യുബർ ഈറ്റ്സ്, സ്വിഗ്ഗി, സൊമാറ്റോ…
കൊച്ചി നഗരത്തിൽ എത്തുന്ന ഏതൊരാളുടെയും കണ്ണുകളിൽ ഉടക്കുന്ന മൂന്നു പേരുകളാണ് ഇവ. ഇത്തരം കമ്പനികളുടെ ലോഗോ വെച്ച ഭീമൻ ബാഗും തോളിൽ തൂക്കി ചെറുപ്പക്കാർ ഇരു ചക്ര വാഹനങ്ങളിൽ തലങ്ങും വിലങ്ങും പായുന്നത് നോക്കി ഒരു നിമിഷം ചിന്തിച്ചു നിന്നിട്ടുണ്ടാകില്ലേ നിങ്ങൾ? ഇന്ത്യയിലെ പല നഗരങ്ങളിലും അടുത്തിടെ വൻ പ്രചാരം നേടിയ ഓൺലൈൻ ഫുഡ് ഡെലിവറി ശൃംഖലകളുടെ ഭാഗമാണവർ.
അമേരിക്കൻ റൈഡ് ഷെയറിങ് കമ്പനി ആയ യൂബറിന്‍റെ വക യൂബർ ഈറ്റ്സ്, ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വിഗ്ഗി എന്നിവയാണ് ഈ മേഖലയിലെ പ്രമുഖ കമ്പനികൾ. നഗരങ്ങളിൽ താമസിക്കുന്നവർക്ക് എളുപ്പം ഭക്ഷണമെത്തിക്കുക എന്നതിലുപരി തൊഴിൽ സാധ്യതകളുടെ ഒരു വലിയ കവാടം തന്നെയാണ് ഇത്തരം വേദികൾ പുതുതലമുറക്ക് മുന്നിൽ തുറക്കുന്നത്. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമായി നൂറോളം റസ്റ്റോറന്‍റുകള്‍ ഇതിനോടകം ഇത്തരം ആപ്പുകളിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. അതാത് ഹോട്ടലുകളിലെ മെനു പ്രദർശിപ്പിച്ചു ആവശ്യക്കാർക്ക് വേണ്ട ഭക്ഷണ സാമഗ്രികൾ തങ്ങളുടെ ഡെലിവറി പാർട്ണർമാർ വഴി എത്തിക്കുക എന്നതാണ് യൂബർ ഈറ്റ്സ്, സ്വിഗ്ഗി, സൊമാറ്റോ മുതലായ കമ്പനികളുടെ ദൗത്യം.
ചെറുപ്പക്കാർക്ക്, പ്രത്യേകിച്ച് പാർട്ട് ടൈം വർക്കിലൂടെ അധിക വരുമാനം ആഗ്രഹിക്കുന്നവർക്കും കോളേജ് വിദ്യാർത്ഥികൾക്കും എളുപ്പത്തിൽ ചെയ്യാവുന്ന ജോലിയാണ് ഒരു ഫുഡ് ഡെലിവറി പാർട്ണർ ആവുക എന്നത്. സ്വന്തമായി ഒരു ബൈക്ക് ഉണ്ടെങ്കിൽ ആർക്കും രജിസ്റ്റർ ചെയ്ത് വരുമാനം ഉണ്ടാക്കാവുന്ന ഒരു മേഖലയായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു. കൂടുതലും വിദ്യാർത്ഥികളാണ് ഓൺലൈൻ ഫുഡ് ഡെലിവറി സർവീസിലേക്ക് കടന്നു വരുന്നത്. പഠനാവശ്യങ്ങൾക്കും മറ്റുമുള്ള അത്യാവശ്യം നല്ലൊരു തുക ഇതിലൂടെ കണ്ടെത്താമെന്നത് തന്നെ കാരണം.
