സ്വപ്നത്തിലേക്കെത്താനുള്ള ലക്ഷ്യ ഉണ്ടാക്കിയാല്‍ മാത്രം പോരാ. സ്വപ്നങ്ങളെ പിന്തുടര്‍ന്ന് നേടിയെടുക്കാനും വേണം ചില രീതികള്‍. കൃത്യമായ ആസൂത്രണമില്ലാത്ത ലക്ഷ്യങ്ങള്‍ വെറും ആഗ്രഹങ്ങള്‍ മാത്രമാണ്. അതുകൊണ്ടു തന്നെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുഉള്ള വ്യക്തമായ പാതയാണ് നാം ആദ്യമായി വെട്ടിത്തെളിക്കേണ്ടത്. അത്തരം ചില വഴികള്‍ ഇതാ.

സ്വപ്നങ്ങളെ ലക്ഷ്യങ്ങളാക്കൂ

സ്വപ്നങ്ങള്‍ പലപ്പോഴും അവ്യക്തമായ മനോഹര ചിത്രങ്ങളായിരിക്കും. അവയെ സംഭവിക്കേണ്ട കാര്യങ്ങളായി വ്യക്തമായി തരം തിരിക്കുകയാണ് ആദ്യം വേണ്ടത്. എന്ത് എപ്പോള്‍ എന്ന ചോദ്യങ്ങള്‍ക്കു ഉത്തരം ലഭിക്കുന്ന വിധത്തില്‍ ആയിരിക്കണം ലക്ഷ്യം നിര്‍വചിക്കാന്‍.

പണമുണ്ടാക്കുക എന്നതാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ അതിനെ 2 വര്‍ഷം കൊണ്ട് 50 ലക്ഷം രൂപയുണ്ടാകണം എന്നോ മറ്റോ മാറ്റിയെഴുതണം. അങ്ങനെ ഒരുപാട് കാലത്തെ നിങ്ങളുടെ ആഗ്രഹത്തെ വ്യക്തമായ ലക്ഷ്യമായി നിങ്ങള്‍ ക്രമീകരിക്കുകയാണ് . ഇങ്ങനെ ചെയ്യുന്നത് അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നത് എളുപ്പമാക്കും.

പിന്നില്‍നിന്ന് തുടങ്ങാം

ലക്ഷ്യം ഉറപ്പിച്ചാല്‍ അവിടേക്കു എത്താന്‍ എന്തൊക്കെ ചെയ്തുതീര്‍ക്കണമെന്നു പദ്ധതി ഉണ്ടാക്കുക. വലിയ ലക്ഷ്യത്തില്‍ എത്താന്‍ ചെറിയ ചെറിയ ഒരുപാടു ലക്ഷ്യങ്ങള്‍ നാം പൂര്‍ത്തീകരിക്കേണ്ടിവരും. അവ എപ്പോള്‍ എങ്ങനെ ചെയ്യുമെന്നാണ് പിന്നെ തീരുമാനിക്കേണ്ടത്. നിങ്ങള്‍ക്ക് മോഡല്‍ ആകാനാണ് ആഗ്രഹമെങ്കില്‍ ആദ്യം മുഖവും ശരീരവും ഫിറ്റ് ആകുക എന്ന ലക്ഷ്യമാണ് ചെയ്തു തീർക്കേണ്ടത്. അതിനു വ്യായാമം ചെയ്യുകയോ ഭക്ഷണം ക്രമീകരിക്കുകയോ ചെയുക എന്ന ആദ്യപടി നടപ്പാക്കണം. അങ്ങനെ ആഗ്രഹത്തിലേക്കു വെച്ചടി വെച്ചടി നിങ്ങള്‍ നടന്നു കയറും

തെറ്റുകള്‍ വന്നോട്ടെ, ശ്രമം തുടരുക

നിങ്ങള്‍ ഒരു ലക്ഷ്യത്തിലേക്കു എത്താന്‍ ഒരുപാടു ശ്രമങ്ങള്‍ നടത്തും. ചിലപ്പോള്‍ അവ നിങ്ങളുടെ സ്വപ്നത്തിലേക്കുള്ള യാത്രയെ ത്വരിതപ്പെടുത്തും. ചിലപ്പോള്‍ അവ ആവിശ്യമില്ലാത്തതായിരിക്കും. അത് ചെയ്തു തുടങ്ങുമ്പോള്‍ മാത്രമാണ് എന്താണ് തനിക്ക് കൂടുതല്‍ യോജിക്കുന്നതെന്നും എന്ത് വേണ്ട എന്നും മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. ഓരോ യാത്രയും പരാജയങ്ങളും വിജയങ്ങളും നിറഞ്ഞതായിരിക്കും . യാത്ര ആരംഭിച്ചാല്‍ മാത്രമേ കുറവുകള്‍ നമുക്കുണ്ടെന്നു മനസിലാക്കാന്‍ സാധിക്കുകയുള്ളു. എത്ര പ്രിയപ്പെട്ടതാണെങ്കിലും ചില രീതികള്‍ ഫലപ്രദമല്ലെങ്കില്‍ അവയെ വിട്ടുകളയാനുള്ള മനഃസ്ഥിതിയും നിങ്ങള്‍ക്കു ആവശ്യമാണ് .

മറ്റുള്ളവരില്‍ നിന്നു പാഠം പഠിക്കുക

സ്വന്തം പദ്ധതി ഉണ്ടാകുന്നതും തന്റേതായ രീതിയില്‍ കാര്യങ്ങള്‍ ചെയ്തു തുടങ്ങുന്നതും നല്ലതാണ്. അതോടോപ്പം സമാനമായ ലക്ഷ്യങ്ങള്‍ ഉള്ളവരുടെ രീതികള്‍ അറിയുന്നതും ചിലപ്പോള്‍ സഹായകമായിരിക്കും. ചിലപ്പോഴെങ്കിലും എന്ത് ചെയ്യണം എന്നതിനേക്കാള്‍ വിലപിടിപ്പുള്ള അറിവ് എന്ത് ചെയ്യരുത് എന്നതായിരിക്കും. അത് നമുക്ക് പറഞ്ഞുതരാന്‍ ഈ മേഖലയില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് സാധിക്കും. അതുകൊണ്ടു ഇത്തരക്കാരുടെ അനുഭവ കുറിപ്പുകളോ പുസ്തകങ്ങളോ വായിക്കുക. വിജയിച്ചവരുമായി സംസര്‍ഗം സ്ഥാപിക്കുന്നത് നിങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാക്കാനും സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!