ഈ വര്‍ഷത്തെ ടൈംസ് ലോക സര്‍വ്വകലാശാല റാങ്ക് പട്ടിക പുറത്തിറങ്ങി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയിൽ നിന്ന് പുതിയതായി 7 സര്‍വ്വകലാശാലകൾ കൂടി ഇടം പിടിച്ചിട്ടുണ്ട്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ് ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ ഒന്നാമത്. ലോക റാങ്കിങില്‍ 251-300 വരെ റാങ്കുകള്‍ വരുന്ന പട്ടികയിലാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഇടം നേടിയത്.
86 രാജ്യങ്ങളില്‍ നിന്നായി 1,250 സര്‍വ്വകലാശാലകളാണ് പട്ടികയില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം 42 ഇന്ത്യന്‍ സര്‍വ്വകലാശാലകളാണ് പട്ടികയിലുണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് 49 ആയി വര്‍ദ്ധിച്ചു. ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് ഇന്‍ഡോര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി രണ്ടാമത്തെ മികച്ച ഇന്ത്യന്‍ സര്‍വ്വകലാശാലയായി ഉയര്‍ന്നു. 351-400 റാങ്ക് പട്ടികയിലാണ് ഐ.ഐ.ടി. ഇന്‍ഡോര്‍ ഇടം പിടിച്ചത്. ഐ.ഐ.ടി. ബോംബെ 401-500 റാങ്ക് പട്ടികയിലേക്കാണ് ഇത്തവണ പിന്തള്ളപ്പെട്ടത്.
ഓക്‌സ്‌ഫഡ് സര്‍വ്വകലാശാല തുടര്‍ച്ചയായി മൂന്നാം തവണയും ലോക റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കേംബ്രിജ് സര്‍വ്വകലാശാല രണ്ടാമതും അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വ്വകലാശാല മൂന്നാമതുമാണ്.
ഏഷ്യാ സര്‍വ്വകലാശാല റാങ്കിങ്ങില്‍ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് 29-ാം സ്ഥാനത്ത് എത്തിയിരുന്നു. ഐ.ഐ.ടി. ഇന്‍ഡോര്‍ കന്നി പ്രവേശത്തില്‍ തന്നെ ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഗവേഷണത്തിലും അനുബന്ധ മേഖലയിലുമാണ് ഐ.ഐ.ടി. ഇന്‍ഡോര്‍ മാര്‍ക്ക് കൂടുതല്‍ നേടിയത്.
ദക്ഷിണേന്ത്യയിലെ അമൃത സര്‍വ്വകലാശാല 801-1000 റാങ്കുകളുടെ പട്ടികയില്‍ നിന്ന് 601- 800 റാങ്ക് പട്ടികയിലേക്ക് ഉയര്‍ന്നു. റാങ്ക് പട്ടികയിലേക്കുയര്‍ന്ന മറ്റു ഐ.ഐ.ടികളില്‍ ഭുവനേശ്വറും ഹൈദരാബാദും പുണെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് റിസര്‍ച്ച് സെന്ററും ആന്ധ്രാപ്രദേശിലെ ആചാര്യ നാഗാര്‍ജ്ജുന സര്‍വ്വകലാശാലയും ഉണ്ട്. മറ്റ് പ്രധാന സര്‍വ്വകലാശാലകളില്‍ മൈസൂരിലെ ജെ.എസ്.എസ്. അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷനും( 500 റാങ്കിനുള്ളില്‍) സാവിത്രിഭായ് ഫൂലെ പുണെ സര്‍വ്വകലാശാലയും (501-600) ജാദവ്പുര്‍ , ഡല്‍ഹി, പഞ്ചാബ് സര്‍വ്വകലാശാലകളും (601-800) ഉണ്ട്.
നൂതന ആശയങ്ങളും ലക്ഷ്യങ്ങളുമുള്ള ഇന്ത്യയെപ്പോലൊരു രാജ്യത്തിന് ആഗോളതലത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ നയിക്കാനുള്ള ശക്തിയുണ്ടെന്ന് ടൈംസ് ലോക റാങ്കിങിന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ ഫില്‍ ബേറ്റി അഭിപ്രായപ്പെട്ടു. എന്നാല്‍ ചില സര്‍വ്വകലാശാലകള്‍ റാങ്കിങില്‍ ഇയര്‍ന്നുവെങ്കിലും പല ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മാറ്റമില്ലാതിരിക്കുകയോ താഴേക്ക് പോകുകയോ ആണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌ക്കരണവും സുസ്ഥിര നിക്ഷേപവും മേഖലയിലെ സമഗ്ര പൂരോഗതിയും ഗവേഷണങ്ങള്‍ കൂടാനും അതുവഴി ആഗോളതലത്തില്‍ മതിപ്പുണ്ടാക്കാനും കഴിയുമെന്നും ഫില്‍ ബേറ്റി അഭിപ്രായപ്പെട്ടു.