വാക്കുകൾക്കതീതമാണ് ആത്മാവിന്റെ ശബ്ദമെങ്കിലും വാക്കുകളാണ് നമ്മുടെ ഏറ്റവും ഉത്തമമായ ആശയവിനിമയ മാധ്യമം. ഭാര്യയുടെ സ്നേഹത്തോടെയുള്ള ഹലോയ്ക്കും ബോസിന്റെ ദേഷ്യത്തോടു കൂടിയുള്ള ഹലോയ്ക്കുമുള്ള അർത്ഥം മനസ്സിലാകണമെങ്കിൽ അത് കേൾക്കണം, കേട്ട് മറ്റു ഭാവവും മനസിലാക്കണം. എന്നാൽ കേൾവിശക്തിയില്ലാത്തവരോ?

ലിപ് റീഡിങ് അഥവാ സ്പീച് റീഡിങ് എന്നത് സംസാരം മനസിലാക്കുവാനുള്ള ഒരു മാർഗ്ഗമാണ്, ഒരു ടെക്നിക്കാണ്. ചുണ്ടുകളുടെയും, മുഖത്തിന്റെയും, നാവിന്റെയുമൊക്കെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച്, വിലയിരുത്തി, പറയുവാനുദ്ദേശിക്കുന്ന ശബ്ദങ്ങളും അത് വഴി വാക്കുകളും ആശയങ്ങളും മനസിലാക്കുന്നതിനെയാണ് നമ്മൾ ലിപ് റീഡിങ് എന്ന് വിളിക്കുക. കേൾവി ശക്തി നഷ്ടപ്പെട്ടവർക്കോ, അല്ലെങ്കിൽ കുറച്ച് മാത്രം കേൾവി ശക്തി നിലനിൽക്കുന്നവർക്കോ ആണ് ഇതേറ്റവും ഉപയോഗപ്രദമെങ്കിലും സാധാരണ മനുഷ്യർ പോലും ദൈനംദിന ജീവിതത്തിൽ പലപ്പോഴും ഈ ചലനങ്ങളെ ആശ്രയിച്ചാണ് സന്ദർഭാനുസരണം ആശയങ്ങളുടെ അർത്ഥം ഗ്രഹിക്കുന്നത്.

ഇതല്ലാതെ ശബ്ദം പുറപ്പെടുവിക്കുവാൻ കഴിയാത്ത മനുഷ്യർ, അല്ലെങ്കിൽ വിഡിയോ കോൺഫറൻസിങ്ങിലോ മറ്റും സംസാരിക്കുന്നത് അവ്യക്തമോ ശ്രവിക്കുവാൻ സാധ്യമല്ലാത്ത വിധം പതുങ്ങിയോ ആണെങ്കിൽ ഇത്തരം സാഹചര്യങ്ങളിലും അത് തർജ്ജമ ചെയ്ത വിനിമയം സാധൂകരിക്കാനും അല്ലെങ്കിൽ പറയുന്നതിന്റെ ഒരു എഴുത്ത് പത്രിക തയ്യാറാക്കാനുമൊക്കെ ഇവരുടെ സേവനം ആവശ്യമായി വരാം. നിരീക്ഷണ പാടവം, ആശയവിനിമയ മികവ്, ആത്മ സമർപ്പണം, ദൃഢത, സ്ഥിരോത്സാഹം എന്നിവയ്ക്ക് പുറമെ മനുഷ്യരോട് പൊതുവെ സ്നേഹവും സഹാനുഭൂതിയുമുണ്ടാകുക ഈ ജോലിക്കനിവാര്യമാണ്.

Lipreading.org പോലത്തെ അനേകം ഓൺലൈൻ കോഴ്‌സുകൾ ചെയ്യുന്നത് ഉപകരിക്കുമെങ്കിലും ജോലിക്ക് ആവശ്യമായി വരിക പ്രവർത്തന പരിചയം തന്നെയാണ് എന്നതിന് യാതൊരുവിധ സംശയവും വേണ്ട. മനുഷ്യന് തന്റെ ചിന്തകളും വികാരങ്ങളും സ്വസ്ഥമായി പ്രകടിപ്പിക്കാൻ ഒരു മാർഗ്ഗമാകുക വഴി ലഭിക്കുന്ന സംതൃപ്തി ‘വാക്കുകളാൽ’ ആവിഷ്കരിക്കാൻ പറ്റില്ല. ഇതുവഴി പുതിയ ബന്ധങ്ങൾ കെട്ടിപ്പടുക്കുവാൻ വരെ സാധിക്കും.

ചുണ്ടുകൾ വരെ വായിച്ചു തുടങ്ങി. ഇനിയെന്നാണാവോ മനസ്സ് വായിക്കാൻ കൂടി കഴിയുക!

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!