ആതിര ഗോപിനാഥ്

ഡബ്‌ സ്മാഷുകളുടെ കളിയാണ് എവിടെ തിരിഞ്ഞാലും. പാട്ടു റെക്കോര്‍ഡ് ചെയ്തും ലൈവ് വീഡിയോ എടുത്തും സകലരും സ്റ്റാറാകുമ്പോള്‍ നമുക്കും തോന്നാം ഒന്ന് നമുക്കും പയറ്റിനോക്കാമെന്ന്. പക്ഷേ, സ്വന്തം ശബ്ദം റെക്കോര്‍ഡ് ചെയ്തു കേള്‍ക്കുമ്പോഴാണ് പണി പാളുന്നത്. നമ്മുടെ ശബ്ദം നമുക്ക് ഇഷ്ടമായിരിക്കില്ല. നമ്മുടെ ശബ്ദത്തോടും മുഖത്തോടും വല്ലാത്തോരു അപരിചിത്വം ആയിരിക്കും തോന്നുക. ഇത് എന്തുകൊണ്ടാണെന്നറിയുമോ? അതിനു പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ട്.

സംസാരിക്കുമ്പോള്‍ നാം നമ്മുടെ ശബ്ദം കേള്‍ക്കാറുണ്ട്. അതാണ് നമ്മുടെ ശബ്ദമെന്നാണ്, അല്ലെങ്കില്‍ അങ്ങനെയാണ് മറ്റുള്ളവര്‍ നമ്മെ കേള്‍ക്കാറെന്നാണ് നാം കരുതുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല. നാം കേള്‍ക്കുന്ന ശബ്ദമേ അല്ല ചുറ്റുമുള്ളവര്‍ക്ക് നമ്മുടെ ശബ്ദമായി കേള്‍ക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ അവനവന്റെ ശബ്ദം നമ്മള്‍ കേള്‍ക്കുന്ന പോലെ ലോകത്ത് നമ്മള്‍ മാത്രമേ കേള്‍ക്കുന്നുള്ളൂ എന്ന്. അതെങ്ങനെയെന്നല്ലേ? പറയാം. അതിനാദ്യം ശബ്ദമെങ്ങനെ ഉണ്ടാകുന്നുവെന്ന് അറിയണം. ശബ്ദമുണ്ടാക്കാന്‍ നമ്മുടെ തൊണ്ടയിലെ സ്വനതന്തുക്കളെ (VOCAL CHORDS) വിറപ്പിക്കുകയാണ് (VIBRATION) നാം ചെയ്യുന്നത്. ഈ വിറയൽ വായുവിലൂടെ തരംഗങ്ങളായി സഞ്ചരിച്ച് അടുത്തു നില്‍ക്കുന്ന ആളുടെ കര്‍ണ്ണപടത്തെ വിറപ്പിക്കുന്നു.

ഈ വിറയൽ വൈദ്യുത തരംഗങ്ങളായി തലച്ചോറിലെത്തുന്നു. തലച്ചോറ് ഈ തരംഗങ്ങളെ ശബ്ദങ്ങളായി മാറ്റുന്നു. അങ്ങനെയാണ് നാം ശബ്ദം കേള്‍ക്കുന്നത്. മറ്റുള്ളവരുടെ ശബ്ദം നമ്മളും നമ്മുടെ ശബ്ദം മറ്റുള്ളവരും കേള്‍ക്കുന്നത്. പക്ഷേ, നമ്മുടെ ശബ്ദം നമ്മുടെ തലച്ചോറിലെത്തുന്നതില്‍ ചെറിയ വ്യത്യാസമുണ്ട്. വിറയലിലൂടെ വായുവിലേക്ക് എത്തുന്ന ശബ്ദതരംഗങ്ങള്‍ നമ്മുടെ ചെവിയിലും എത്തി തലച്ചോറിലേക്ക് സഞ്ചരിച്ച് ശബ്ദമായി മാറും. അതോടൊപ്പം തൊണ്ടയിലെ സ്വനതന്തുക്കളില്‍ ഉണ്ടാകുന്ന വിറയലും സമാന്തരമായി ശരീരത്തിലൂടെ സഞ്ചരിച്ച് തലച്ചോറില്‍ എത്തുന്നു. ചുരുക്കത്തില്‍ ഇവ രണ്ടും ഒന്നിച്ചാണ് നാം കേള്‍ക്കുന്നത്. അങ്ങനെ മുഴക്കം കൂടിയ ശബ്ദമാണ് നമ്മുടെ ശബ്ദമായി നാം അറിയുന്നത്. ഇതുതന്നെയാണ് ‘എന്റേത് നല്ല ശബ്ദമല്ലേ’ എന്ന് പലരും ചോദിക്കുമ്പോള്‍, ‘അയ്യേ! പാറയില്‍ ഉരയ്ക്കുന്ന ശബ്ദം പോലെയല്ലേ’ എന്ന് അവിശ്വസനീസമായ മറുപടി പലപ്പോഴും ലഭിക്കുന്നതിനു കാരണം.

