ഇന്ത്യയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന മാനേജ്‌മെന്റ് പ്രവേശനപരീക്ഷയാണ് കാറ്റ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യന്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പ്രവേശനത്തിനുള്ള ഏകീകൃത പ്രവേശന പരീക്ഷ. ഐ.ഐ.എമ്മുകളില്‍ പ്രവേശിപ്പിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ ചുരുക്കപ്പട്ടികയാണ് സാധാരണ നിലയില്‍ ഈ പരീക്ഷയിലൂടെ തയ്യാറാക്കുന്നതെങ്കിലും മറ്റ് ഒട്ടേറെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് കാറ്റ് സ്‌കോര്‍ ആധാരമാക്കാറുണ്ട്. അതിനാല്‍ത്തന്നെ ഈ പരീക്ഷയ്ക്ക് പ്രാധാന്യമേറെ.
കാറ്റ് 2018ന് രജിസ്‌ട്രേഷന്‍ തുടങ്ങി. https://iimcat.ac.in/ എന്ന വെബ്‌സൈറ്റിലാണ് രജിസ്‌ട്രേഷന്‍ സാദ്ധ്യമാവുക. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാത്രമേയുള്ളൂ. സെപ്റ്റംബര്‍ 19 ആണ് രജിസ്‌ട്രേഷനുള്ള അവസാന തീയതി. പരീക്ഷ നിശ്ചയിച്ചിരിക്കുന്നത് നവംബര്‍ 25നാണ്. ഇതിന്റെ ഹാള്‍ ടിക്കറ്റ് ഒക്ടോബര്‍ 24 മുതല്‍ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
പൊതുവിഭാഗത്തില്‍ പെട്ടവര്‍ കാറ്റ് രജിസ്‌ട്രേഷന് 1900 രൂപ ഫീസ് നല്‍കണം. പട്ടികജാതിക്കാര്‍, പട്ടികവര്‍ഗ്ഗക്കാര്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് 950 രൂപയാണ് ഫീസ്. ഓരോ വിദ്യാര്‍ത്ഥിക്കും പരീക്ഷാ കേന്ദ്രമായി നിശ്ചിത പട്ടികയില്‍ നിന്ന് 4 നഗരങ്ങള്‍ തിരഞ്ഞെടുക്കാം. ഇതില്‍ ഏതെങ്കിലുമൊരു നഗരമായിരിക്കും ലഭ്യതയനുസരിച്ച് പരീക്ഷാകേന്ദ്രമായി അനുവദിക്കുക. അപൂര്‍വ്വമായി മാത്രം ഈ 4 നഗരങ്ങളില്‍ ഒന്നും ലഭിക്കാത്ത അവസരമുണ്ടാവും. അങ്ങനെ വരുമ്പോള്‍ പരമാവധി അടുത്തുള്ള മറ്റൊരു നഗരം അനുവദിക്കും.
ഇന്ന് നിലവിലുള്ള ഏറ്റവും കടുപ്പമേറിയ പരീക്ഷകളിലൊന്നാണ് കാറ്റ്. കാറ്റിന്റെ സിലബസ് ദുഷ്‌കരമല്ലെങ്കിലും ഓര്‍മ്മശക്തി, അവലോകനശേഷി, പ്രായോഗികക്ഷമത എന്നിവ അളക്കാനുള്ള വിവിധ പരീക്ഷണങ്ങള്‍ ഈ പരീക്ഷയെ ശരിക്കുമൊരു പരീക്ഷണമാക്കുന്നു. നേരത്തേ കാറ്റ് പരീക്ഷയില്‍ കൂടുതലായി വിജയിച്ചിരുന്നത് എന്‍ജിനീയറിങ് കഴിഞ്ഞു വരുന്ന വിദ്യാര്‍ത്ഥികളായിരുന്നു. എന്നാല്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടെ സ്ഥിതിയില്‍ കാര്യമായ മറ്റം വന്നിട്ടുണ്ട്.