വൈവിധ്യങ്ങളുടെ നാടായ നമ്മുടെ രാജ്യത്തിൽ മറ്റു സംസ്കാരങ്ങൾ കൂടി കലർന്ന് തുടങ്ങിയതിനു ഒരു പ്രധാന കാരണമാണ് ആഗോളവത്കരണം. ലോകത്തിന്റെ രണ്ടറ്റങ്ങളിലുള്ളവരും ഇന്നൊരു ലോകസമൂഹത്തിന്റെ ഭാഗമാണ്. ആശയവിനിമയ ഉപാധികൾ മുതൽ യാത്രാ മാർഗ്ഗങ്ങൾ വരെ ശാസ്ത്ര പര്യവേക്ഷണങ്ങളും സാങ്കേതികാവിഷ്കാരങ്ങളും ഇന്ന് മനുഷ്യനെ ഒന്നാക്കി മാറ്റുമ്പോഴും, ഒരു പ്രശ്നം പലപ്പോഴും നിലനില്കക്കാറുണ്ട് – ഭാഷ. ഒരു വ്യക്തിയുടെ സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും ചരിത്രത്തിന്റെ ഒരേടാണത്. എന്നാലും രാജ്യാന്തര കമ്പനികൾ പല ദേശങ്ങളിലും സ്ഥാപിതമാകുമ്പോൾ, അവിടെ ഭാഷ ഒരു പ്രശ്നമായി മാറിയാൽ അത് പുരോഗമനത്തെ ബാധിക്കുകയില്ലേ?

ഇന്നത്തെ ഈ സാഹചര്യത്തിൽ ഒട്ടേറെ അവസരങ്ങളുള്ള ഒരു മേഖലയാണ് പരിഭാഷകൻ അഥവാ ട്രാൻസ്‌ലേറ്ററുടേത്. ഇന്റെർപ്രെറ്റർമാരെന്നും ഇവരെ വിളിക്കാറുണ്ട്. ചെയ്യേണ്ടത് ഇത്ര മാത്രം – ഒരു ഭാഷയിൽ നിന്ന് ആവശ്യമായ മറ്റൊരു ഭാഷയിലേക്ക് പറയുന്ന വാക്കുകളുടെ അർത്ഥമോ ഭാവമോ മാറാതെ സൂക്ഷിച്ചു കൊണ്ട്, തർജ്ജമ ചെയ്യുക, അതുവഴി ആശയവിനിമയം എളുപ്പമാക്കുക. പലപ്പോഴും സംസാരത്തിലൂടെയാണ് ജോലി ചെയ്യേണ്ടി വരിക. ഇരുഭാഷ നിഘണ്ഡുക്കൾ തയ്യാറാക്കുക ഈ മേഖലയിലെ വിദഗ്ദ്ധരായിരിക്കും. പലപ്പോഴും ഈ രണ്ടു ഭാഷകളിൽ ഒരെണ്ണം ലോകഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഇംഗ്ലീഷ്‌ ആയിരിക്കും.

പ്രധാനമായും 2 (കൂടുതലുമാകാം) ഭാഷകളിലും ആഴത്തിലുള്ള അറിവ് വേണമെന്നതാണ്. അനായാസമായി സംസാരിക്കുവാനും എഴുതുവാനും വായിക്കുവാനും കഴിഞ്ഞിരിക്കണം. ദേഷ്യത്തിലുള്ള ‘ഡാ!’ എന്ന വാക്കിനും സ്നേഹത്തോടെയുള്ള ‘ഡാ!’ എന്ന വിളിക്കും വ്യത്യാസമുണ്ടെന്ന് പറയേണ്ടതില്ലല്ലോ. ആയതിനാൽ തന്നെ പറയുന്ന വാക്കുകളുടെ അർത്ഥം, സാഹചര്യം, ഭാവം എന്നിവ വ്യക്തമായി തിരിച്ചറിയുവാനും പരിഭാഷ ചെയ്യുമ്പോൾ അത് നഷ്ടപ്പെട്ടു പോകുന്നില്ല എന്ന് ഉറപ്പുവരുത്താനും സാധിക്കണം. പലപ്പോഴും സംസാര ഭാഷയിലെ എല്ലാ അർത്ഥതലങ്ങളും മനസിലാക്കുവാൻ കേവലം ഭാഷാപരിജ്ഞാനം എന്നതിലുപരി സാമൂഹിക-സാംസ്കാരിക അറിവും കൂടി വേണമെന്നതിനാൽ അതിലും അനുഭവമുണ്ടെങ്കിൽ മാത്രമേ കാര്യക്ഷമമായി ഈ ജോലിയിലേർപ്പെടുവാൻ സാധിക്കുകയുള്ളു.

ആംഗ്യഭാഷ ഇൻറ്റർപ്രറേറ്റർമാരും ധാരാളമായി മേഖലയിലുണ്ട്. വിദ്യാഭ്യാസ യോഗ്യതകളേക്കാൾ ഭാഷാജ്ഞാനമാണ് വേണ്ടതെങ്കിലും കോഴ്‌സുകൾ ചെയ്യുന്നത് മുന്നോട്ടുള്ള യാത്ര എളുപ്പമാക്കും. കേരളത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (ക്യൂസാറ്റ്) ട്രാൻസ്‌ലേഷനിൽ ബിരുദാനന്തര ബിരുദ കോഴ്സ് നൽകുന്നുണ്ട്. ഷിംലയിലെ ഹിമാചൽ പ്രദേശ് യൂണിവേഴ്‌സിറ്റിയും കോഴ്സ് നൽകുന്നുണ്ട്. ഭാഷ കോഴ്‌സുകളും ചെയ്യാവുന്നതാണ്.

Read More: കേരള സ്റ്റാർട്ടപ്പ് മിഷന് കേന്ദ്ര ഗവൺമെന്റ് അവാർഡ്

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!