ടെൻഷൻ ഫ്രീ ജോലി, മികച്ച വരുമാനം
ഒരു കാലത്തു കൊട്ടിഘോഷിക്കപ്പെട്ടിരുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഉൾപ്പെടെയുള്ള വൈറ്റ് കോളർ ജോലികൾ ഉറപ്പുനല്കുന്നതിനേക്കാൾ വരുമാനം ഓൺലൈൻ ടാക്സി, ഫുഡ് ഡെലിവറി തുടങ്ങിയ മേഖലകളിലൂടെ ഉണ്ടാക്കാമെന്നായപ്പോൾ പലരും ഇപ്പോൾ തന്നെ കളം മാറ്റി ചവിട്ടി തുടങ്ങിയിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ പോലും നല്ലൊരു ശതമാനം വൈറ്റ് കോളർ ജോലിക്കാർ ഇപ്പോൾ ഗ്രേ കോളർ ജോലികളിലൂടെ ജീവിതമാർഗം കണ്ടെത്തിയിരിക്കുകയാണ്. താരതമ്യേന ടെൻഷൻ കുറഞ്ഞ, നല്ലൊരു തുക മാസാവസാനം കണ്ടെത്താവുന്ന ജോലികളിൽ ഒന്നായ ഓൺലൈൻ ഫുഡ് ഡെലിവെറി നമ്മുടെ നാടുകളിൽ പച്ച പിടിച്ചതിനു വേറെ കാരണം അന്വേഷിക്കേണ്ടതില്ലല്ലോ.
ചുരുക്കത്തിൽ സാധാരണ റെസ്റ്റോറന്‍റ് അല്ലെങ്കിൽ കൊറിയർ ഡെലിവറി ബോയിയുടെ വേഷം തന്നെയായിരിക്കും ഒരു ഓൺലൈൻ ഫുഡ് ഡെലിവറി പാർട്ണറിനും. പക്ഷെ കൂടുതൽ ആൾക്കാരുടെ കടന്നു വരവും മികച്ച വരുമാന സാധ്യതയും ഈ തൊഴിലിന്‍റെ മാറ്റ് കൂട്ടി. നിങ്ങൾക്കിഷ്ടമുള്ള സമയത്ത് ജോലി ചെയ്യുക, അതിനനുസരിച്ചു വരുമാനം ഉണ്ടാക്കുക എന്ന “ഓൺ – ഡിമാൻഡ്” രീതിയാണ് എല്ലാ ആപ്പുകളും പിന്തുടരുന്നത്. ഫുഡ് ഡെലിവെറിയിലൂടെ വരുമാനം ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് വേണ്ടത് ഇത്ര മാത്രം – ഒരു ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് സ്മാർട്ഫോൺ, ഒരു ബൈക്ക്.
അതാത് കമ്പനിയുടെ ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ശേഷം രജിസ്റ്റർ ചെയ്ത ഉടൻ പ്രവർത്തനം ആരംഭിക്കുക എന്നതാണ് ഇവയുടെയൊക്കെ ഒരു പൊതുവായ രീതി. നിങ്ങൾക്ക് പാർട്ട് ടൈം ആയോ ഫുൾ ടൈം ആയോ ജോലി ചെയ്യാം. കൊച്ചി നഗരത്തിൽ നിലവിൽ Uber Eats, Swiggy, Zomato എന്നീ കമ്പനികൾ മാത്രമാണ് പ്രവർത്തിക്കുന്നത്.
വരുമാനം ഓരോ കമ്പനിയെയും അപേക്ഷിച്ചു ഏറിയും കുറഞ്ഞുമിരിക്കുമെന്ന് ഡെലിവറി പാട്ണർമാർ സാക്ഷ്യപ്പെടുത്തുന്നു. എങ്കിലും താരതമ്യേന മെച്ചപ്പെട്ട രീതിയിലുള്ള പ്രതിഫലം നൽകുന്നത് Uber Eats ആണെന്നാണ് മിക്ക ഡെലിവെറി ബോയ്സിന്റെയും മതം.
