ശബ്ദം കൊണ്ട് ശരീരം പഠിക്കുകയോ?
മനുഷ്യന്റെ കാതുകൾക്ക് കേൾക്കുവാൻ കഴിയുന്ന ശബ്ദം രണ്ടായിരം ഹേർട്സ് മുതൽ രണ്ടായിരം കിലോ ഹേർട്സ് വരെയുള്ള ഫ്രീക്വൻസികളിലാണ്. ഇതിൽ കുറവുള്ള ശബ്ദ തരംഗങ്ങളെ ഇൻഫ്രാസൗണ്ട് എന്നും കൂടുതലുള്ളവയെ അൾട്രാസൗണ്ട് എന്നും വിളിക്കുന്നു. ഈ പറഞ്ഞ അൾട്രാസൗണ്ട് ഉപയോഗിച്ചാണ് ഈ വിദ്യ ചെയ്യുന്നത്.
വൈദ്യശാസ്ത്ര മേഖലയിൽ, രോഗനിർണയത്തിനും, ചികിത്സയ്ക്കുമെല്ലാം തന്നെ ശബ്ദതരംഗങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള പ്രയോഗങ്ങൾ ഇന്നൊത്തിരിയുണ്ട്. ആന്തരികമായ ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയുവാൻ പലപ്പോഴും ഈ ഉപകരണങ്ങളുടെ സഹായം അനിവാര്യമായി വരാറുമുണ്ട്. അൾട്രാസോണിക്ക് ശബ്ദം ഉപയോഗിച്ച് ശരീരത്തിന്റെ ആന്തരികാവസ്ഥ ഇമേജിങ് സംവിധാനങ്ങൾ വച്ച് വിലയിരുത്തുന്ന ശാസ്ത്രമാണ് ഡയഗ്നോസ്റ്റിക് മെഡിക്കൽ സോണോഗ്രാഫി.
പഠനങ്ങൾക്കനുസരിച്ച് ലോകത്ത് മറ്റു മേഖലകളിലേക്കാൾ വളർച്ചയുണ്ടാകുവാൻ പോകുന്ന മേഖലകളിലൊന്നാണിത്. രക്തയോട്ടം നിരീക്ഷിക്കുക, കാൻസർ ലക്ഷണങ്ങളുണ്ടോയെന്നു വിലയിരുത്തുക, ആന്തരിക അവയവങ്ങളെ സൂക്ഷ്മമായി പരിശോധിക്കുക എന്നിവയ്‌ക്കെല്ലാം ഇതുപയോഗിക്കുന്നു. ഒരു തന്മാത്രയോളം സൂക്ഷ്മമായ വസ്തുക്കൾ പോലും വിശദമായി കാണുവാൻ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. ഈ അൾട്രാസൗണ്ട് ഉപകരണങ്ങൾ വഴി ഇമേജിങ് നടത്തിയുണ്ടാകുമ്പോൾ ലഭിക്കുന്ന സോണോഗ്രാഫുകളാണ് ചികിത്സയ്ക്കുപയോഗിക്കുന്നത്.
വിഷയത്തിലുള്ള പരിജ്ഞാനവും, പുത്തൻ സാങ്കേതികതകൾ കൈകാര്യം ചെയ്യാനുള്ള മികവും ഈ ജോലിക്കാവശ്യമാണ്. സൂക്ഷ്മ നിരീക്ഷണം, ക്ഷമ, ചെറിയ കാര്യങ്ങളിലുള്ള ശ്രദ്ധ, ഏകാഗ്രത എന്നിവയും ജോലിയുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ അനിവാര്യമാണ്. ആശയവിനിമയ മികവും വേണം. മേഖലയോട് താത്പര്യവുമുണ്ടെങ്കിൽ ഈ ജോലിക്ക് നിങ്ങൾ എന്തുകൊണ്ടും യോജ്യരാണ്.
റേഡിയോളജി വിഷയത്തിൽ ബിരുദ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ ചെയ്യുക വഴി മേഖലയിലേക്ക് പ്രവേശിക്കാം. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), പോണ്ടിച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസേർച്ച് (ജിപ്മെർ), പുണെയിലെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ്, വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, മംഗളൂരുവിലെ കസ്തുർബ മെഡിക്കൽ കോളേജ്, ഡൽഹിയിലെ മൗലാന ആസാദ് മെഡിക്കൽ കോളേജ്, ചെന്നൈയിലെ മദ്രാസ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ കോഴ്‌സുകൾ ലഭ്യമാണ്.