എന്നാല്‍, നിങ്ങളുടെ ശബ്ദം മറ്റുള്ളവര്‍ എങ്ങനെ കേള്‍ക്കുന്നുവോ അങ്ങനെയാണ് നിങ്ങളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത നിലയിൽ നിങ്ങള്‍ കേള്‍ക്കുക. സ്പീക്കര്‍ തിരിച്ചുകേള്‍പ്പിക്കുക മറ്റുള്ളവര്‍ക്ക് പരിചിതമായ നിങ്ങളുടെ ശബ്ദമായിരിക്കും. നിങ്ങള്‍ക്ക് പരിചിതമായ മുഴക്കം കൂടിയ ശബ്ദമല്ല! ഈ അപരിചിതത്വമാണ്, ആ കേള്‍ക്കുന്ന ശബ്ദത്തെ അംഗീകരിക്കാന്‍ സ്വയം കഴിയാത്തതാണ് റെക്കോര്‍ഡ് ചെയ്യപ്പെട്ട സ്വന്തം ശബ്ദത്തോട് ഇഷ്ടക്കേട് വരാന്‍ കാരണം.

ഇതുതന്നെയാണ് ക്യാമറയില്‍ കാണുന്ന നമ്മുടെ മുഖത്തോടും തോന്നുന്നത്. കണ്ണാടിക്കു മുന്നില്‍ നിന്ന് നന്നായി ഒരുങ്ങി, കൊള്ളാം എന്നൊക്കെ മനസ്സില്‍ കരുതിയായിരിക്കും നാം പുറത്തുപോകുന്നത്. പക്ഷേ, കൂട്ടുകാര്‍ക്കൊപ്പം ഫോട്ടോയോ വീഡിയോയോ എടുക്കുമ്പോള്‍ കൂടെ നിന്നവരെയൊക്കെ പരിചിതമായി തോന്നുമെങ്കിലും നമ്മോട് അപരിചിതത്വം തോന്നിയേക്കാം. ഇങ്ങനെയല്ലല്ലോ താന്‍ രാവിലെ കണ്ണാടിയില്‍ കണ്ട രൂപമെന്ന് നാം ഓര്‍ക്കും. പക്ഷേ, കണ്ണാടിയില്‍ നാം കാണുന്നത് മറ്റുള്ളവര്‍ നമ്മെ കാണുന്നതിന്റെ ഇടം വലം തിരിഞ്ഞ രൂപമാണ്. നമ്മുടെ മുഖത്തിന്റെ സമമിതി എത്രത്തോളം വ്യത്യസ്തമാണ് എന്നതിനനുസരിച്ച് കണ്ണാടിയില്‍ നാം കാണുന്ന പ്രതിബിംബത്തിനും വ്യത്യാസമുണ്ടായിരിക്കും. ഇത്തരത്തില്‍ കണ്ണാടിയില്‍ കാണുന്ന വ്യത്യാസമുള്ള പ്രതിബിംബത്തേയാണ് നാം നമ്മുടേതായി കരുതിപ്പോരുന്നത്. എന്നാല്‍ നമ്മുടെ രൂപവും മൂക്കിന്റെ വളവോ ചിരിക്കുമ്പോഴുള്ള ചെരിവോ ഒക്കെ നേരിട്ടുകാണുന്ന കൂട്ടുകാര്‍ക്ക് ഫോട്ടോയിലെയോ വീഡിയോയിലെയോ രൂപത്തോട് ഒരു അപരിചിതത്വവും ഉണ്ടാകില്ല. അവരുടെ രൂപത്തോട് നമുക്ക് തോന്നുന്ന സുപരിചിതത്വം പോലെ തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!