പലപ്പോഴും തിയേറ്ററുകളിൽ പോയിരുന്ന് സിനിമകൾ കാണുമ്പോൾ, ആ ഫ്രെയിമുകളുടെ ഭംഗി ആസ്വദിച്ചിരുന്നു പോകാറുണ്ട്. ചില പാട്ടുകളിലെ സീനുകൾ കാണുമ്പോൾ “ഹാ, എത്ര മനോഹരമായ സ്ഥലം, ഒന്ന് അവിടെ പോകാൻ പറ്റിയിരുന്നെങ്കിൽ” എന്ന് ഓർത്ത് പോകാറില്ലേ? എന്നാൽ നമ്മൾ കാണുന്ന ആ സിനിമയെ ഇത്തരം ഒരു ദൃശ്യവിസ്മയമാക്കുന്നതിൽ വളരെ വലിയ പങ്ക് വഹിക്കുന്ന, എന്നാൽ അധികമാരും പറഞ്ഞു കേൾക്കാത്തതായ ഒരു വ്യക്തിയുണ്ട് – അതിന്റെ ഡി.ഐ. കളറിസ്റ്റ്. നമുക്ക് മുന്നിൽ വർണ്ണ വിസ്മയങ്ങൾ തീർക്കുവാൻ ഒരു ക്യാമറാമാന്റെയും വിഷ്വൽ ഇഫക്ടുകളുടെയും സാദ്ധ്യതകളെ സംയോജിപ്പിച്ച്, അർത്ഥവത്തതായ നിറങ്ങളിൽ സന്ദർഭാനുസരണം കളറിങ് ചെയ്യുക എന്നത് സിനിമകളിലും മറ്റു ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലും അത്യന്താപേക്ഷിതമാണ്.
ഡിജിറ്റൽ ഇന്റർമീഡിയറ്റ് എന്നതാണ് ഡി.ഐയുടെ പൂർണ്ണ രൂപം. പറയുന്നത് പോലെ തന്നെ, ക്യാമറാമാന്റെയും ഡിജിറ്റൽ ഗ്രാഫിക്സിന്റെയും മധ്യസ്ഥാനത്താണ് ഒരു ഡി.ഐ. കളറിസ്റ്റ് എന്ന് വേണമെങ്കിൽ പറയാം. ഒരു സിനിമയുടെ നിർമ്മാണാത്തതിൽ ഏറ്റവും അവസാനം ജോലി നിർവ്വഹിക്കുന്നവരാണ് കളറിസ്റ്റുകൾ. ഒരു സിനിമാറ്റിക് നിർമ്മാണത്തിൽ ആവശ്യവും അനുയോജ്യവുമായ ‘ഹ്യൂസും കോൺട്രാസ്റ്റും’ നൽകുക എന്നതാണ് ജോലിയുടെ വിവരണം. ഒരു ഫോട്ടോയെ നമ്മൾ എഡിറ്റ് ചെയ്ത് അതിലെ ബ്രൈറ്റ്നെസ്, കോണ്ട്രാസ്റ്, മുതലായവ മാറ്റുന്നത് പോലെ, അതിൽ പച്ചയുടെയും ചുവപ്പിന്റെയും ഒക്കെ കടുപ്പം കൂട്ടുന്നത് പോലെ, ഓരോ സീനും എഡിറ്റ് ചെയ്ത്, അതിന്റെ കാഴ്ച്ചയ്ക്കുള്ള സുഖം ഉറപ്പു വരുത്തുകയും, അതേ സമയം തുടർച്ച അഥവാ കണ്ടിന്വിറ്റി നിലനിർത്തുക, എന്നതാണ് ഒരു കളറിസ്റ്റ് ചെയ്യുന്നത്.
ഇപ്പോൾ സിനിമാ നിർമ്മാണം ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായങ്ങൾ ഏറ്റവുമധികം വിനിയോഗിക്കുന്ന മേഖലയാണല്ലോ. പല സീനുകൾ പല വെളിച്ചത്തിന്റെ അളവുകളിൽ പല ലൈറ്റിങ്ങുകളിൽ ആയിരിക്കും ഷൂട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഒരുമിച്ച് കാണിക്കേണ്ട സീനുകളിൽ ഇതു തുടർച്ചയെയും ആ ദൃശ്യാനുഭവത്തെയും ബാധിക്കും. തുടർച്ച നിലനിർത്തുക കളറിസ്റ്റുകൾ ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട ജോലിയാണ്. സിനിമകൾ, ഹ്രസ്വ ചിത്രങ്ങൾ, പരസ്യ ചിത്രങ്ങൾ – ഇവിടെയൊക്കെ ഈ നിറവിദഗ്ദ്ധൻ ഉണ്ടാകും. സംവിധായകനുമായി സ്റ്റുഡിയോയിൽ ഒത്തിരുന്നോ, ഫോണുകളും മറ്റും ഉപയോഗിച്ച് മൈലുകൾ അപ്പുറവും ഇപ്പുറവും ഇരുന്നുകൊണ്ടോ കളറിങ് ചെയ്യേണ്ടി വരാം.
കോഴ്‌സുകളും മറ്റും ഒത്തിരിയധികം ഇൻസ്റ്റിറ്റ്യൂട്ടുകൾ നൽകുന്നുണ്ടെങ്കിലും ഏറ്റവും പ്രസക്തമാകുന്നത് വ്യക്തിയുടെ പ്രവൃത്തിപരിചയമാണ്. ഓൺലൈനായി ട്യൂട്ടോറിയൽ കണ്ടും സ്വയം സോഫ്ട്വെയറുകൾ പരീക്ഷിച്ചും പല തരത്തിലുള്ള സിനിമകൾ കണ്ട്, സൂക്ഷ്മമായി വിശകലനം ചെയ്ത്, അതിന്റെ പിന്നാമ്പുറങ്ങൾ മനസ്സിലാക്കിയും പഠിക്കുന്ന ഒരാൾക്ക് മാത്രമേ ഈ ജോലിയിൽ മുന്നേറുവാൻ സാധിക്കുകയുള്ളൂ. ജോലിക്ക് സാധാരണയായി വിദ്യാഭ്യാസ യോഗ്യതകളെക്കാൾ പരിചയ സമ്പത്താണ് പ്രധാനമെങ്കിലും, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, സ്റ്റുഡിയോകളിലൊട്ടുള്ള മാർഗ്ഗം എളുപ്പമാക്കും. എന്നാൽ ഈ യോഗ്യതകളെക്കാൾ വേണ്ടത്, ജോലിയിലെ മികവും, ടീം ആയി പണിയെടുക്കുവാനുള്ള ശേഷിയും തന്നെയാണ്.
മുംബൈയിലെ ഡിജിറ്റൽ ഫിലിം സ്‌കൂൾ, ബെംഗളൂരുവിലെ ഫ്ലാഷ് ഫ്രേം വിഷ്വൽസ് അക്കാദമി, ചെന്നൈയിലെ ഡാ വിഞ്ചി മീഡിയ കോളേജ്, ഹൈദരാബാദിലെ ഡിജിക്വസ്റ്റ് അക്കാദമി, ചെന്നൈയിലെ ചിന്താമണി എന്റർടൈന്മെന്റ് ടെക്‌നോളജി അക്കാദമി, മുംബൈയിലെ ഷെമാരോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെക്‌നോളജി, മുതലായ ഇൻസ്റ്റിറ്റ്യൂട്ടുകൾ കോഴ്‌സുകൾ നൽകുന്നുണ്ട്.
സ്വപ്നങ്ങൾക്ക് നിറം പകരൂ!