കുറച്ചു കൊല്ലം മുൻപ് വാൾ സ്ട്രീറ്റ് ജേർണൽ ഏറ്റവും ചൂടേറിയ തൊഴിൽമേഖലയായി പ്രഖ്യാപിച്ച ഒന്നാണ് കംപ്ലയൻസ് ഓഫീസർ. ആധുനിക സാമ്പത്തിക വികസനത്തിന്റെ കാലഘട്ടത്തിൽ, ലോകം ഉന്നതിയിലേക്ക് കുതിച്ചുയരുന്ന ഈ സാഹചര്യത്തിൽ, വളരെ പ്രസക്തിയേറിയ ഒരു ജോലി തന്നെയാണിത്.
പല മേഖലകളിലായി പ്രവർത്തിക്കുന്ന എല്ലാ പ്രമുഖ കമ്പനികളിലും ഈ പദവിയിൽ അവസരങ്ങളുണ്ടാകുമെങ്കിലും സ്ഥാപനമേതായാലും ഉത്തരവാദിത്വങ്ങൾ സമാനമാണ്. ആ കമ്പനിയുടെ ഓരോ പ്രവർത്തങ്ങളും നിയമപരവും ധാർമ്മികവുമാണെന്ന് ഉറപ്പു വരുത്തുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. നടത്തിപ്പ് നിയമവ്യവസ്ഥകളെല്ലാം തന്നെ പാലിച്ചു കൊണ്ടാകണം എന്നതിനാൽ തന്നെ നിലവിലുള്ള നിയമങ്ങളും അവ ഓരോ നടപടിയിലും വരുത്തുന്ന പരിമിതികളുമെല്ലാം വ്യക്തമായി മനസ്സിലാക്കുക എന്നത് ജോലിയുടെ പ്രഥമ കർത്തവ്യമാണ്. അവരുടേതായ കമ്പനിയുടെ സാമ്പത്തിക വ്യവഹാരങ്ങളെ വ്യവസ്ഥകൾ എങ്ങനെ ബാധിക്കുന്നു എന്നു മനസ്സിലാക്കണം.
നിയമപരമായ അറിവിനുപരി മേഖലയിലെ ധാർമ്മികപരമായ സമ്പ്രദായങ്ങളെയും നിലവാരക്രമങ്ങളെയും പറ്റിയുമുള്ള അവബോധം ജോലിക്കാവശ്യമാണ്. ഓരോ തീരുമാനങ്ങളും കമ്പനിയുടെ ഭാവി മാറ്റിമറിച്ചേക്കാം എന്നതിനാൽ ഇവയിലെല്ലാം കംപ്ലയൻസ് ഓഫീസറുടെ വീക്ഷണങ്ങൾ നിർണ്ണായകമാകും. പ്രസ്തുത സ്ഥാപനത്തിന്റെയും സ്ഥാപകരുടെയും മറ്റും നിലവാര വിശ്വാസങ്ങളും കാഴ്ചപ്പാടുകളും സംരക്ഷിക്കുക എന്നതും പ്രധാനമാണ്. ബാങ്കിങ് / സാമ്പത്തികം, വ്യാപാര ഇടപാടുകൾ, ഗ്യാസ് വിതരണം, ഇലക്ട്രോണിക് ഉപകരണ നിർമ്മാണം, ഔഷധ ശാസ്ത്രം തുടങ്ങിയ മേഖലകളിൽ ഉയർന്ന ശമ്പളങ്ങൾ വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ ഉയർന്നു വരുന്നത് കാണാൻ സാധിക്കും.
ഫിനാൻസ്, മാനേജ്മെന്റ്, അക്കൗണ്ടിങ്, ഇക്കണോമിക്സ്, ലോ തുടങ്ങിയ വിഷയങ്ങളിൽ ബിരുദ കോഴ്‌സുകൾ ചെയ്യുന്നത് ജോലിയിൽ പ്രവേശിക്കാൻ പലപ്പോഴും അത്യാവശ്യമായി വരും. ബിരുദാനന്തര ബിരുദധാരികൾക്ക് ജോലി ലഭിക്കുക അനായാസമായിരിക്കും എന്ന് വ്യക്തമാണല്ലോ. ഇതു കൂടാതെ സർട്ടിഫിക്കേഷൻ കോഴ്‌സുകൾ ചെയ്യുന്നതും വളരെ സഹായകമാണ്.