VYSAKH K R  | STARTUP ANALYST

ഇന്ന് കേരളത്തിലെ പ്രധാനപെട്ട നഗരങ്ങളിൽ എവിടെ തിരിഞ്ഞാലും യൂബർ ഈറ്റ്സ്, സ്വിഗ്ഗി, സോമാറ്റോ എന്നീ കമ്പനികളുടെ ബാഗുമായി ബൈക്കിൽ സഞ്ചരിക്കുന്ന ഡെലിവറി എക്സിക്യൂട്ടീവ്സിനെ നമുക്ക് കാണാൻ കഴിയും. എന്നാൽ ഒരു 3 കൊല്ലം മുൻപ്, ഇവ എല്ലാം റോഡിൽ വരാൻ തുടങ്ങുന്ന കാലത്തിനും മുൻപ്, കൊച്ചിയിൽ ഫുഡ് പാണ്ട എന്ന കമ്പനി ഫുഡ് ഡെലിവറി ആപ്പ് എന്ന ആശയവുമായി വന്നിരുന്നു. ഇതിനുള്ള മാർക്കറ്റ് ആയിട്ടില്ല എന്ന് പറഞ്ഞു കേരളത്തിൽ അവര് പ്രവർത്തനം അവസാനിപ്പിക്കുകയാണുണ്ടായത്. എന്നാൽ, ഈ കാലയളവിൽ, കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചിയിൽ മറ്റൊരു ഫുഡ്ടെക് സ്റ്റാർട്ടപ്പ് കമ്പനിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു.

The story of Oru pothichoru

“ഒരു പൊതിച്ചോറ്”

ഫുഡ് പാണ്ട തോറ്റുമടങ്ങിയ കൊച്ചിയിൽ ഒരു വ്യത്യസ്ത ആശയവുമായി ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയിൽ ഇറങ്ങുന്ന തങ്ങൾക്കു ഒരു സ്ഥാനമുണ്ട് എന്ന വിശ്വാസമായിരുന്നു ഈ കമ്പനിയുടെ അമരക്കാരായ ലജേഷിന്റെയും ഷമീലയുടെയും മനസ്സിൽ. ഇന്ന് കൊച്ചിയിലും കേരളത്തിന്റെ പല നഗരങ്ങളിലും വിദേശ നിക്ഷേപ സഹായങ്ങളോടുകൂടി പ്രവർത്തിക്കുന്ന യൂബർ ഈറ്റസ്, സ്വിഗ്ഗി, സോമാറ്റോ എന്നിവ നിരത്തു കയ്യടക്കുമ്പോൾ ഇവക്കിടയിലും, ലജേഷിന്റെയും ഷമീലയുടെയും ക്‌ളൗഡ്‌ കിച്ചൻ ഫുഡ് ടെക് സ്റ്റാർട്ടപ്പായ ഒരു പൊതിച്ചോറ് കൊച്ചിയുടെ ചെറുസ്പന്ദനമായി മാറുകയാണ്.

2014 ന്റെ അവസാന കാലത്തു ഒരു കൺസൾട്ടൻസി കമ്പനിയിൽ ജോലി ചെയുക ആയിരുന്ന ലജേഷിന്‌ കൊച്ചി നഗരത്തിൽ ജോലി ചെയ്യുന്ന ഏതൊരു ബാച്‌ലർ യുവാക്കളെയും പോലെ, നല്ല രുചിയുള്ള സുരക്ഷിതമായ ഭക്ഷണം എന്നുള്ളത് ഒരു വലിയ പ്രശ്നം തന്നെ ആയിരുന്നു. രാവിലെയും രാത്രിയും എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്തു പോകാം എന്നുണ്ടെങ്കിലും ഉച്ചഭക്ഷണം എന്നുള്ളത് പലപ്പോഴും ഒരു ദുരനുഭവമായിരുന്നു, അല്ലെങ്കിൽ നല്ല പൈസ ചിലവ് വരുന്ന ഒരു കാര്യം ആയിരുന്നു. എന്നാൽ മറ്റെല്ലാ യുവാക്കളെയും പോലെ അഡ്ജസ്റ്റ് ചെയ്യാം എന്നായിരുന്നില്ല ലജേഷിന്റെ ചിന്ത. ഇതിനെങ്ങനെ തനിക്കും മറ്റുള്ളവർക്കും ഒരു പരിഹാരം കൊണ്ട് വരാം എന്ന് ആയിരുന്നു ലജേഷ് ആലോചിച്ചത്. ഈ ചിന്തയിൽ നിന്നാണ്, ഓൺലൈൻ ഓർഡർ പ്രകാരം കൊച്ചിയിൽ ഉച്ച ഭക്ഷണം ആളുകളുടെ കൈയിൽ നേരിട്ട് എത്തിക്കുക എന്ന ആശയത്തിൽ എത്തിച്ചേരുന്നത്. കൺസൾട്ടൻസി കമ്പനിയിൽ ജോലി ചെയുമ്പോൾ ജോലി സംബന്ധമായി പരിചയപ്പെട്ട ഷമീല എന്ന സുഹൃത്തിനോട് തന്റെ ആശയം ലജേഷ് പങ്കുവെച്ചു. ഷമീലക്ക് ഈ ആശയം ഇഷ്ടമാവുകയും, ‘ഒരു പൊതിച്ചോറ്’ എന്ന ഫുഡ് ടെക് സ്റ്റാർട്ടപ്പ് കമ്പനിക്കു രണ്ടുപേരും ചേർന്നു രൂപം കൊടുക്കുകയും ചെയ്തു.

