ഒരു നല്ല ശമ്പളമുള്ള ജോലി ഇല്ലാത്തതുണ്ടാക്കുന്ന മാനസിക ഞെരുക്കങ്ങളും പിരിമുറുക്കങ്ങളും ചെറുതല്ല. നാട്ടുകാരുടെയും വീട്ടുകാരുടെയും ഉപദേശങ്ങളും താരതമ്യങ്ങളും, പോരാത്തതിന് സ്വയം മനസ്സിൽ ഉയരുന്ന സംശയത്തിന്റെ ചോദ്യങ്ങളും. ശാരീരിക-മാനസിക സമ്മര്ദങ്ങളോ വൈകല്യങ്ങളോ ഉള്ളവരെ ഇത് അതിലേറെ ബാധിക്കും. ആകെ ഒരു ചെറിയ ജീവിതം. അതിങ്ങനെ വേവലാതിയിലും തിടുക്കത്തിലും വിഷമങ്ങളിലും മുങ്ങിക്കിടന്നാൽ മതിയോ?
ഒരു മനുഷ്യന് തന്റെ ജീവിതത്തിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുവാൻ സഹായിക്കുന്ന വൈദ്യശാസ്ത്ര മേഖലയാണ് ഒക്യുപേഷണൽ തെറാപ്പി. ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളുടെ നിർദേശങ്ങൾ പാലിക്കുക വഴി ഒരു വ്യക്തിക്ക് തന്റെ ജീവിതം പരമാവധി സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുവാൻ സാധിക്കും. ആരോഗ്യത്തെ മുൻനിർത്തി, പ്രത്യേകിച്ചും വൈകല്യങ്ങളോ, പരിക്കുകളോ, അസ്വസ്ഥതകളോ ഉണ്ടെങ്കിൽ, അവയെ തരണം ചെയ്ത, ജീവിക്കുവാൻ ഇവർ സഹായിക്കുന്നു.
ഏറെയും ഇവർ പരിപാലിക്കുന്നത് അംഗവൈകല്യങ്ങൾ നേരിടുന്ന കുട്ടികളെയാണ്. സ്‌കൂളുകളിലും സമൂഹത്തിലും അവരെ പെരുമാറുവാനും പങ്കെടുക്കുവാനും സഹായിക്കുക എന്നതാണ് ഇവിടെ ജോലി. മറ്റു ചിലപ്പോൾ സാരമായ പരിക്ക് ബാധിച്ച വ്യക്തിയെ സാധാരണ ജീവിതത്തിലേക്ക് -ശാരീരികമായും മാനസികമായും -തിരിച്ചു കൊണ്ടുവന്ന് അവരുടെ കഴിവുകൾ വീണ്ടെടുക്കുക എന്നതായിരിക്കാം ചെയ്യേണ്ടത്. ആദ്യം ചെയ്യേണ്ടത് വ്യക്തിയെ മനസിലാക്കി, വ്യക്തിയുടെ കുടുംബത്തോടും സുഹൃത്തുക്കളോടും ചർച്ച ചെയ്ത്, വ്യക്തിയുമായി ആശയവിനിമയം നടത്തി ലക്ഷ്യങ്ങൾ നിശ്ചയിക്കുക എന്നതാണ്. സന്ദർഭാനുസരണമായ വഴികൾ നിർദേശിച്ച് ആ ലക്ഷ്യങ്ങൾ സമയാനുഷ്ഠിതമായി നേടുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം. ആവശ്യമായി വന്നാൽ രൂപരീതികളിൽ മാറ്റം വരുത്തി, പുനർനിശ്ചയിക്കേണ്ടിയും വരും.
പൂർണ്ണമായും ശാസ്ത്രാധിഷ്ഠിതമായ ഒരു മേഖലയാണിത്. പ്രസ്തുത സാഹചര്യത്തിൽ ഏതു മാർഗ്ഗമാണ് വ്യക്തിക്ക് ചേരുക, ഏതു ജോലിയായിരിക്കും നീണ്ടകാല ജീവിതത്തിൽ സന്തോഷം നൽകുക എന്നതൊക്കെ വിലയിരുത്തുക എളുപ്പമുള്ള കാര്യമല്ല. ശാസ്ത്രത്തിൽ അറിവ്, ആശയവിനിമയ മികവ്, ദീർഘവീക്ഷണം, വിശകലന മികവ്, നിരീക്ഷണ പാടവം, തീരുമാനങ്ങളെടുക്കുവാനുള്ള കഴിവ് എന്നിവയെല്ലാം ഈ ജോലിക്ക് നിർണ്ണായകമാണ്.
തമിഴ് നാട്ടിലെ ജെ.കെ.എം.എം.ആർ.എഫ്. കോളേജ് ഓഫ് ഒക്യുപേഷണൽ തെറാപ്പി, കൊൽക്കത്തയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടീവ് ഡിസബിലിറ്റിസ്, മുംബൈയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, കട്ടക്കിലെ എൻ.ഐ.ആർ.ടി.എ.ആർ. ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ ഇൻസ്റ്റിറ്റ്യൂട്ട്, മണിപ്പാലിലെ സ്‌കൂൾ ഓഫ് അലൈഡ് ഹെൽത് സയൻസസ്, വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഒക്യുപ്പേഷണൽ തെറാപ്പി കോഴ്‌സുകൾ ലഭ്യമാണ്.