവും.

ഓസ്‌ട്രേലിയന്‍ സര്‍വ്വകലാശാലകളില്‍ നിന്നു ബിരുദം നേടുന്ന വിദ്യാര്‍ത്ഥികള്‍ സാധാരണനിലയില്‍ പ്രതിവര്‍ഷം 52,000 മുതല്‍ 55,000 വരെ ഓസ്‌ട്രേലിയന്‍ ഡോളര്‍ -26,00,000 മുതല്‍ 27,70,000 വരെ രൂപ വാര്‍ഷിക വരുമാനമുള്ള ജോലി നേടാറുണ്ടെന്നാണ് അവിടത്തെ സര്‍ക്കാരിന്റെ കണക്ക്. ഇപ്പോഴത്തെ കാലത്ത് അത് 70,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ -35,00,000 രൂപ വരെ പോയാലും അത്ഭുതപ്പെടാനില്ല. ഓരോ വിദ്യാര്‍ത്ഥിയും സ്വായത്തമാക്കുന്ന വൈദഗ്ദ്ധ്യവും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവീണ്യവുമാണ് ജോലിയുടെ മേന്മയുടെ കാര്യത്തില്‍ നിര്‍ണ്ണായകമാവുക.

ഓസ്‌ട്രേലിയയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ പഠനാന്തര തൊഴില്‍ വിസ ലഭ്യമാക്കുന്നുണ്ട്. സര്‍വ്വകലാശാലയില്‍ നിന്നു ബിരുദം നേടിയ ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിശീലനം നേടാന്‍ ഇതു സഹായിക്കും. 18 മാസം മുതല്‍ 4 വര്‍ഷം വരെയാണ് ഇത്തരത്തില്‍ പഠനാനന്തര വിസ ലഭിക്കുക. ഈ കാലയളവിനുള്ളില്‍ വേണമെങ്കില്‍ ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസത്തിനുള്ള അപേക്ഷയും സമര്‍പ്പിക്കാം.

ഓസ്‌ട്രേലിയ മനോഹരമായ രാജ്യമാണ്. എങ്കിലും നാടു പോലെയാവില്ല എന്നുറപ്പ്. ഗൃഹാതുരത്വം ചിലരെയെങ്കിലും വേട്ടയാടും. ഇടവേളകളില്‍ ഓസ്‌ട്രേലിയയിലെ പ്രശസ്തമായ കടലോരങ്ങളിലേക്ക് യാത്ര പോകാം. ഓസ്‌ട്രേലിയയില്‍ ശക്തമായൊരു ഏഷ്യന്‍ സമൂഹ സാന്നിദ്ധ്യമുണ്ട്. ഇത്തരം വിനോദ കേന്ദ്രങ്ങളില്‍ നാട്ടുകാരെ കണ്ടുമുട്ടാനും മാതൃഭാഷ സംസാരിക്കാനും അവസരം ലഭിച്ചേക്കാം. വീട്ടില്‍ നിന്നു മാറി നില്‍ക്കുന്നതിന്റെ സങ്കടം ഒരു പരിധി വരെ -ഒരു പരിധി വരെ മാത്രം അങ്ങനെ പരിഹരിക്കാം.

പഠിക്കാന്‍ ഓസ്‌ട്രേലിയ വിളിക്കുന്നു. അങ്ങോട്ടു പോകാം. പക്ഷേ, വ്യക്തമായ തയ്യാറെടുപ്പുകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും ശേഷം മാത്രം. ഇതൊരു വെല്ലുവിളിയാണ്. അതിജീവിച്ചാല്‍ ജീവിതവിജയം സമ്മാനിക്കുന്ന വെല്ലുവിളി.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!