പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളുടെ മാനേജ്മെന്റ് വശവും നിയമപരമായ മേഖലകളും ഒരുപോലെ കൈകാര്യം ചെയ്യുന്ന സുപ്രധാന ഭാഗമാണ് കമ്പനി സെക്രട്ടറി. കോർപ്പറേറ്റ് സെക്രട്ടറി എന്നും ഇവർ അറിയപ്പെടുന്നു. സാമ്പത്തികം, നയപരമായ പ്രവർത്തികൾ കമ്പനിയുടെ നടത്തിപ്പ്, ഡയറക്ടർ ബോർഡ് അംഗങ്ങളുമായും ഓഹരി ഉടമകളുമായിയുള്ള ആശയ വിനിമയം എന്നിവ ഉറപ്പ് വരുത്തുന്നത് കമ്പനി സെക്രട്ടറിയുടെ ചുമതലയാണ്. നിയമ വിദഗ്ധരായ കമ്പനി സെക്രട്ടറിമാർ കമ്പനിയുടെ സ്വത്ത് ശേഖരണ വിവരങ്ങളിലും ആധുനിക കോർപറേറ്റ് മേഖലകളിലും കമ്പനി ആക്ട് പ്രകാരം സ്ഥാപനത്തിന്റെ ക്ഷേമത്തിനും ഉന്നമനത്തിനായി പ്രവർത്തിക്കുന്നു.
ഭാഷയിലെ പരിജ്ഞാനം, സ്ഥാപനത്തോടുള്ള പ്രതിബദ്ധത, ബുദ്ധിമുട്ടേറിയ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും തിരിച്ചറിഞ്ഞ് ദൂരീകരിക്കാനുള്ള കഴിവ് എന്നിവ കമ്പനി സെക്രട്ടറിക്ക് ഉണ്ടാകണം. പ്ലസ് ടുവിന് കുറഞ്ഞത് 50 ശതമാനം മാർക്കോ അല്ലെങ്കിൽ തത്തുല്യമായ കോഴ്‌സോ ആണ് കമ്പനി സെക്രട്ടറി കോഴ്സ് പഠിക്കാനുള്ള അടിസ്ഥാന യോഗ്യത. പ്ലസ് ടു കഴിഞ്ഞ് കമ്പനി സെക്രട്ടറി കോഴ്സിന് പഠിക്കുന്ന ഒരാൾ ഫൗണ്ടേഷൻ, എക്സിക്യുട്ടിവ്, പ്രൊഫെഷണൽ എന്നീ പ്രോഗ്രാമുകൾ പഠിക്കേണ്ടതുണ്ട്. ബിരുദപഠനത്തിന് ശേഷം ഇത് തിരഞ്ഞെടുക്കുന്നവർ എക്സിക്യുട്ടിവ്, പ്രൊഫെഷണൽ പ്രോഗ്രാമുകൾ എടുത്താൽ മതിയാകും. പ്ലസ് ടുവിന് ആർട്സ്, സയൻസ് അല്ലെങ്കിൽ കൊമേഴ്സ് വിഭാഗം പഠിച്ചവർക്ക് ഫൗണ്ടേഷൻ പ്രോഗ്രാം ചെയ്യാം.
സി.എ. ഫൗണ്ടേഷൻ, സി.എം.എ. ഫൗണ്ടേഷൻ കോഴ്സുകൾ പാസായവരും ഇതിൽ പെടും. C.A.T., X.A.T., N.M.A.,G.M.A.T.,S.N.A.T, A.T.M.A., M.H-C.E.T എന്നീ പ്രവേശന പരീക്ഷകൾ പാസായവർക്കും 3 വർഷത്തെ ഇന്റഗ്രേറ്റഡ് കമ്പനി സെക്രട്ടറി കോഴ്സ് ഒരു വർഷത്തെ ഇന്റേൺഷിപ്പോടുകൂടി ചെയ്യാം.
കേരളത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് കേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ്, ഐ.ടി. ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ്, ട്രിപ്പിൾ ഐ സി.എ. അക്കാദമി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, ഐ.സി.എ.എം.എസ് അക്കാദമി, ലോജിക്ക് സ്കൂൾ ഓഫ് മാനേജ്മെന്റിന്റെ തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും കമ്പനി സെക്രട്ടറി കോഴ്സ് പഠിക്കാം.
ന്യൂ ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ, കസ്തൂരി റാം കോളേജ്, സൂറത്തിലെ ഭഗവാൻ മഹാവിർ കോളേജ് ഓഫ് കമ്പ്യൂട്ടേഴ്‌സ്, മുംബൈ സേവിയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ, തായൽ ഇൻസ്റ്റിറ്റ്യൂട്ട്, ഗുജറാത്തിലെ ടോളമി കൊമേഴ്സ് കോളേജ്, പുണെ സിംബയോസിസ് കോളേജ് ഓഫ് ആർട്സ് ആൻഡ് കൊമേഴ്സ്, രാജസ്ഥാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോർപ്പറേറ്റ് മാനേജ്മെന്റ്, ബോക്കാറോയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, മൈസൂരിലെ എൻ.ഐ.വി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തിരുപ്പത്തൂർ സക്രേഡ് ഹാർട്ട്സ് കോളേജ് എന്നിവിടങ്ങളിലാണ് നിലവിൽ ഇന്ത്യയിൽ കമ്പനി സെക്രട്ടറി കോഴ്സ് പഠിക്കാനാകുക.