ഇന്ത്യന്‍ നേവിയില്‍ പൈലറ്റ് / ഒബ്സര്‍വര്‍ / എയര്‍ട്രാഫിക് കണ്‍ട്രോളര്‍ പ്രവേശനത്തിന് അവിവാഹിതരായ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. 22 ഒഴിവുകളുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം 2019 ജൂണില്‍ കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയില്‍ ആരംഭിക്കും. 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബി.ഇ. /ബി.ടെക് /ബിരുദം, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ 60 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. പ്ലസ് ടു തലത്തില്‍ മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങള്‍ പഠിച്ചിരിക്കണം തുടങ്ങിയവയാണ് യോഗ്യതകൾ.
പൈലറ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് നിര്‍ദിഷ്ടയോഗ്യതയ്ക്ക് പുറമേ വ്യോമയാന മന്ത്രാലയം നല്‍കുന്ന സി.പി.എല്‍. യോഗ്യതയും വേണം. എന്‍ജിനീയറിങ് അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം. 2018 നവംബര്‍ മുതല്‍ 2019 മാര്‍ച്ചു വരെയുള്ള കാലയളവിനിടയ്ക്ക് ബെംഗളൂരുവില്‍ വെച്ചാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുക. സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (എസ്.എസ്. ബി.) നടത്തുന്ന തിരഞ്ഞെടുപ്പില്‍ 1 ദിവസം നീളുന്ന ആദ്യഘട്ടവും 4 ദിവസം നീളുന്ന രണ്ടാം ഘട്ടവുമുണ്ട്. ആദ്യഘട്ടത്തില്‍ ഇന്റലിജന്‍സ് ടെസ്റ്റ്, പിക്ചര്‍ പെര്‍സപ്ഷന്‍, ഗ്രൂപ്പ് ചര്‍ച്ച എന്നിവയുണ്ടാകും. ഇതില്‍ വിജയിക്കുന്നവരെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് ക്ഷണിക്കും. സൈക്കോളജിക്കല്‍ ടെസ്റ്റ്, ഗ്രൂപ്പ് ടാസ്‌ക് ടെസ്റ്റ്, അഭിമുഖം എന്നിവയാണ് ഈ ഘട്ടത്തിലുണ്ടാകുക. ഇതിലും വിജയിക്കുന്നവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. ഈ ഘട്ടവും വിജയിക്കുന്നവരെയാണ് പരിശീലനത്തിന് തിരഞ്ഞെടുക്കുക.
www.joinindiannavy.gov.in എന്ന വെബ്‌സൈറ്റിലെ ഓഫീസര്‍ എന്‍ട്രി ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ പൂരിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ചാല്‍ അതിന്റെ പ്രിന്റൗട്ട് (ആപ്ലിക്കേഷന്‍ നമ്പര്‍ ഉള്‍പ്പെടുന്നത്) എടുത്ത് സൂക്ഷിക്കണം.അഭിമുഖത്തിന് ക്ഷണിക്കപ്പെട്ടാല്‍ ഇത് ഹാജരാക്കേണ്ടിവരും.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 14.