ശ്ശെടാ! ഏറ്റവും നന്നായി മുങ്ങുന്നയാൾക്കാണോ കൂടുതൽ നേട്ടം? ഇതെന്താണാവോ സംഗതി?

സ്‌കൂബാ ഡൈവിങ് എന്ന് കേട്ടിട്ടുണ്ടോ? ശ്വസിക്കാനുള്ള വായുവും മറ്റ് സംവിധാനങ്ങളുമായി വെള്ളത്തിനടിയിലേക്ക് നീന്തി നടക്കുന്ന ഒരു വിനോദമാണ് സ്‌കൂബാ ഡൈവിങ്. ജലനിരപ്പിൽ നിന്നോ ഒഴുകിക്കൊണ്ടിരിക്കുന്ന കപ്പലിൽ നിന്നോ മറ്റുമൊക്കെ ശ്വാസവായു നൽകുന്നതിൽ നിന്നും വ്യത്യസ്തമായി വായു സിലിണ്ടറുകളിൽ ഉയർന്ന സമ്മർദ്ദത്തിൽ നിറച്ച് കൊണ്ടുപോകുക വഴി സ്വതന്ത്രമായി വെള്ളത്തിലൂടെ നീന്തുവാനും കാഴ്ചകൾ കാണുവാനും സാധിക്കുന്നു. ലോകത്ത് താത്പര്യക്കാർ വർദ്ധിച്ചു വരുന്ന ഒരു വിനോദ മേഖലയെന്നതിനുപരി, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രധാന ആകർഷണങ്ങളാണ് മാറിക്കൊണ്ടിരിക്കുകയാണ് ഇത്.

സാങ്കേതിക സഹായമില്ലാതെ ആഴങ്ങളിലേക്ക് നീന്തുമ്പോൾ, ശ്വാസം പിടിച്ച് വെയ്ക്കുവാൻ സാധിക്കുന്നത്ര നേരം മാത്രമേ വെള്ളത്തിനടിയിൽ നിലനിൽക്കുവാൻ സാധിക്കുകയുള്ളു എന്നതിനാൽ തന്നെ വളരെ കുറച്ച് സമയം, ചെറിയ ആഴങ്ങളിലും വ്യാപ്‌തികളിലും മാത്രമേ യാത്ര ചെയ്യുവാൻ സാധിക്കുകയുള്ളു.സ്‌കൂബാ ഡൈവിങ് ജനശ്രദ്ധ നേടുന്നതിലൂടെ അതൊരു വലിയ വ്യവസായ മേഖലയായി വളർന്നു കൊണ്ടിരിക്കുകയാണ്. സ്‌കൂബാ ഡൈവിങ് ചെയ്യിപ്പിക്കുവാനുള്ള ഇൻസ്ട്രക്ടർമാരാണ് ഇതിൽ സർവ്വപ്രധാനം. എന്നാൽ, സ്‌കൂബയുടെ സാങ്കേതികവിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ, വഞ്ചികളുടെയും കപ്പലുകളുടെയും സംരക്ഷണം നിർവഹിക്കുന്നവർ, സഞ്ചാരികളെ കടത്തി വിടുന്നതിന്റെയെല്ലാം കണക്കുകൾ സൂക്ഷിക്കുന്നവർ എന്ന് തുടങ്ങി ഒട്ടേറെ തൊഴിലവസരം സൃഷ്ടിക്കുന്ന ഒരു മേഖലയായി വളർന്നു പടർന്നു പന്തലിച്ചുകൊണ്ടിരിക്കുകയാണ് സ്‌കൂബാ ഡൈവിങ്.

സ്വപ്നങ്ങളിലേത് പോലെ നീന്തി നീന്തി നടന്ന ജോലി നേടി സമ്പാദിക്കാം എന്ന കരുതിയാൽ തെറ്റി. ഒട്ടേറെ ചുമതലയുള്ള ജോലിയാണ് സ്കൂബാ ഇൻസ്ട്രക്ടർമാരുടേത്. സ്‌കൂബാ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകളും പാലിക്കേണ്ട സുരക്ഷാ നിയമങ്ങളും കൃത്യമായി പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടത് ഇൻസ്ട്രക്ടർമാരാണ്. ഇവർക്ക് അസിസ്റ്റന്റുമാരും ഉണ്ടാകാറുണ്ട്. പലപ്പോഴും ഡൈവിങ് ചെയ്യാൻ താത്പര്യപ്പെട്ട് വരുന്നവർ യാതൊരു വിധ മുൻപരിചയവും ഇല്ലാതെയായിരിക്കും വരുന്നത്. എന്നാൽ അവരുടെ ജീവിതവും സുരക്ഷയും ഇൻസ്ട്രക്ടർമാരുടെ ഉത്തരവാദിത്വമാണ്. ജലത്തിൽ നമ്മുടെ കാഴ്ച ഭൗമാന്തരീക്ഷത്തിലേത് പോലെയല്ല. സാധാരണയിൽ നിന്ന് ഏകദേശം 34 ശതമാനം വലുതായും, 25 ശതമാനം അടുത്തുമായി കാണാൻ സാധിക്കും. ഇത് കണക്കാക്കിവേണം തീരുമാനങ്ങൾ എടുക്കുവാൻ. ഈ കാഴ്ചയിലെ വ്യതിയാനം സാധൂകരിക്കുവാനായി ഡൈവർമാർ ധരിക്കുന്ന മാസ്കുകളിൽ സംവിധാനങ്ങൾ ഉണ്ടാകാറുണ്ട്.

പ്രത്യേകം വിദ്യാഭ്യാസ യോഗ്യതകളൊന്നും പറയുന്നില്ല ഈ ജോലിക്ക്. ഏറ്റവും പ്രസക്തം മുൻപരിചയം തന്നെയാണ്. വിനോദമായി തോന്നാമെങ്കിലും, വളരെ മികച്ച ശാരീരികക്ഷമത, വെള്ളത്തിനടിയിൽ നീണ്ട നേരം ചെലവഴിക്കുവാനുള്ള ശേഷി, ആൾക്കാരോട് പെരുമാറാനുള്ള ക്ഷമ, കർത്തവ്യബോധം, എന്നിവയൊക്കെ അത്യന്താപേക്ഷിതമായ ഒരു ജോലിയാണ് ഒരു സ്കൂബ ഡൈവിങ് ഇൻസ്ട്രക്ടറുടേത്. അബ്സസലൂട്ട് സ്‌കൂബാ, ഡൈവ് ഇന്ത്യ മുതലായ സ്ഥാപനങ്ങളിൽ സ്കൂബാ ഡൈവിങ്ങുമായി ബന്ധപ്പെട്ട കോഴ്‌സുകൾ നൽകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!