അടുത്തിടെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ റാങ്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഗവേഷണത്തിനുമായി അടല്‍ റാങ്കിങ് ഓഫ് ഇന്‍സിസ്റ്റിറ്റിയൂഷന്‍സ് ഓണ്‍ ഇന്നോവേഷന്‍ അച്ചീവ്‌മെന്റ്‌സിനു (ARRIA) തുടക്കമായി.
കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍ ആണ് പദ്ധതി പ്രഖ്യാപിച്ചത്. ന്യൂഡല്‍ഹിയില്‍ സ്ഥിതിചെയ്യുന്ന ഓള്‍ ഇന്ത്യ കൌണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ ഏഡ്യൂക്കേഷന്റെ ഇന്നോവേഷന്‍ സെല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്ക് നൂതന ആശയങ്ങളുടെ കുറവുണ്ട്. അത് പരിഹരിക്കപ്പെടണം. പുത്തന്‍ ആശയങ്ങള്‍ ഉണ്ടാകുമ്പോള്‍ രാജ്യത്തിന് അഭിവൃദ്ധിയുണ്ടാകും. ഓരോ കോളേജിനും ഒരു ഇന്നോവേഷന്‍ സെല്‍ നിര്‍ബന്ധമായും ഉണ്ടാകണം -ജാവഡേക്കർ പറഞ്ഞു.
പദ്ധതിയനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളെ അവയുടെ ഇന്നോവേഷന്‍ സെല്ലിന്റെ പ്രവര്‍ത്തനമനുസരിച്ച് റാങ്ക് ചെയ്യും.