വിലപിടിച്ചതെന്നു പറയുമ്പോഴേ പെട്രോളാണോ മാഷെ എന്ന് ചോദിക്കേണ്ട ഗതിയാണല്ലോ!
എന്നാൽ ഇതതല്ല സംഗതി. ജെമ്മോളജി എന്നാണു പേര്. പേരിനു തന്നെ എന്തൊരു എടുപ്പ്! വിലപിടിപ്പുള്ള രത്നക്കല്ലുകളുമായി ബന്ധപ്പെട്ട ഒരു ശാസ്ത്രമേഖലയാണ് ഇപ്പറഞ്ഞ ജെമ്മോളജി. മിനറോളജി, ജ്യോസയൻസ് എന്നീ ശാസ്ത്രങ്ങളുടെ ഒരു ശാഖയാണിതെന്നു പറയാം. പ്രകൃതിയിലുണ്ടാകുന്നതായ രത്നക്കല്ലുകളും കൃത്രിമമായ കല്ലുകളുമെല്ലാം കൈകാര്യം ചെയ്യേണ്ടി വരുന്ന ഒരു മേഖലയാണിത്. ഓരോ കല്ലിനെയും സൂക്ഷ്മമായി നിരീക്ഷിച്ച്, അവയെ തിരിച്ചറിഞ്ഞ്, അതിന്റെ ഗുണനിലവാരം വിലയിരുത്തുക എന്നിവയെല്ലാമാണ് പ്രധാനമായും ജോലിയിൽ ചെയ്യേണ്ടത്.
ലാബുകളിൽ വിവിധയിനം കല്ലുകളുടെ സാമ്പിളുകളും മറ്റും പരിശോധിച്ച് അവയുടെ നില വിലയിരുത്തി അവയുടെ ഉദ്ഭവം മനസിലാക്കുന്ന ലാബ് ജെമ്മോളജിസ്റ്റ്, കല്ലുകളുടെ മൂല്യം ഒറ്റ നോട്ടം കൊണ്ട് നിർണ്ണയിക്കുവാൻ സാധിക്കുന്ന ജെം സ്റ്റോൺ അപ്പ്രൈസർ, ജെം കട്ടിങ് ആൻഡ് ഡിസൈനിങ്, ജെം സ്റ്റോൺ ജ്യൂവലർ എന്നിങ്ങനെ പല മേഖലകളിലേക്കും പ്രവേശിക്കുവാൻ വഴിയൊരുക്കുന്ന ഒന്നാണ് ഈ ജെമ്മോളജി.
മൈക്രോസ്കോപ്പ്, റിഫ്രാക്ക്ടോമീറ്റർ, പോളറൈസിങ് ഫിൽറ്റർ, സ്പെക്ട്രോസ്കോപ് തുടങ്ങിയ യന്ത്രങ്ങളും ശാസ്ത്രോപകരണങ്ങളും ഉപയോഗിച്ചാണ് ഈ ജോലികൾ ചെയ്യപ്പെടുന്നത്. ആയതിനാൽ തന്നെ ഇവയൊക്കെ ചലിപ്പിക്കാനുള്ള മികവ് ജോലിക്കനിവാര്യമാണ്. മേഖലയിൽ അതിയായ താത്പര്യമുള്ള ഒരു വ്യക്തതയ്ക്ക് വളരെ സംതൃപ്ത്തി തരുന്ന ഒരു ജോലിയാണിത്. ഇവയ്‌ക്കെല്ലാം മൂല്യം അധികമായതിനാൽ തന്നെ ഉത്തരവാദിത്വവും അതിനോളമാണ്. ക്ഷമ, സൂക്ഷ്മനിരീക്ഷണം, വിശകലന മികവ്, ആശയവിനിമയ മികവ്, നല്ല കാഴ്ചശക്തി എന്നിവയോടൊപ്പം വിഷയത്തിലെ അറിവും പരിജ്ഞാനവും അനിവാര്യമാണ്.
ഇന്ത്യയിൽ വളരുന്ന ഒരു മേഖലയായ ജെമ്മോളജി, ഇപ്പോൾ അനേകം തൊഴിലവസരങ്ങൾ തുറന്നു നൽകി തുടങ്ങിയിരിക്കുന്നു എന്ന് മാത്രമല്ല, വൈകാതെ തന്നെ അവസരങ്ങളുടെ എണ്ണം പതിന്മടങ്ങു വർധിക്കുകയും ചെയ്യും. ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെമ്മോളജി, ബംഗളുരുവിലെ വോഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി, ജയ്‌പുരിലെ ഡയമണ്ട് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട്, മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജ്യൂലറി തുടങ്ങിയ സ്ഥാപനങ്ങളെല്ലാം കോഴ്‌സുകൾ ലഭ്യമാക്കിയിട്ടുണ്ട്.