നീൽ ആംസ്ട്രോങ്, ബസ് ആൽഡ്രിൻ, യൂറി ഗഗാറിൻ, വാലെന്റിന ടെരഷ്കോവ, രാകേഷ് ശർമ്മ, കല്പന ചൗള – സ്‌കൂൾ ജീവിതത്തിൽ സുപരിചിതമായ കുറച്ച് പേരുകളാണിവ. ഇവരെല്ലാം ഭൂമിയുടെ ഉയരങ്ങളെയും ഭേദിച്ച് യാത്ര ചെയ്തവരാണ്. ബഹിരാകാശ യാത്രക്കാർ! പ്രപഞ്ചത്തിന്റെ കാണാമറയത്തേക്ക് കടന്നു പോകുവാനുള്ള മനുഷ്യന്റെ ശ്രമത്തിന്റെ ഏറ്റവും പുതിയ അധ്യായമാണ് ഇലോൺ മസ്ക്കിന്റെ സ്‌പേസ് എക്സ് നമുക്ക് മുന്നിലേക്ക് നീട്ടിയിരിക്കുന്നത് – 2024 ൽ മനുഷ്യനെ ചൊവ്വയിലെത്തിക്കുന്ന സജ്ജീകരണങ്ങൾ പിന്നണിയിൽ അരങ്ങേറുകയാണ്.

നക്ഷത്ര സഞ്ചാരി എന്നർത്ഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് ആസ്ട്രോനോട്ട് എന്ന വാക്കിന്റെ ഉദ്ഭവം. അതിനൂതന ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഫലമായ പേടകങ്ങളിൽ ബഹിരാകാശത്തേക്ക് പോകുന്നവരാണിവർ – വെറുതെ പോകുകയല്ല, പഠനങ്ങൾ നടത്തുവാനും നിരീക്ഷണങ്ങൾ നടത്തി സ്ഥിതികൾ വിലയിരുത്തി വിശകലങ്ങളിൽ നിന്ന് അനുമാനങ്ങളിലേക്കെത്തുവാനാണ് ഈ പ്രയാണം. ഈ മേഖലയിലേക്കെത്തുന്നവർക്ക് ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷൻ അഥവാ ഐ.എസ്.എസ്സിൽ യാത്ര ചെയ്യുവാനുള്ള അവസരം ലഭിക്കാം. ഗുരുത്വാകർഷണമില്ലാത്ത സാഹചര്യങ്ങളിൽ, ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള വേദിയാണീ സ്‌പേസ് സ്റ്റേഷൻ.

ശാസ്ത്ര വിഷയങ്ങളിൽ ആഴത്തിലുള്ള പരിജ്ഞാനം, സാങ്കേതികവിദ്യകളിലും ശാസ്ത്ര ആവിഷ്കാരങ്ങളിലും നല്ല അറിവ്, കഠിനാദ്ധ്വാനം ചെയ്യുവാനുള്ള ദൃഢത, ക്ഷമ, ആശയവിനിമയ മികവ്, തീരുമാനങ്ങൾ സ്വീകരിക്കാനുള്ള ശേഷി, മനസ്സാന്നിധ്യം, ടീമുമായി ഇടചേർന്നു പോകുവാനുള്ള കഴിവ്, നിരീക്ഷണ പാടവം, നിഗമനങ്ങളിലെത്തുവാനുള്ള കഴിവ് എന്നിവയെല്ലാം ജോലിക്ക് അനിവാര്യമാണ്. എന്നാൽ ഇതിലെല്ലാമുപരിയായി വെല്ല്ലുവിളികൾ നേരിടുവാനുള്ള മനക്കരുത്തും വേണം. ഇവിടെ തന്നെ ഗവേഷകൻ, എൻജിനീയർ, ശാസ്ത്രജ്ഞൻ എന്നിങ്ങനെയുള്ള മേഖലകളിൽ ജോലി ചെയ്യാവുന്നതാണ്. ശരാശരി 20 വര്ഷത്തിലേറെയുള്ള പരിശീലനം കൊണ്ട് മാത്രമേ ഈ ജോലിയിലെത്തിപ്പെടുവാൻ സാധിക്കുകയുള്ളു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. കായികക്ഷമതയും സർവ്വ പ്രധാനമായ ഒരു ഘടകമാണ്.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളുൾപ്പെട്ടിട്ടുള്ള പ്ലസ് ടു വിദ്യാഭ്യാസമാണ് എയ്റോസ്‌പേസ് എൻജിനിയറിങ് ബിരുദ കോഴ്‌സുകൾക്കനുയോജ്യമായത്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, മുംബൈ, കാൺപൂർ, ചെന്നൈ, ഖരഗ്പൂർ എന്നിവിടങ്ങളിലെ ഐ.ഐ.ടികൾ, തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി (ഐ.ഐ.എസ്.ടി.), ചെന്നൈയിലെ അണ്ണാ യൂണിവേഴ്സിറ്റി, ഉത്തർ പ്രദേശിലെ ഫിറോസ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി എന്നിവയാണ് രാജ്യത്ത് ബഹിരാകാശ ഗവേഷണ രംഗത്തെ കോഴ്‌സുകൾ ലഭ്യമാക്കിയിട്ടുള്ള സ്ഥാപനങ്ങളിൽ ചിലത്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!