അബ്ദുള്ള ബിൻ മുബാറക്
ഏറ്റവും പ്രചാരമേറിയ സാമൂഹ്യമാധ്യമങ്ങളിൽ ഒന്നായ ഫേസ്ബുക്കിലെ തന്നെ ഒരു അവിഭാജ്യ ഘടകമാണ് ഗ്രൂപ്പുകൾ, അതായത് കമ്മ്യൂണിറ്റികൾ. 14 വർഷങ്ങൾക്ക് മുമ്പ് ഫേസ്ബുക്ക് ആരംഭിക്കുമ്പോൾ സ്ഥാപകനായ മാർക് സുക്കർബർഗ് ലക്ഷ്യമിട്ടിരുന്നത് ലോകത്തെ കൂടുതൽ തുറസ്സാക്കി ആളുകളെ തമ്മിൽ ബന്ധിപ്പിക്കുക എന്നതായിരുന്നു. എന്നാൽ, ഗ്രൂപ്പുകളുടെയും മറ്റും പ്രചാരത്തോട് കൂടി ഒരേ ചിന്താഗതിക്കാരെയും മറ്റും ഒരു കുടക്കീഴിലാക്കുക എന്നതാണ് തന്റെ ദൗത്യമെന്നു പിന്നീട് സുക്കർബർഗ് തന്നെ വെളിപ്പെടുത്തിയിരുന്നു.
നമുക്ക് വിഷയത്തിലേക്ക് വരാം. പലതരം ആളുകളിലേക്ക് ഓരോരുത്തരുടെയും പോസ്റ്റുകൾ ഫേസ്ബുക്ക് വാളുകൾ വഴി എത്തിക്കുന്നതിലും മികച്ചൊരു ഉപായം എന്ന രീതിയിലാണ് ഗ്രൂപ്പുകൾ ആദ്യം ഫേസ്ബുക്കിൽ ഉരുത്തിരിഞ്ഞു വന്നത്. ഒരേ ചിന്താഗതിക്കാരായ ആളുകൾ കൂടുന്ന ഗ്രൂപ്പുകൾ പലപ്പോഴും പലതരം പ്രൊഡക്ടിവ് ആയ ചർച്ചകൾക്കും വേദികളാകാറുണ്ട്. ഒട്ടുമിക്ക ഫേസ്ബുക്ക് ഉപയോക്താക്കളും ഏതെങ്കിലും ഒരു ഗ്രൂപ്പിൽ അംഗമായിരിന്നു കൊണ്ട് അതിലെ ചർച്ചകളിൽ പങ്കെടുക്കുകയോ കാഴ്ചക്കാരായിട്ടിരിക്കുകയോ ചെയ്യാറുള്ളവരാണ്. പോസ്റ്റുകളും ചർച്ചകളും മെമ്പർമാർ മാത്രമേ കാണു എന്നതിനാൽ വളരെ നിയന്ത്രിതമായി കൊണ്ട് പോകാൻ കഴിയുന്നു എന്നതും ഫേസ്ബുക്ക് ഗ്രൂപ്പുകൾ പുതുതലമുറ താർക്കികരുടെ ഇഷ്ടതാവളങ്ങളാക്കി മാറ്റുന്നു. ഓരോ തരത്തിലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഗ്രൂപ്പുകൾ കൂടുതലും അതാത് മേഖലയിലുള്ള പ്രഗത്ഭരെകൊണ്ട് സമ്പന്നമാണെന്നത് ഇവയുടെ പ്രചാരം വെളിപ്പെടുത്തുന്നു. അതിനാൽ തന്നെ ഗ്രൂപ്പുകളും അവയിലെ ചർച്ചകളും യുവതലമുറയിൽ ചെലുത്താവുന്ന സ്വാധീനം തള്ളിക്കളയാവുന്നതല്ല. പലരും പുതിയ അറിവുകൾ സ്വായത്തമാക്കാൻ ഗ്രൂപ്പുകൾ പ്രയോജനപ്പെടുത്തുമ്പോൾ മറ്റു ചിലർ തങ്ങളുടെ അറിവും വൈഭവവും പുറത്തെടുക്കാനുള്ള ഒരു മികച്ച മാധ്യമമായി ഗ്രൂപ്പുകളെ കാണുന്നു.
