തെളിവുകളാണ് ഒരു കോടതിവിധി നിർണ്ണയിക്കുന്നതിൽ സർവ്വപ്രധാനം. കുറ്റം ചെയ്തെന്നുറപ്പാണെങ്കിൽ പോലും തെളിവുകളില്ലാതെ ആരോപണം സാധ്യമല്ല. അപ്പോൾ കോടതിയിൽ നടക്കുന്ന വാഗ്വാദങ്ങൾ ഡോക്യുമെന്റ് ചെയ്ത് സൂക്ഷിക്കപ്പെടണമല്ലോ, അതാണ് ഒരു കോർട്ട് സ്റ്റെനോഗ്രാഫറുടെ ജോലി.

കോർട്ട് റിപ്പോർട്ടർമാരെന്നും ഇവരെ വിളിക്കാറുണ്ട്. കോടതിയിലെ നിയമനടപടികൾ നടക്കുമ്പോൾ, കക്ഷികളുടേതും വിധി പ്രസ്താവനയുമുൾപ്പടെ എല്ലാ സംവാദങ്ങളും ടൈപ്പ് ചെയ്ത് നൽകുക എന്നതാണ് ജോലി. ഇതിനായി സ്റ്റെനോഗ്രാഫി മെഷീനാണ് ഉപയോഗിക്കുന്നത്. അതിന്റെ ഒന്നോ അതിലധികമോ കീ ഒരുമിച്ചമർത്തി, വാക്കുകളെയും വാചകങ്ങളെയും പെട്ടെന്ന് തന്നെ അവർക്കു ടൈപ്പ് ചെയ്തെടുക്കുവാൻ സാധിക്കുന്നു. പറയുന്നതിന്റെ വേഗം വച്ച് ടൈപ്പ് ചെയ്യുക എന്നതിന് ദീർഘകാലത്തെ പരിശീലനം ആവശ്യമാണ്. ഇങ്ങനെ ക്രോഢീകരിച്ച ‘സ്റ്റെനോഗ്രാഫു’കളെ പിന്നീട് ട്രാൻസ്‌ക്രിപ്ഷൻ സോഫ്ട്‍വെയറുകൾ ഉപയോഗിച്ച് ആവശ്യമുള്ള രീതിയിലാക്കിയെടുക്കുകയാണ് ചെയ്യാറ്. ഷോർട് ഹാൻഡിനോട് സാദൃശ്യമുള്ള ഒരു പ്രക്രിയയാണിത്.

ഫെഡറൽ, സ്റ്റേറ്റ് കോടതി വ്യവസ്ഥകളിലും ഗവണ്മെന്റ് ഏജൻസികളിലുമെല്ലാം ധാരാളം അവസരങ്ങളുള്ള ഒരു മേഖലയാണിത്. കൂടാതെ വളരെ രസകരമായ ഒരു ജോലി കൂടിയാണ്. എന്നും പുതുതായി എന്തെങ്കിലും പഠിക്കാനുള്ള ഒരു അവസരമാണിത്. കൂടാതെ മികച്ച ശമ്പളം ലഭിക്കുന്നതും തൊഴിലുറപ്പുമുള്ള ജോലിയാണ് കോർട്ട് സ്റ്റെനോഗ്രാഫറുടേത്. മറ്റൊരു സവിശേഷതയെന്നു പറയുന്നത്, ജോലിയിൽ പ്രവേശിച്ചിട്ടുള്ള പലർക്കും അവരുടെ പ്രവർത്തന സമയം സ്വയം തീരുമാനിക്കാൻ കഴിയുമെന്നുള്ളതാണ്. പോരാത്തതിന് പഠനങ്ങളനുസരിച്ച് ഭാവി വർഷങ്ങളിൽ ഉയർന്ന വളർച്ചാനിരക്കും മേഖലയ്ക്കുണ്ട്.

ഒരു കോർട്ട് സ്റ്റെനോഗ്രാഫറാകാൻ ഏറ്റവുമാദ്യം വേണ്ടത് വേഗത്തിൽ ടൈപ്പ് ചെയ്യാനുള്ള കഴിവ് തന്നെയാണ്. നിയമ വിഷയങ്ങളിൽ പരിജ്ഞാനമില്ലെങ്കിൽ സംവാദത്തിലെ ഭാഗങ്ങൾ മനസിലാകാതെ വരുമെന്നതിനാൽ തന്നെ ആഴത്തിലുള്ള അവബോധം ആവശ്യമാണ്. ഇത് കൂടാതെ സൂക്ഷ്മ നിരീക്ഷണം, ശ്രദ്ധിച്ചു കേൾക്കാനുള്ള മികവ്, ചെറിയ കാര്യങ്ങളിലെ ശ്രദ്ധ, ആശയവിനിമയ മികവ് എന്നിവയെല്ലാം ആവശ്യമാണ്. ഒരു മിനിറ്റിൽ 225 വാക്കുകളെങ്കിലും ടൈപ്പ് ചെയ്യുവാൻ സാധിക്കണമെന്നതാണ് ഒരു ശരാശരി. സമ്മർദ്ദസാഹചര്യങ്ങളിൽ തെറ്റുകൂടാതെ ജോലി ചെയ്യുവാനുള്ള കഴിവും മേഖലയിലേക്ക് പ്രവേശിക്കുവാൻ സഹകരിക്കും.

ദേശ-വിദേശ കോളേജുകളിലും ഇൻസ്റിറ്റ്യൂകളിലും വിഷയത്തിൽ നിരവധി ഓൺലൈൻ കോഴ്‌സുകൾ ലഭ്യമാണ്. കോർട്ട് സ്റ്റെനോഗ്രാഫറാകാൻ നിയമവിഷയങ്ങളിൽ ഒരു ബിരുദമോ ബിരുദാനന്തര ബിരുദമോ ചെയ്യുന്നത് ജോലിക്ക് വളരെ ഉപകാരം ചെയ്യും. കൂടാതെ രാജ്യത്തെ ഐ.ടി.ഐകളിലും (ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്) പോളിടെക്നിക്ക് കോളേജുകളിലും മികച്ച സ്റ്റെനോഗ്രാഫി കോഴ്‌സുകൾ നൽകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!