ലജേഷും ഷമീലയും

മലയാളികൾക്ക് ഉച്ച ഭക്ഷണമായി മറ്റെന്ത് കഴിച്ചാലും കിട്ടാത്ത സുഖമാണ് നല്ല ഒരു ഊണ്കഴിച്ചാൽ കിട്ടുക. ഉച്ചക്ക് കിട്ടുന്ന വാഴയിലയിൽ പൊതിഞ്ഞ പൊതിച്ചോറ് മലയാളികൾക്ക് ഒരു നൊസ്റ്റാൾജിയതന്നെയാണ്. ഈ രണ്ടു കാര്യവും കൂട്ടി യോജിപ്പിച്ചു ആണ് ലജേഷ്, തന്റെ ഫുഡ് ഡെലിവറി ശൃംഖലക്ക് ‘ഒരു പൊതിച്ചോറ്’ എന്ന് പേര് നൽകിയതും, പൊതിച്ചോറായിത്തന്നെ ഡെലിവറി ചെയ്യാം എന്ന് തീരുമാനിക്കുന്നതും. ഫുഡ് പാണ്ട പോലുള്ള ഒരു കമ്പനി തോറ്റു മടങ്ങിയ സ്ഥലത്തേക്കു ഒരു ഓൺലൈൻ ഫുഡ് ഡെലിവറി ശൃംഖലയുമായി ഇറങ്ങി തിരിക്കുമ്പോൾ, പലരിൽ നിന്നും പ്രതികൂല പ്രതികരണമാണുണ്ടായത്. നാളത്തേക്കുള്ള ഭക്ഷണത്തിനു ഓൺലൈൻ ഓർഡർ ചെയ്ത് ഓൺലൈൻ വഴി തന്നെ പേമെന്റ് നടത്തുക എന്നുള്ളത് അധികമാരും ചെയ്യാൻ പോകുന്ന ഒരു കാര്യമല്ല എന്ന് പറഞ്ഞു പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചു. ക്യാഷ് ഓൺ ഡെലിവറി എന്ന ആശയം നടപ്പിലാക്കുവാനുള്ള സാമ്പത്തിക അടിത്തറ ഒരുപൊതിച്ചോറു കൂട്ടായ്മക്ക് അന്നുണ്ടായിരുന്നില്ല. എന്നാലും ഒരു പൊതിച്ചോറുമായി മുൻപോട്ട് പോകാൻ തന്നെയായിരുന്നു അവരുടെ തീരുമാനം.

