നമ്മൾ ഇന്റർനെറ്റ് കാലത്തിൽ ജനിച്ചവരാണ്. ഇന്റർനെറ്റിന്റെ മടിത്തട്ടിൽ കിടന്നുറങ്ങുന്ന തലമുറകളുടെ അംഗങ്ങളാണ്. മാർക്കറ്റിങ്ങിനും അഡ്വർടൈസിങ്ങിനും ഇന്ന് വളരെ മൂല്യമുണ്ട്. ഒരു കമ്പനിയുടെ മികവോ, അല്ലെങ്കിൽ ഒരു വസ്തുവിന്റെ വിലയോ കാര്യക്ഷമതയോ ഒക്കെ കാഴ്ചക്കാരൻ വിലയിരുത്തുന്നത് ക്ഷണനേരം കൊണ്ടാണ്. ഒരു വസ്തു വാങ്ങണമെങ്കിൽ തന്നെ, ലോകമെമ്പാടും നിന്നുള്ള ഓപ്ഷനുകളുടെ ഒരു നീണ്ട നിര തന്നെ ഇന്റർനെറ്റ് സമ്മാനിക്കുമ്പോൾ, ഓരോന്നും ഉപയോഗിച്ച് വിലയിരുത്തുക അസാധ്യമാണ്. ആയതിനാൽ തന്നെ അതിന്റെ ബ്രാൻഡിങ് – പേരിലും ലോഗോയിലും തുടങ്ങി അങ്ങേയറ്റം വരെ – എന്നതിന് വളരെയധികം പ്രാധാന്യം ഉണ്ട്. ആയതിനാൽ തന്നെ ഗ്രാഫിക് ഡിസൈനർമാർക്കും.
ഓൺലൈൻ ആയിട്ടാകട്ടെ, പൊതുറോഡുകളിലാകട്ടെ, പത്രങ്ങളിലോ ടിവിയിലോ ആകട്ടെ, പരസ്യ ബോർഡുകളിൽ തുടങ്ങി പോസ്റ്ററുകൾ, ലോഗോകൾ, ബാനറുകൾ, അങ്ങനെ എല്ലാം ഡിസൈൻ ചെയ്യുന്നത് ഗ്രാഫിക് ഡിസൈനർമാരാണ്. അഡോബിയുടെ ഇല്ലസ്ട്രേറ്റർ, ഫോട്ടോഷോപ്പ്, ഇൻഡിസൈൻ, എന്നീ സോഫ്ട്വെയറുകളാണ് ഇതിനായി പൊതുവായി ഉപയോഗിക്കുന്നത്. കുറച്ചു മാസങ്ങളുടെ സ്വയം പരിശീലനം കൊണ്ട് പഠിക്കാവുന്നതാണ് ഈ സോഫ്ട്വെയറുകളും, അതിന്റെ ടെക്നിക്കുകളും. എന്നാൽ ഒരു അംഗീകൃത സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ് ഉണ്ടാകുന്നത് നിയമനം ലഭിക്കാൻ എളുപ്പമാകും.
ഒത്തിരി വാക്കുകളിൽ മാത്രം പറയുവാൻ സാധിക്കുന്ന വിഷയങ്ങൾ പോലും ഗ്രാഫിക്സിന്റെ സഹായത്തോടെ കുറച്ച് വാക്കുകളിലോ, വാക്കുകൾ ഉപയോഗിക്കാതെയോ പോലും എളുപ്പത്തിൽ പറയുവാൻ സാധിക്കും. ബ്ലോഗുകൾ, പുതിയ സ്റ്റാർട്ട്-അപ്പുകൾ, സിനിമകൾ, മീഡിയ എന്നിങ്ങനെ എല്ലാ മേഖലകളിലും ഗ്രാഫിക് ഡിസൈനർ വഹിക്കുന്ന പങ്ക് വലുതാണ്. ആയതിനാൽ തന്നെ ഈ ജോലിക്ക് ഇന്ന് ഡിമാൻഡ് വർധിച്ചു വരുന്നു.
ഡിപ്ലോമ ഇൻ ഗ്രാഫിക് ഡിസൈൻ റിച്ച് മീഡിയ, ഡിപ്ലോമ ഇൻ ഗ്രാഫിക് ഡിസൈനിങ് എന്നിവയാണ് തിരഞ്ഞെടുക്കേണ്ട കോഴ്‌സുകൾ. അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, മുംബൈയിലെ ഇൻഡസ്ട്രിയൽ ഡിസൈൻ സെന്റർ, ഡൽഹിയിലെ ഇൻസ്ട്രുമെന്റ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് സെന്റർ, ഗുവാഹാട്ടിയിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിസൈൻ എന്നിവയാണ് രാജ്യത്തെ പ്രമുഖ ഗ്രാഫിക് ഡിസൈൻ കോഴ്‌സുൾ ലഭ്യമാക്കിയിട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ടുകൾ.
പാലക്കാട് അരീന അനിമേഷനും കണ്ണൂർ റിലയൻസ് എജ്യുക്കേഷനും സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ലഭ്യമാക്കിയിട്ടുണ്ട്. കൊച്ചിയിലെ സേക്രഡ് ഹാർഡ് കോളേജ് ഇതിൽ ബി.എ. കോഴ്‌സ് നൽകുന്നുണ്ട്. കൊച്ചിയിലെ ഡോൺ ബോസ്കോ ഇൻസ്റ്റിറ്റ്യൂട്ടും സീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ആർട്ടും ഡിപ്ലോമ കോഴ്‌സുകൾ ലഭ്യമാക്കിയിട്ടുണ്ട്.
ഗ്രാഫിക്സിന്റെ ലോകത്തേക്ക് കാലെടുത്തു വെയ്ക്കുവാൻ ഒരു പ്രധാനം കാരണം കൂടി – പലപ്പോഴും വർക് ഫ്രം ഹോം, അതായത്, വീട്ടിൽ നിന്നുകൊണ്ട് ജോലി ചെയ്യുവാനുള്ള സാധ്യതകൾ ഉണ്ട്.