സംസ്ഥാനത്തെ 90 ഐ.ടി.ഐകളിലെ മുഴുവന്‍ കോഴ്‌സുകള്‍ക്കും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയ്‌നിങ് -എന്‍.സി.വി.ടി. അംഗീകാരം. ഐ.ടി.ഐകള്‍ കേന്ദ്രമാക്കി നടക്കുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിക്ക് വന്‍ പ്രോത്സാഹനമാണ് ഈ നടപടി.
93 സര്‍ക്കാര്‍ ഐ.ടി.ഐകളിലായി നിലവിലുള്ള 1,440 യൂണിറ്റുകളില്‍ 857 എണ്ണത്തിനു മാത്രമാണ് എന്‍.സി.വി.ടി. അംഗീകാരമുണ്ടായിരുന്നത്. ഇവിടെനിന്ന് പഠിച്ചിറങ്ങുന്ന 18,000 വിദ്യാര്‍ഥികള്‍ക്ക് മാത്രമേ കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റിന് അംഗീകാരമുണ്ടായിരുന്നുള്ളൂ. ശേഷിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ട്രേഡ് സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. 569 യൂണിറ്റുകള്‍ക്കുകൂടി എന്‍.സി.വി.ടി. അംഗീകാരം നേടിയെടുത്തതോടെ പുതിയതായി 12,000 വിദ്യാര്‍ഥികള്‍ക്കുകൂടി നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഐ.ടി.ഐകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി അടുത്തിടെ പ്രത്യേക പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയിരുന്നു. ഇത്തരത്തില്‍ ജാഗ്രതയോടെയുള്ള ഇടപെടല്‍ ഉണ്ടായതാണ് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ഐ.ടി.ഐകള്‍ക്കും അതിവേഗം എന്‍.സി.വി.ടി. അംഗീകാരം ലഭിക്കുന്നതിനു കാരണമായത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതിയതായി 11 സര്‍ക്കാര്‍ ഐ.ടി.ഐകള്‍ കൂടി ആരംഭിച്ചിരുന്നു.