ജീവിതം അങ്ങനെയാണ്. ജീവിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ നമുക്ക് മടുക്കും. ചിരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ സന്തോഷമില്ലല്ലോയെന്ന് വേദനിക്കും. ഗംഭീരമാക്കാനുള്ള കാട്ടിക്കൂട്ടലുകളെല്ലാം ഒടുവില്‍ പാഴ്ശ്രമങ്ങള്‍ ആണല്ലോയെന്ന് തിരിച്ചറിയും. ഇനിയുമെന്ത് ചെയ്യേണ്ടൂ എന്നറിയാതെ തളര്‍ന്നിരിക്കും. സ്വാഭാവികമാണത്. ജീവിതം പഴയ ഉന്മേഷത്തിലേക്ക് വരാന്‍ ഒരൊറ്റ വഴിയേ ഉള്ളൂ. സ്വയം വെല്ലുവിളികള്‍ ഏറ്റെടുത്ത് പുതിയതായി എന്തെങ്കിലും ചെയ്യുക.

വെല്ലുവിളികളാണ് ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത്. അതിന് ആദ്യം വേണ്ടത് മാറ്റത്തിനായുള്ള തീവ്രമായ ആഗ്രഹമാണ്. വെറുതെയിരുന്ന് ആലോചിച്ചാല്‍ മാത്രം പോരാ. ഏതൊക്കെ വഴികളിലൂടെ സഞ്ചരിച്ചാല്‍ താന്‍ സ്വപ്നം കാണുന്ന ജീവിതത്തില്‍ എത്തുമെന്ന് കൃത്യമായി പദ്ധതി തയ്യാറാക്കുകയും വേണം. മനസ്സും ശരീരവും പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ സന്നദ്ധമാക്കുകയും വേണം.

‘എനിക്ക് സാധിക്കും’ എന്ന് ദൃഢമായി വിശ്വസിക്കുകയെന്നതാണ് പിന്നെ വേണ്ടത്. വെല്ലുവിളികള്‍ ഏറ്റെടുക്കാനും നിറവേറ്റാനും തനിക്കിപ്പോഴും കഴിയുമെന്ന് വിശ്വസിക്കുക. കാരണം ഇതിനുമുമ്പും പലതും താന്‍ ചെയ്യുകയും തെളിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് മനസ്സിനെ ഓര്‍മ്മിപ്പിക്കുക. കഠിനമായ പരീക്ഷകള്‍ ജയിച്ചിട്ടുണ്ട്. പുതിയ ഭാഷകള്‍ പഠിച്ചിട്ടുണ്ട്. ബന്ധങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതും സാധിക്കും. സാധിക്കണം.

കാരണം, ഒരു കാര്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഫലത്തേക്കാള്‍ അത് തനിക്ക് ചെയ്യാന്‍ സാധിച്ചു എന്നതും വെല്ലുവിളി ഏറ്റെടുക്കാന്‍ പറ്റും വിധം ഉയര്‍ന്നു എന്നതും മാനസികമായി ബലപ്പെടുത്തും. അത് നല്‍കുന്ന ആത്മവിശ്വാസവും അവനവനോട് തോന്നുന്ന ആദരവും വിലമതിക്കാന്‍ ആകാത്തതാണ്. അതുവരെ നമുക്ക് നമ്മളോട് തന്നെയുള്ള കാഴ്ചപ്പാട് തന്നെ മാറും.

സാധാരണനിലയിൽ നമുക്കൊരു കാര്യം ചെയ്യാന്‍ പറ്റുന്നതിന് മുകളിലായിരിക്കണം നാം വെല്ലുവിളി അഥവാ ലക്ഷ്യത്തെ വെയ്ക്കേണ്ടത്. സുഖകരമായി ചെയ്ത് തീര്‍ക്കാവുന്നവയെ വെല്ലുവിളികള്‍ എന്ന് നാം വിളിക്കാറില്ല. നമ്മുടെ ശരീരത്തെ ‘ഫിറ്റ് ബോഡി’ ആക്കിമാറ്റുക എന്നത് ഇന്ന് അസാധ്യമായിരിക്കും. പക്ഷേ, ഇത്ര ദിവസത്തിനുള്ളില്‍ അത് സ്വായത്തമാക്കും എന്ന ലക്ഷ്യം നിങ്ങള്‍ക്ക് വേണം. നിങ്ങളെ സുഖകരമായ ആലസ്യത്തില്‍ നിന്ന് വലിച്ച് താഴെയിടുന്നതാകണം വെല്ലുവിളികള്‍.

ലക്ഷ്യത്തിലേക്ക് അടുക്കാനുള്ള പദ്ധതി വിശദമായി തന്നെ തയ്യാറാക്കണം. അതിനായി ഓരോ ദിവസവും എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിക്കണം. അത് കൃത്യമായി ഓരോ ദിവസവും ചെയ്യുകയും വേണം. കാരണം സന്തോഷം കുടികൊള്ളുന്നത് വലിയ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ ഇന്ന് ഈ നിമിഷം നാം എന്തു ചെയ്യുന്നു എന്നതിലാണ്. അതെത്ര കുറവാണെങ്കിലും ശരി ദിവസവും ചെയ്ത് കഴിയുമ്പോള്‍ നിങ്ങളുടെ മുഖത്ത് വിടരുന്ന സംതൃപ്തിയുടെ ചിരിക്ക് മുന്നില്‍ ഒരു വിഷാദത്തിനും മടുപ്പിനും അധികകാലം പിടിച്ചുനില്‍ക്കാന്‍ കഴിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!