Oru Pothichoru Pack contents

കൊച്ചിയിലെ മാർക്കറ്റ് പഠിക്കുക എന്ന ഉദ്ദേശത്തോടു കൂടി പരീക്ഷണ അടിസ്ഥാനത്തിൽ വെജിറ്റേറിയൻ പൊതിച്ചോറ് മാത്രമായാണ് ഒരു പൊതിച്ചോറ് പ്രവർത്തനം ആരംഭിച്ചത്. ഇതിനു വേണ്ടി www.orupothichoru.com എന്ന വെബ്സൈറ്റ് തുടങ്ങുകയും ചെയ്തു. ആദ്യകാലത്തു 15 മുതൽ 20 ഓർഡറുകൾ വരെ ലഭിക്കുകയും, ലജേഷിന്റെ വീട്ടിൽ വച്ച് തന്നെ ഓർഡറുകൾക്കനുസരിച്ചു ഭക്ഷണം പാചകം ചെയ്തു ഡെലിവർ ചെയുകയുമായിരുന്നു. പിന്നീട് ആവശ്യക്കാരുടെ എണ്ണം പതുക്കെ പതുക്കെ വർധിക്കുകയും, അത് ദിവസം 50 മുതൽ 60 വരെയൊക്കെയെത്തി തുടങ്ങിയപ്പോഴാണ്, സ്വന്തമായി ഒരു കിച്ചൻ എന്ന ആശയം മനസ്സിലുദിക്കുന്നത്. ചോറ്റാനിക്കരയിൽ ഇതിനായി സ്ഥലം കണ്ടെത്തുകയും, അവിടെ നിന്ന് ഭക്ഷണം പാചകം ചെയ്തു കൊച്ചി നഗരത്തിൽ വിതരണം ചെയുകയും ചെയ്തു തുടങ്ങി. ഇതോടു കൂടി, ലജേഷും ഷമീലയും തുടക്കം കുറിച്ച അവരുടെ കൊച്ചു സംരംഭമായ ഒരു പൊതിച്ചോറ്, ഒരു ക്‌ളൗഡ്‌ കിച്ചൻ ഫുഡ് ടെക് സ്റ്റാർട്ടപ്പ് എന്ന സ്ഥാനത്തേക്കു ഉയരുകയായിരുന്നു. ഇതിനു ശേഷം ലജേഷിന്റെയും ഷമീലയുടെയും ഒരുപൊതിച്ചോറിനു തിരിഞ്ഞു നോക്കണ്ടി വന്നിട്ടില്ല.

ഒരു പൊതിച്ചോറ്, ഇന്ന് വിജയകൊടുമുടിയിലേക്കു സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ, ലജേഷ് തന്റെ ബിസിനസ് രംഗത്തെ പരിചയസമ്പത്തുവെച്ചു ഈ രംഗത്തേക്ക് പുതുതായി കടന്നുവരുന്നവർക്ക് ഒരു സന്ദേശവും നൽകുന്നുണ്ട്. ഏതു പ്രോഡക്റ്റ് ആയാലും മാർക്കറ്റിൽ ഇറക്കുന്നതിനു മുൻപ്, നമ്മുടെ പ്രൊഡക്ടിനു ആവശ്യക്കാർ ഉണ്ടോ എന്നാണ് ആദ്യം പഠിക്കേണ്ടത്. നമ്മൾ എന്ത് മികച്ച സർവീസ് കൊടുക്കുന്നു, എന്ത് ക്വാളിറ്റിയിൽ പ്രോഡക്റ്റ് കൊടുക്കുന്നു, ഈ പ്രോഡക്റ്റ് വില്പനയിൽ നിന്ന് ലാഭം എത്ര ഉണ്ടാക്കാൻ പറ്റും, പ്രോഡക്റ്റ് ലാഭത്തിലാക്കാൻ എന്ത് ചെയ്യണം, എന്നുള്ള എല്ലാ കാര്യങ്ങളേക്കാളും പ്രാധാന്യം, പ്രൊഡക്ടിനു ആവശ്യക്കാർ ഉണ്ടോ എന്നുള്ളതിനാണു കൊടുക്കണ്ടത്. അതിൽ നിന്ന് നമ്മുടെ പ്രോഡക്റ്റ് എത്ര ക്വാണ്ടിറ്റിയിൽ മാനുഫാക്ചർ ചെയ്യേണ്ടിവരും, എന്നൊക്കെ ഉള്ള കാര്യങ്ങൾ മനസിലാക്കിയതിനു ശേഷമേ ഒരു ബിസിനസ് തുടങ്ങാവൂ. ഇങ്ങനെ തുടങ്ങുന്നു ലജേഷ് പകർന്നു തരുന്ന അറിവുകൾ.

