“അറബിക്കടലിലെ ന്യൂനമർദ്ദം കാരണം നാളെയും മറ്റന്നാളും രാജ്യത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് ശക്തമായ മഴയും കാറ്റും അനുഭവപ്പെടും. മത്സ്യബന്ധനം നടത്തുന്നവർ ശ്രദ്ധിക്കുക” -കുറച്ചു കാലം മുമ്പു വരെ ഇതു നമ്മൾ കാര്യമായെടുത്തിരുന്നില്ല. എന്നാൽ ഇപ്പോൾ കഥ മാറി. കാലാവസ്ഥാപ്രവചനങ്ങൾ പ്രത്യേകിച്ചും ആവശ്യവും അനിവാര്യവുമായി വരുന്നത് പ്രകൃതി ദുരന്തങ്ങളുടെ സമയത്താണ് എന്നു വ്യക്തമായി ഇന്നു നമുക്കറിയാം.

മനുഷ്യ ജീവന്റെ നിലനിൽപ്പിനു തന്നെ വെല്ലുവിളിയായി പ്രകൃതിക്ഷോഭങ്ങൾ മാറുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ട സമയത്ത് എടുക്കുവാനായി നമുക്ക് വളരെയധികം സഹായകമാണ് ഇത്തരം പ്രവചനങ്ങൾ. പക്ഷേ എങ്ങനെ ആണ് നമ്മൾ ഇതൊക്കെ മനസ്സിലാക്കുന്നത്? കവടി നിരത്തിയൊന്നുമല്ല, ജാതകം നോക്കിയുമല്ല. മീറ്റിയറോളജിസ്റ്റ് എന്ന് അറിയപ്പെടുന്ന അനേകം ശാസ്ത്രജ്ഞന്മാരുടെ പഠനത്തിന്റെയും ദീർഘമായ വിസകലനത്തിന്റെയും പരിജ്ഞാനത്തിന്റെയും ഫലമായാണ് ആ പ്രതിഭാസം ഉണ്ടാകുന്നതിനു ദിവസങ്ങൾ മുൻപ് തന്നെ മനുഷ്യന് ഇത്തരം പ്രവചനങ്ങൾ നടത്തുവാൻ സാധിക്കുന്നത്.

ഭൂമിയുടെ അന്തരീക്ഷത്തിന്റെ താപനില, വായു സമ്മർദ്ദം, നീരാവിയുടെ അളവ്, ഇവയുടെയൊക്കെ ഇടപെടലുകളും സമയാധിഷ്ഠിതമായ മാറ്റങ്ങളുമെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുക വഴിയാണ് ഇത്തരം സാദ്ധ്യതകൾ വിലയിരുത്തപ്പെടുന്നത്. കാലാവസ്ഥാവ്യതിയാനങ്ങളെ മനസ്സിലാക്കുക, ആ മാറ്റങ്ങൾ മനുഷ്യ ജീവിതത്തിൽ ഉണ്ടാക്കുന്ന പരിവർത്തനങ്ങളെ നിരീക്ഷിക്കുക എന്നതൊക്കെയാണ് ഈ ജോലിയുടെ പ്രധാന നിർവാഹം.

ഇതിന്റെ സാധ്യതകളെ പറ്റി കൂടുതൽ യുവാക്കളും അജ്ഞരായിരുന്നെങ്കിലും ഇന്ത്യയിൽ അതിവേഗം പ്രചാരം നേടിവരുന്ന ഒരു മേഖലയാണിത്. ആയതിനിനാൽ തന്നെ ഒട്ടേറെ ജോലി സാധ്യതകളുമുണ്ട് ഈ കരിയറിന്. ശാസ്ത്ര സംബന്ധിയായ വിഷയം ആയിരിക്കെ, വിഷയത്തിൽ ആഴമായ പരിജ്ഞാനവും, ശക്തമായ അടിസ്ഥാനപരമായ അറിവും, താത്പര്യവും ഈ ജോലിക്കാവശ്യമാണ്. അറിവ്, നിരീക്ഷണ പാടവം, ടീമിൽ ജോലി ചെയ്യാനുള്ള മികവ്, സാധ്യതകൾ പരിശോധിച്ച് ശരിയായ നിഗമനങ്ങളിലേക്കെത്താനുള്ള കഴിവ്, എന്നിവയൊക്കെ ജോലിക്കാവശ്യമാണ്.

മീറ്റിയറോളജിയിൽ ബി.എസ് സി, എം.എസ് സി, എം. ടെക്ക്, അറ്റ്‌മോസ്‌ഫെറിക് സയൻസസ്സിൽ എം. ടെക്ക് മുതലായവയാണ്‌ തെരഞ്ഞെടുക്കേണ്ട കോഴ്‌സുകൾ. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്ക്‌നോളജി (CUSAT), തമിഴ്നാട് അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി, ഐ.ഐ.ടി. ഡൽഹി, ആന്ധ്ര പ്രദേശിലെ എ.ബി.വി. ഗവണ്മെന്റ് കോളേജ്, ഒഡീഷയിലെ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ആൻഡ് ടെക്ക്‌നോളജി, മഹാരാഷ്ട്രയിലെ ശിവാജി യൂണിവേഴ്സിറ്റി, വിശാഖപട്ടണത്തിലെ ആന്ധ്ര യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കോഴ്‌സുകൾ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!