സാധാരണ വാട്ട്സാപ്പ് അല്ലെങ്കിൽ മറ്റു സാമൂഹ്യമാധ്യമ ഗ്രൂപുകളിൽ നിന്നും ഫേസ്ബുക്ക് ഗ്രൂപ്പുകളെ വേറിട്ട് നിർത്തുന്ന ഒരുപാട് ഘടകങ്ങളുണ്ട്. ഓരോരുത്തർക്കും അവരവരുടെ അറിവുകൾ, ചോദ്യങ്ങൾ, അല്ലെങ്കിൽ അഭിപ്രായങ്ങൾ പോസ്റ്റ് അപ്ഡേറ്റുകളായി പബ്ലിഷ് ചെയ്യാൻ കഴിയും എന്നതാണ് ഏറ്റവും ആകർഷകം. അതിനാൽ തന്നെ ഗ്രൂപ്പ് അതിന്റെ സ്ഥാപക വിഷയങ്ങളിൽ നിന്നും വ്യതിചലിക്കപ്പെടുന്നില്ല എന്ന് അഡ്മിന്മാർക്ക് ഉറപ്പുവരുത്താൻ കഴിയും. ഓരോ മെമ്പർമാര്ക്കും ഇഷ്ട പോസ്റ്റുകളിൽ പ്രത്യേകം കമന്റ് ചെയ്യാനും, അവ സേവ് ചെയ്യാനുമുള്ള സൗകര്യം ഉണ്ടെന്നതും ഇതോടൊപ്പം കൂട്ടിച്ചേർത്തു വായിക്കേണ്ടതാണ്. ഗ്രൂപ്പുകളുടെ രഹസ്യ /പരസ്യ സ്വഭാവമനുസരിച്ച് ആർക്കും ഗ്രൂപുകളിൽ അംഗമാകുകയോ, ഇറങ്ങിപ്പോകുകയോ ചെയ്യാവുന്നതുമാണ്.
ഒരല്പം കൗതുകം
ഗ്രൂപ്പുകൾ തമ്മിൽ മിക്കപ്പോഴും ഫേസ്ബുക്കിൽ മത്സരങ്ങൾ തന്നെ നടക്കാറുണ്ട്. ഏറ്റവും കൂടുതൽ മെമ്പർമാർ ഉള്ളതിന്റെയോ, പോസ്റ്റ് ലൈക്കിന്റെയോ റെക്കോർഡുകൾ പിടിച്ചടക്കാനുള്ള ഒരു കൊമ്പുകോർക്കലാകും മിക്കപ്പോഴും. എന്നാലും ചില ഗ്രൂപ്പുകളിൽ നിന്നും പുറത്തായവർ സമാന്തര ഗ്രൂപ്പുകൾ സൃഷ്ടിച്ചു മത്സരങ്ങൾ നടത്തുന്നതും സാധാരണയായി കണ്ടുവരാറുണ്ട്.
