പലപ്പോഴും ഡയബീറ്റിസ് മുതൽ ടെൻഷൻ വരെ ഉണ്ടാക്കുന്നു എന്നതാണ് ചോക്ലേറ്റിന്റെ മേലുള്ള ആരോപണം. എന്നാൽ, ഒട്ടേറെ ആരോഗ്യകരമായി ഗുണം ചെയ്യുന്ന ഘടകങ്ങൾ അതിലുണ്ടെന്നറിയാമോ? അതിൽ ആന്റിഓക്സിഡന്റ്‌സിന്റെ അളവ് വളരെയധികമാണ്. ആന്റി ഡിപ്രസന്റായ സെറോടോണിൻ ഉത്പാദിപ്പിക്കുന്ന ട്രൈപ്‌റ്റോഫാൻ ഉള്ളതിനാൽ തന്നെ വിഷാദരോഗത്തെ ഇത് അകറ്റുന്നു. തലച്ചോറിന് കുളിർമ്മയും സുഖവും നൽകുന്നു. വിശ്വാസത്തിനു വിപരീതമായി രക്തസമ്മർദം കുറച്ച് രക്തത്തിന്റെ കട്ടികുറയ്ക്കുക വഴി ഹൃദ്രോഗത്തിനും സ്‌ട്രോക്കിനുമെല്ലാം തടയിടുന്നു. യഥാർത്ഥത്തിൽ ഏറ്റവും മികച്ച ഒരു ഭക്ഷണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ചും 70 ശതമാനത്തിലധികം കൊക്കോ അടങ്ങുന്ന ഡാർക് ചോക്ലറ്റ്.

ചോക്ലേറ്റ് ഉത്പാദനം ലോകത്തിൽ ഒരു ബൃഹത്തായ വ്യവസായം തന്നെയാണ്. അതിനു പിന്നിൽ ജോലി ചെയ്യുന്ന ഒട്ടേറെ വ്യക്തികളും ഉദ്യോഗങ്ങളുമുണ്ട്. ഒരു സാധാരണ മനുഷ്യൻ കേട്ടിരിക്കാൻ പോലും സാധ്യതയില്ലാത്തവ. ചോക്ലേറ്റ് കൺസൾട്ടന്റ്മാരും, ചോക്ലേറ് ടേസ്റ്റർമാരും ഇതിലുൾപ്പെടും.

ചോക്ലേറ്റ് കഴിച്ച് ജീവിതം സുഖമായി മുന്നോട്ട് കൊണ്ട് പോകാനാവുമെന്നത് സ്വപ്നസാക്ഷാത്കാരം പോലെയാണ് പലർക്കും. വളരെ ഉന്നതമായ ശമ്പളങ്ങൾ ലഭിക്കുമെന്നുണ്ടെങ്കിലും, കേൾക്കുന്നത്ര എളുപ്പമല്ല ജോലി. ഉണ്ടാക്കുന്ന ഉത്പന്നങ്ങൾക്ക് ആവശ്യമായ തിളക്കവും മണവുമുണ്ട്, അതിൽ പൊട്ടലുകളോ മുറിവുകളോ ഇല്ല എന്നൊക്കെ ഉറപ്പു വരുത്തേണ്ടത് ടേസ്റ്റര്മാരാണ്. ചോക്കലേറ്റുകൾ മണത്ത് അതിന്റെ ഗന്ധത്തെ പറ്റി റിപ്പോർട്ടുകൾ തയ്യാറാക്കണം. പിന്നെയാണ് നമുക്കിഷ്ടപ്പെട്ട മേഖല -പുതിയ ചോക്ലേറ്റ് ഉത്പന്നങ്ങൾ രുചിച്ച് നോക്കി അതിന്റെ ഗുണനിലവാരം, രുചി, മണം, ഫ്ലേവറുകൾ എന്നിവയൊക്കെ വിലയിരുത്തണം. ഫ്ലേവർ എന്ന് പറയുന്നത് രുചി, ഗന്ധം, സ്പർശം, ചൂട് എന്നിവയുടെയൊക്കെ ഒരു സങ്കീർണ്ണമായ സംയോജനമാണ്. ആയതിനാൽ തന്നെ ഇതൊക്കെ വ്യക്തമായി വിശകലനം ചെയ്ത് റിപ്പോർട്ട് ചെയ്യാനുള്ള ശേഷി തികച്ചും അനിവാര്യമാണ്.

