ഹോട്ടലുകൾ ഭക്ഷണത്തിന്റെ ഗുണനിലവാരം പുലർത്താത്ത സാഹചര്യത്തിൽ പൂട്ടി എന്ന വാർത്ത ഇന്ന് സാധാരണമാണ്. വല്ല ഫുഡ് ഇൻസ്‌പെക്ടറും ആയാൽ മതിയായിരുന്നു എന്ന് ആഗ്രഹിക്കാത്ത യുവത്വവും കുറവാണ്. ഭക്ഷണ പദാർത്ഥങ്ങളുടെ ജൈവ-അജൈവ ഘടകങ്ങളുടെ പരസ്പരപ്രവർത്തനവും രാസവസ്തുക്കളുടെ ഉപയോഗവും വിശദീകരിക്കുന്ന ശാസ്ത്ര ശാഖയാണ് ഫുഡ് കെമിസ്ട്രി അഥവാ ഭക്ഷ്യ രസതന്ത്രം.
മനുഷ്യ ജീവിതത്തിലെ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നാണ് ഭക്ഷണം എന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ ഇഷ്ടമുള്ള ഭക്ഷണം ലഭിക്കാതെ വരുമ്പോൾ ഒരു വ്യക്തിയുടെ സ്വഭാവ-വ്യവഹാരങ്ങളിൽ വരെ മാറ്റങ്ങളുണ്ടാകും എന്നത് ഒരു വസ്തുതയാണ്. ബയോ-കെമിസ്‌ട്രിയുമായി ചേർന്നു കിടക്കുന്ന ഒരു ശാഖയാണ് ഫുഡ് കെമിസ്ട്രി. മാംസം, പാൽ എന്നിങ്ങനെയുള്ള ജൈവ ഘടകങ്ങളും കാർബോഹൈഡ്രേറ്റ്‌സ്, ലിപിഡ്സ്, പ്രോട്ടീൻ, വെള്ളം, മിനറൽ, വിറ്റാമിൻ, എൻസൈം, ഫ്ലേവറുകൾ, ഫുഡ് കളറുകൾ എന്നിങ്ങനെയുള്ള മറ്റു ഘടകങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടും. ഫുഡ് പ്രോസസിങ്ങ് നടക്കുമ്പോൾ, പദാർത്ഥങ്ങളിൽ ഉണ്ടാകുന്ന മാറ്റം മനസ്സിലാക്കി അങ്ങനെ ഉള്ള മാറ്റങ്ങളെ ആവശ്യമുള്ളപ്പോൾ വേഗം കൂട്ടുക, അഭികാമ്യമല്ലാത്ത രാസമാറ്റങ്ങളെ തടയുക എന്നതൊക്കെ ഒരു ഫുഡ് കെമിസ്റ്റിന്റെ ജോലിയുടെ ഭാഗമാണ്.
ഭക്ഷണശാസ്ത്രത്തിൽ താത്പര്യവും അറിവുമുള്ളവർക്ക് വളരെ അനുയോജ്യമായ ഒരു കരിയറാണ് ഒരു ഫുഡ് കെമിസ്റ്റ് ആകുകയെന്നത്. ഭക്ഷണപദാർത്ഥങ്ങളുടെ ഗുണനിലവാരം വിലയിരുത്തുക എന്നതാണ് പ്രധാനമായും ജോലി. പിന്നീട് പാചകം തുടങ്ങിയ അനുബന്ധിത മേഖലകളിലേക്ക് തിരിയുകയുമാകാം.
ഫുഡ് കെമിസ്ട്രിയിൽ ബിരുദം, ബിരുദാനന്തര ബിരുദം, ബയോ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം, എന്നിവയാണ് പല ജോലിയൊഴിവുകളുടെയും യോഗ്യതയായി പറയുന്നത്. തമിഴ്നാട് വെല്ലോറിലെ ദണപാക്കിയം കൃഷ്ണസാമി മുതലിയാർ കോളേജ് ഫോർ വിമൻ, ചെന്നൈ ലോയോള കോളേജ്, കേരളത്തിൽ തിരുവല്ല മാർ അതനേഷ്യസ് കോളേജ് ഫോർ അഡ്വാൻസ് സ്റ്റഡീസ് എന്നിവയാണ് ഈ കോഴ്‌സ് ലഭ്യമാക്കിയ ഏറ്റവും പ്രമുഖമായ കോളേജുകൾ.