റോബർട്ട് ഫ്രോസ്റ്റിന്റെ റോഡ് നോട്ട് ടേക്കൺ എന്ന കവിതയിൽ ചിത്രീകരിച്ചിരിക്കുന്നത് പോലെ, ജീവിതത്തിൽ പലപ്പോഴും പല അവസരങ്ങളിൽ നിന്നും, പല സാദ്ധ്യതകളിൽ നിന്നും, ഒരു ഓപ്ഷൻ മാത്രം തിരഞ്ഞെടുക്കേണ്ടതായി വരും. ഏതാണ് നമ്മൾ തിരഞ്ഞെടുക്കുന്ന മാർഗ്ഗം എന്നത് വളരെ നിർണ്ണായകമായി തീരുകയും ചെയ്യും. അങ്ങനെ വരുമ്പോൾ ഓരോ ഓപ്‌ഷന്റെയും സാധ്യതകൾ ആദ്യമേ വിലയിരുത്തുക എന്നതാവശ്യമാണ്. ആ സാദ്ധ്യതകളുടെ ലോകത്തെ രാജാക്കന്മാരാണ് സ്റ്റാറ്റിസ്റ്റിഷ്യന്മാർ.
ശേഖരിക്കുന്ന കണക്കുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ, ഗണിതശാസ്ത്രപരമായി അതിനെ വിശകലനം ചെയ്ത് ശരിയായ നിഗമനങ്ങളിലെത്തി, ശാസ്ത്ര-സാമ്പത്തിക-എൻജിനീയറിങ് മേഖലകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നവരാണ് സ്റ്റാറ്റിസ്റ്റിഷ്യന്മാർ. നേരിട്ടോ ഓൺലൈനായോ മറ്റ് മാധ്യമങ്ങളിൽ കൂടിയോ സർവേകൾ രൂപപ്പെടുത്തിയെടുത്ത്, പരീക്ഷണങ്ങൾ നടത്തി, അഭിപ്രായ വോട്ടെടുപ്പുകൾ സംഘടിപ്പിച്ച്, വിവരങ്ങൾ കരസ്ഥമാക്കുക, അത് വ്യക്തമായി ആഴത്തിൽ നിരീക്ഷിച്ച് റിപ്പോർട്ടുകളും ഗ്രാഫുകളും ചാർട്ടുകളുമുണ്ടാക്കി അവ തമ്മിലെ ബന്ധങ്ങളും സാധ്യതകളും വിലയിരുത്തുക, എന്നിവയെല്ലാം ഒരു സ്റ്റാറ്റിസ്റ്റിഷ്യന്റെ ജോലിയുടെ ഭാഗമാണ്.
വിദ്യാഭ്യാസം, മാർക്കറ്റിങ്ങ്, മനശാസ്ത്രം, കായികം തുടങ്ങി എല്ലാ മേഖലകളിലും ഇവരുടെ സേവനം ആവശ്യമാണ് എന്നതാണ് മറ്റൊരു സവിശേഷത. സെൻസസ് പോലെയുള്ള വിവിധതരം ഗവണ്മെന്റ് സർവേകൾ, ഡിഫൻസ് മേഖലയിൽ ഓരൊ തന്ത്രങ്ങളുടെയും സാദ്ധ്യതകൾ, വൈദ്യശാസ്ത്ര മേഖലയിൽ രോഗങ്ങളുടെ ഉദ്ഭവം, മരുന്നുകളുടെ ചികിത്സയിലെ ഉപയോഗം എന്നിവ കണക്കാക്കൽ, എന്നിവിടങ്ങളിലെല്ലാം സ്റ്റാറ്റിസ്റ്റിഷ്യന്മാരുണ്ട്. ചിന്തിക്കാനും യുക്തിപരമായ അനുമാനങ്ങളിലെത്താനുമുള്ള കഴിവുള്ളവരാകണം ഈ മേഖലയിലേക്ക് കടന്നു വരുന്നവർ. ഓരോ സാദ്ധ്യതകളുടെയും ശക്തികളും ദൗർബല്യങ്ങളും വിലയിരുത്തുവാനുള്ള കഴിവ്, തീരുമാനങ്ങൾ എടുക്കുവാനുള്ള ശേഷി, ഗണിതശാസ്ത്ര-സ്റ്റാറ്റിസ്റ്റിക്സ് ശാഖകളിലെ പരിജ്ഞാനം, ശബ്‌ദത്തിലൂടെയും എഴുത്തിലൂടെയും ആശയവിനിമയം ചെയ്യാനുള്ള മികവ്, എന്നിവയെല്ലാം ഈ ജോലിക്ക് ആവശ്യമാണ്. കണക്കുകളും വിവരങ്ങളും കൈകാര്യം ചെയ്യുക എന്നത് അത്ര എളുപ്പമായ കാര്യവുമല്ല.
ഇന്ന് ഗൂഗിൾ പോലത്തെ കമ്പനികൾ ലോകത്തൊട്ടാകെയുള്ള ഉപഭോക്താക്കളുടെ ദിനചര്യകൾ – എന്തോക്കെ ഗൂഗിളിൽ തിരയുന്നു, എവിടെയൊക്കെ പോകുന്നു, എന്തൊക്കെ കഴിക്കുന്നു, ആർക്കൊക്കെ എന്തൊക്കെ മെയിലുകൾ അയക്കുന്നു – വരെ ട്രാക്ക് ചെയ്യുമ്പോൾ, ഈ മേഖലകളിലെല്ലാം സ്റ്റാറ്റിഷ്യന്മാരുടെ പ്രസക്തിയും പ്രാധാന്യവും പതിന്മടങ്ങ് വർധിച്ചുകൊണ്ടിരിക്കുകയാണ്. ബിരുദ-ബിരുദാനന്തര ബിരുദ കോഴ്‌സുകൾ രാജ്യത്തുടനീളമുള്ള നിരവധി കോളേജുകളിൽ ലഭ്യമാണ്. യൂണിവേഴ്സിറ്റി ഓഫ് ഡൽഹി, യൂണിവേഴ്സിറ്റി ഓഫ് കശ്മീർ, ഗുൽബർഗ യൂണിവേഴ്സിറ്റി, കോട്ടയത്തെ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, അഹമ്മദാബാദിലെ സി.യു.ഷാ ആർട്സ് കോളേജ്, പട്യാലയിലെ പഞ്ചാബി യൂണിവേഴ്സിറ്റി, എന്നീ ഇൻസ്റിറ്റ്യൂട്ടുകളിലെ കോഴ്‌സുകൾ മികവുറ്റതാണ്.