ഇനി ചോക്ലേറ്റ് കൺസൾട്ടന്റ്മാർ. വ്യവസായ സംഘാടനമാണ് പ്രധാനമായും ഇക്കൂട്ടരുടെ ജോലി. ഉപഭോക്താവിലേക്ക് സമയത്തിന് ആവശ്യമുള്ള ഉത്പന്നങ്ങൾ എത്തുന്നുണ്ട്, ഉപഭോക്താക്കൾക്ക് പരാതികളൊന്നുമില്ല അഥവാ ഉണ്ടെങ്കിൽ അവ പരിഹരിച്ചിട്ടുണ്ട്, ഡിമാൻഡിനനുസരിച്ച് സ്റ്റോക്കുണ്ട്, ഉദ്യോഗസ്ഥരെല്ലാം നിയമങ്ങൾ പാലിക്കുന്നുണ്ട്, മെഷിനുകൾക്ക് കേടുപാടുകളൊന്നുമില്ല, വൃത്തിയും വെടിപ്പും നിലനിർത്തുന്നുണ്ട്, ആരോഗ്യ വകുപ്പും മറ്റു വകുപ്പുകളുമൊക്കെ പറഞ്ഞിട്ടുള്ള എല്ലാ നിയമങ്ങളും പാലിക്കപ്പെടുന്നുണ്ട് എന്നതൊക്കെ ഉറപ്പു വരുത്തി പരമാവധി കാര്യക്ഷമത ഉളവാക്കുക എന്നതാണ് ജോലി. അതുപോലെ തന്നെ ഫാക്റ്ററിയിലെ രഹസ്യമായ രുചിക്കൂട്ടുകളൊന്നും ചോരുന്നില്ല എന്നും ഉറപ്പു വരുത്തണം – അതവരുടെ വിലമതിപ്പുള്ള ട്രേഡ് രഹസ്യങ്ങളാണ്.

സ്ത്രീകൾക്കാണ് പഠനങ്ങൾ പ്രകാരം മണം മനസ്സിലാക്കാനുള്ള കഴിവ് കൂടുതലെന്നത് രസകരമായ ഒരറിവാണ്. 35 വയസ്സിനു താഴെയുള്ളവർ പ്രത്യേകിച്ചും. ആയതിനാൽ തന്നെ ചോക്ലേറ്റ് ടേസ്റ്റർമാരാകാൻ ഉത്തമ ഉദ്യോഗാർത്ഥികൾ അവരാണ്. എങ്കിലും ഇന്റർവ്യൂവിലെ പ്രകടനം മാത്രമായിരിക്കും ജോലിയിലേക്ക് നയിക്കുന്നത്. പലയിടത്തും പല രീതിയിലാണ് ഇന്റർവ്യൂകൾ നടത്തുന്നതെങ്കിലും, സാധാരണയായി ചോക്കലേറ്റ് ടേസ്റ്റർമാരെ തിരഞ്ഞെടുക്കുന്ന ഒരു ടെസ്റ്റ് ഉണ്ട് – കണ്ണുകൾ മൂടിക്കെട്ടിയ ശേഷം ചോക്കലേറ്റിന്റെ പല വിഭവങ്ങൾ രുചിച്ച് അതിലെ ചേരുവകൾ എന്താണെന്ന് ശരിയായ നിഗമനങ്ങൾ നടത്തണം.

കൊള്ളാം അല്ലെ! നാവിൽ വെള്ളമൂറുന്ന ജോലികൾ!

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!