ഇന്ന് കൊച്ചി നഗരം കീഴടക്കിയിരിക്കുന്ന ഓൺലൈൻ ഫുഡ് ശൃംഖലയിൽ കോടികളുടെ ആസ്തി ഉള്ള കമ്പനികളായ Uber Eats, Swiggy, Zomato എന്നിവയുടെ ഒപ്പം ഒരു പ്രധാനസ്ഥാനം വഹിച്ചുകൊണ്ട് ഒരു പൊതിച്ചോർ ഇന്ന് മുൻപോട്ടു പോകുന്നു. പച്ച, കറുപ്പു, ചുവപ്പു ബാഗുകൾ തോളിൽ ഇട്ടുകൊണ്ട് നഗരത്തിലൂടെ പായുന്ന ഈ വലിയ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികളുടെ ഒപ്പം തന്നെ “ഒരു പൊതിച്ചോറ്” എന്ന് മലയാളത്തിൽ എഴുതിയ ബാഗും കൊണ്ടും ഡെലിവറി ബോയ്സ് പായുന്നു, ആരുടെയോ ഉച്ച ഭക്ഷണവും ബാഗിൽ കരുതികൊണ്ട്.

വെജിറ്റേറിയൻ പൊതിച്ചോറ് മാത്രമായി പ്രവർത്തനമാരംഭിച്ച ഒരു പൊതിച്ചോറ്, ഇന്ന് നോൺ-വെജ് വിഭവങ്ങളടക്കമുള്ള പലതരം പൊതിച്ചോറുകൾ കൊച്ചി നഗരത്തിലെവിടെയും ഡെലിവർ ചെയ്യാൻ സജ്ജമായി മാറിയിരിക്കുകയാണ്.

തന്റെ ബിസിനസ് ആശയത്തിലെ പുതുമപോലെ തന്നെ വളരെയധികം പുതുമ കൊണ്ട് വരണം എന്ന ആഗ്രഹത്തോടെയാണ് ലജേഷും സംഘവും അവരുടെ പൊതിച്ചോറിന്റെ പാക്കേജ് ഡിസൈൻ ചെയ്തത്. പൂർണമായും പ്രകൃതിയുമായി ഇണങ്ങിയുള്ള പാക്കേജിങ് ആണ് ഇവരുടെ മുഖമുദ്ര. വെളുത്ത നിറത്തിലെ പാക്കേജിൽ വളരെ മനോഹരമായി ഒരു പൊതിച്ചോറിന്റെ ലോഗോയും വെച്ചാണ് പാക്കേജ്. ഓരോ പാക്കേജുകളും കൃത്യമായി സീൽ ചെയ്താണ് ആളുകളിലേക്ക് എത്തിക്കുന്നത്.

ലജേഷിന്റെയും ഷമീലയുടെയും കൊച്ചിയിലെ വിജയയാത്ര , അവരെ കേരളത്തിലെ കൂടുതൽ നഗരങ്ങളിലേക്കു ഒരു പൊതിച്ചോറിനെ വ്യാപിപ്പിക്കാൻ പ്രാപ്തരാക്കിയിരിക്കുന്നു. കേരളത്തിലെ ഭക്ഷണതലസ്ഥാനം എന്നറിയപ്പെടുന്ന കോഴിക്കോട് നഗരത്തിലും കഴിഞ്ഞ ആഴ്ച മുതൽ ഒരുപൊതിച്ചോറിന്റെ സേവനം ആരംഭിച്ചിരിക്കുന്നു. തിരുവനന്തപുരം, തൃശൂർ, മലപ്പുറം തുടങ്ങി കേരളത്തിലെ പല ജില്ലകളിലേക്കും അവരുടെ ശൃംഖല വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

ലോകത്ത് എവിടെ പോയാലും ഒരു മലയാളി ഉണ്ടാകും എന്ന് പറയുന്നത് പോലെ, ഭാവിയിൽ മലയാളികൾ എവിടെയെല്ലാം ഉണ്ടോ അവിടെയെല്ലാം ഒരു പൊതിച്ചോറ് ലഭ്യമാണ് എന്ന നിലയിലേക്ക് ഈ ശൃംഖല വളർന്നേക്കാം എന്നാണ് അവരുടെ ഈ ചുരുങ്ങിയ കാലം കൊണ്ടുള്ള വളർച്ച സൂചിപ്പിക്കുന്നത്. ഓർഡർ ചെയ്യാനായി www.orupothichoru.com സന്ദർശിക്കുക.

Also Read: കൈയില്ല, കാലില്ല, ആത്മവിശ്വാസം വേണ്ടുവോളം

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!