എന്തായാലും അത്തരമൊരു മത്സരത്തിന്റെയോ മറ്റോ കഥ അല്ല ഇവിടെ പറയാൻ പോകുന്നത്. എങ്കിലും ഏറ്റവും കൂടുതൽ മെമ്പർമാർ ഉള്ള രഹസ്യ ഗ്രൂപ്പ് എന്ന റെക്കോർഡ് കരഗതമാക്കിരിക്കുന്നത് നമ്മുടെ കൊച്ചു കേരളത്തിൽ നിന്നുള്ള ഒരു ഗ്രൂപ്പ് തന്നെയാണ്. കേരളത്തിൽ നിന്നുള്ള ഒരു പറ്റം യുവാക്കൾ ചേർന്ന് തുടങ്ങിയ GNPC (ജി എൻ പി സി – ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഈ ഗ്രൂപ്പ് ഇന്നിപ്പോൾ എത്തി നിൽക്കുന്നത് 22 ലക്ഷത്തോളം മെമ്പർമാരിലാണ്. ഒരു സീക്രട്ട് ഗ്രൂപ്പ് ഇത്രയധികം ജനസ്വീകാര്യത നേടുന്നത് ഇതാദ്യമാണെന്ന് ഫേസ്ബുക്ക് തന്നെ മുൻപ് പ്രതികരിച്ചിരുന്നു. ഏറ്റവും കൂടുതൽ കമെന്റുകൾ ഉള്ള പോസ്റ്റിനുള്ള റെക്കോർഡ് കൂടി ഈയിടെ GNPC കൈവരിച്ചിരുന്നു.
ഇതൊരു ചെറിയ കളിയല്ല
ഫേസ്ബുക്ക് ഗ്രൂപ്പുകൾ നമുക്കൊരു തമാശയായി തോന്നാമെങ്കിലും ഇതൊരു ചെറിയ കളിയല്ല. ഫേസ്ബുക്ക് അവതരിപ്പിച്ച ഫീച്ചറുകളിൽ കഴിഞ്ഞ 10 വർഷത്തിനിടെ അസാമാന്യ വളർച്ച കൈവരിച്ച ഒരു വിഭാഗമെന്നത് ഗ്രൂപ്പുകളാണെന്ന് ഫേസ്ബുക്ക് തന്നെ വെളിപ്പെടുത്തുന്നു. ഏകദേശം 10 കോടിയോളം ഫേസ്ബുക്ക് ഉപയോക്താക്കൾ ഇതിനകം തന്നെ ഏതെങ്കിലും ഒരു ഗ്രുപ്പിൽ അംഗമായിട്ടുണ്ടെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്, അതായത് പകുതിയോളം വരുന്ന ഫേസ്ബുക്ക് യൂസർമാർ. മിക്ക ബ്രാൻഡുകളും തങ്ങളുടെ പ്രൊഡക്ടുകൾ അവതരിപ്പിക്കാൻ തിരഞ്ഞെടുക്കുന്നത് ഫേസ്ബുക്ക് ഗ്രൂപ്പുകളെയാണ്. ഒരു ഇൻഫ്ലുവൻസർ മാർക്കറ്ററിനുള്ള അതേ പ്രാധാന്യം തന്നെയാണ് അത്യാവശ്യം അംഗംങ്ങളുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകൾക്ക്.
മെമ്പർമാരുടെ ന്യൂസ് ഫീഡുകളിൽ ഗ്രുപ്പുകളിലെ പോസ്റ്റുകൾ ഈയിടെയായി വളരെ വലിയ അളവിൽ കാണിക്കുന്നതായി നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും. അവയിലെ കച്ചവടസാധ്യത വളരെ വലുതാണെന്ന് ഫേസ്ബുക്ക് തിരിച്ചറിയുകയാണ്, അതോടൊപ്പം ഉപയോക്താക്കളും മറ്റു ബ്രാൻഡുകളും. സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകൾ, ഫേസ്ബുക്ക് ഗ്രൂപ്പുകൾ എന്നിവയുടെ ഉപഭോഗം യുവതലമുറയെ എത്രമാത്രം സ്വാധീനിയ്ക്കുന്നു എന്നതിനെക്കുറിച്ചു ഒരുപാട് പഠനങ്ങളും നടന്നു വരികയാണ്. ഒരാൾക്കൂട്ടത്തെ മുഴുവൻ നിയന്ത്രിക്കാൻ ഉതകുന്ന ഇത്തരം ഗ്രൂപ്പുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ ഇരുതലമൂർച്ചയുള്ള വാളാകുമെന്നതിനു തെല്ലും സന്ദേഹം വേണ്ട.