സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളില്‍ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം പ്രാബല്യത്തിലാകുന്നു. ദേവസ്വം നിയമനങ്ങളുടെ അധികാര ചുമതലയുള്ള ദേവസ്വം ബോര്‍ഡുകള്‍ ഇത് സംബന്ധിച്ച് തയ്യാറാക്കിയ പ്രത്യേക ചട്ടം (സ്‌പെഷ്യല്‍ റൂള്‍ / റഗുലേഷന്‍) സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. തിരുവിതാംകൂര്‍, കൊച്ചിന്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം എന്നീ ദേവസ്വം ബോര്‍ഡുകളിലെ ഒഴിവുകളിലാണ് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 10 ശതമാനം പേര്‍ക്ക് സംവരണാനുകൂല്യം ലഭിക്കുക.
ദേവസ്വം നിയമനങ്ങളില്‍ ഹിന്ദുക്കളിലെ സംവരണ വിഭാഗങ്ങള്‍ക്കായി 32 ശതമാനം സംവരണമാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചട്ടപ്രകാരം നിലവില്‍ ഉണ്ടായിരുന്നത്. അഹിന്ദുക്കള്‍ക്ക് ദേവസ്വം ബോര്‍ഡുകളില്‍ നിയമനം നല്‍കാത്തതിനാല്‍ അവര്‍ക്കുള്ള 18 ശതമാനം സംവരണം ഓപ്പണ്‍ മെറിറ്റിലേക്ക് മാറിയിരുന്നു. ആ 18 ശതമാനം സംവരണം ആനുപാതികമായി പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടിക ജാതിക്കാര്‍ക്കും വര്‍ദ്ധിപ്പിച്ചു നല്‍കുന്നതിനൊപ്പം മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൂടി നല്‍കേണ്ടത് സാമൂഹിക നീതിക്ക് അനിവാര്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡുകള്‍ പ്രത്യേക ചട്ടം തയ്യാറാക്കിയത്.
നിലവിലെ 32 ശതമാനം സാമുദായിക സംവരണത്തിലും ഇതുപ്രകാരം വര്‍ധനവ് ഉണ്ടാകും. നിലവില്‍ 14 ശതമാനം സംവരണമുള്ള ഈഴവ വിഭാഗത്തിന് ഇതോടെ 17 ശതമാനം സംവരണം ലഭിക്കും. പട്ടിക ജാതി വിഭാഗത്തിന്റെ സംവരണം 8ല്‍ നിന്ന് 10 ശതമാനം ആയി ഉയരും. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 3 ശതമാനം സംവരണം ഇരട്ടിയായി വര്‍ധിപ്പിച്ച് 6 ശതമാനമാക്കും. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണത്തിന് കണക്കാക്കുന്ന സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പരിധി കാലാകാലങ്ങളില്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡുമായി ആലോചിച്ച് ദേവസ്വം ബോര്‍ഡുകള്‍ തീരുമാനിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
50 ശതമാനം സംവരണം എന്ന വ്യവസ്ഥ മറികടക്കാതെ ഓപ്പണ്‍ മെറിറ്റില്‍ അധികമായി വന്ന 18 ശതമാനത്തില്‍ ഉള്‍പെടുത്തി പിന്നാക്കക്കാരുടെയും ദളിതരുടെയും സംവരണം വര്‍ദ്ധിപ്പിക്കുകയും ഒപ്പം മുന്നാക്കക്കാരിലെ നിര്‍ധനര്‍ക്ക് കൈത്താങ്ങ് നല്‍കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ദേവസ്വം നിയമനങ്ങളില്‍ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നത് ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു.