വീടുകളായാലും ചുറ്റുവട്ടങ്ങളായലുമെല്ലാം ഭംഗിയാക്കി വെയ്ക്കുവാനാണ് നമുക്കിഷ്ടം. അതു പോലെ തന്നെയാണ് മനുഷ്യന് തന്റെ ശരീരവും. വർഷങ്ങൾ കടന്നു പോകും തോറും ചോർന്നു തുടങ്ങുമെങ്കിലും പരസ്യമായി അല്ലെങ്കിൽ രഹസ്യമായി അത് നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ് ഏവരും. പ്രത്യേകിച്ചും കുറച്ച് ആൾക്കാർ ഒത്തുകൂടുന്ന വല്ല പരിപാടിക്കും പോകേണ്ടി വരുമ്പോൾ. അവിടെയൊക്കെയാണ് ബ്യൂട്ടീഷ്യന്മാർ നിർണ്ണായകമാകുന്നത്.
ആൺകുട്ടികൾക്കാകട്ടെ പെൺകുട്ടികൾക്കാകട്ടെ, ബ്യൂട്ടി പാർലറുകൾ ഇന്ന് എല്ലായിടത്തും കാണാം. കല്യാണങ്ങൾ, ചടങ്ങുകൾ, ആഘോഷങ്ങൾ, ഇവന്റുകൾ, ഒത്തുകൂടലുകൾ -അങ്ങനെ ബ്യൂട്ടീഷ്യൻമാരുടെ സേവനം ഇന്ന് എല്ലായിടത്തും ഉണ്ട്. ഒരേ ബ്യൂട്ടി പാർലറിലാണ് ജോലി ചെയ്യുന്നതെങ്കിലും മികവിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിൽ ആയിരിക്കും ശമ്പളം തീരുമാനിക്കപ്പെടുക.
മുടി കഴുകുക, കണ്ടീഷൻ ചെയ്യുക, കളർ ചെയ്യുക, സ്റ്റൈൽ ചെയ്യുക എന്നതൊക്കെ ജോലിയുടെ ഭാഗമാണ്. സൗന്ദര്യാത്മകത, ക്ഷമ, ആൾക്കാരുമായി ഇടപെടാനും ആശയവിനിമയം ചെയ്യാനുമുള്ള കഴിവ്, ഒത്തിരി നേരം നിന്നു കൊണ്ട് ജോലി ചെയ്യാനുള്ള ശേഷി, എന്നിവ ഈ ജോലിക്ക് അത്യാവശ്യമായും വേണ്ടതാണ്. ചർമ്മം, തലമുടി, നഖങ്ങൾ, മുഖം, എന്നിങ്ങനെയുള്ളതിനെ പറ്റിയുള്ള വ്യക്തമായ അറിവുള്ള ഒരാൾക്ക് മാത്രമേ ശരീരത്തെ ബാധിക്കാത്ത തരത്തിൽ ജോലി ചെയ്യുവാൻ സാധിക്കൂ.
ഡിപ്ലോമ ഇൻ ഹെയർ ഡിസൈനിങ്, ഡിപ്ലോമ ഇൻ കോസ്മെറ്റിക്‌സ്, ഡിപ്ലോമ ഇൻ ഇലക്ട്രോളജി, ഡിപ്ലോമ ഇൻ ഹെയർ സ്റ്റൈലിങ് ആൻഡ് കളറിങ്, ഡിപ്ലോമ ഇൻ ബ്യൂട്ടി തെറാപ്പി എന്നിവയാണ് തിരഞ്ഞെടുക്കേണ്ട ഡിപ്ലോമ കോഴ്‌സുകൾ. മുംബൈയിലെ ബ്യൂട്ടീക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്യൂട്ടി തെറാപ്പി ആൻഡ് ഹെയർ ഡ്രസ്സിങ്, ക്രിസ്റ്റീൻ വാൽമീ ഇന്റർനാഷണൽ സ്കൂൾ ഓഫ് എസ്തറ്റിക്‌സ്, എൻറിച്ച് സലൂൺ ആൻഡ് അക്കാദമി, എൽ. ടി. എ സ്കൂൾ ഓഫ് ബ്യൂട്ടി എന്നിവയാണ് പ്രധാനപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ടുകൾ.