ഉപഭാക്താക്കൾ യൂബർ ഈറ്റ്സ് അല്ലെങ്കിൽ സ്വിഗ്ഗി ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ആദ്യം അത് ഹോട്ടലിലേക്കെത്തും. തങ്ങളുടെ അൽഗോരിതം ഉപയോഗിച്ചു അതാത് പ്ലാറ്റ് ഫോമുകൾ ഡെലിവറി പാർട്ണറെ പിന്നീട് നിയുക്തരാക്കുകയാണ് ചെയ്യുക. അതിനാൽ തന്നെ ഡെലിവറി ബോയ്സ് റെസ്റ്റോറന്റിൽ എത്തുമ്പോഴേക്കും ആവി പറക്കുന്ന ഭക്ഷണം തയാറായിട്ടുണ്ടാകും. പാക്ക് ചെയ്ത ഭക്ഷണം മുൻപേ തയാറാക്കിയ പ്രത്യേക തരം ബാഗിൽ വെച്ചു ഗൂഗിൾ മാപ് നോക്കി ഉപഭോക്താവിലേക്കെത്തിക്കുക എന്ന ഒരൊറ്റ ജോലി മാത്രമാണ് ഡെലിവറി പാർട്ണറിന്റെ മുന്നിലുണ്ടായിരിക്കുക. സഞ്ചരിച്ച ദൂരം കണക്കാക്കി ഓരോ ട്രിപ്പിനും ഇത്ര രൂപ എന്ന കണക്കിൽ കൊടുക്കുകയാണ് ആപ്പുകൾ ചെയുന്നത്, അതിനി എത്ര രൂപയുടെ ഓർഡർ ആയാലും ശെരി. പ്രതിമാസം കുറഞ്ഞത് 10000 രൂപയുടെ വരുമാനം ഉറപ്പുനൽകുന്ന ഇത്തരം പ്ലാറ്റ് ഫോമുകൾ ഫുൾ ടൈം ഡെലിവറി ചെയ്യുന്നവർക്ക് 30000 രൂപയിലധികം വരുമാനവും നൽകുന്നു. സമയവും പെട്രോളിന്റെ പൈസയും മാത്രമാണ് ആകെയുള്ള മുതൽമുടക്ക്. മിക്ക കമ്പനികളും പ്രധാന നഗരങ്ങളിൽ തങ്ങളുടെ ഓഫീസ് സ്റ്റാഫുകളെയും നിയമിച്ചിട്ടുണ്ട്.
പ്രയോജനങ്ങൾ, ഭാവി സാധ്യതകൾ
ഒറ്റ നോട്ടത്തിൽ സാധാരണ ഹോട്ടലുകളിലെ ഹോം ഡെലിവറി സൗകര്യം ഇന്‍റര്‍നെറ്റ് വഴി ഒരു ആപ്പിൽ ഉൾകൊള്ളിച്ചതാണ് ഓൺലൈൻ ഫുഡ് ഡെലിവറി സർവീസുകൾ. എന്നാൽ ഇവ ഉണ്ടാക്കി തരുന്ന സമയ ലാഭവും സാമ്പത്തിക ലാഭവും ചില്ലറയല്ല. നമ്മൾ സാധാരണ ഭക്ഷണം കഴിക്കുന്ന ഹോട്ടലുകളിൽ നിന്ന് തന്നെ അതേ വിലയിലോ അതിനേക്കാൾ കുറഞ്ഞ വിലയിലോ ഭക്ഷണം ഓർഡർ ചെയ്യാമെന്നത് ഏതൊരു ഉപഭോക്താവിനെയും ആകർഷിക്കുന്ന ഒന്നാണ്. പരമാവധി മുപ്പതു മുതൽ നാല്പതു മിനിറ്റു സമയം വരെയാണ് ഒരു ഓർഡർ ഏതാണ്ടെടുക്കുന്ന മൊത്തം സമയം. കൂടാതെ ഓര്‍ഡറുകളിൽ വൻ കിഴിവും പുതിയ ഉപഭോക്താക്കളെ തേടിയിരിക്കുന്നു. കൂടുതൽ വില ഈടാക്കുന്ന ഹോട്ടലുകളെ തങ്ങളുടെ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യാനും ആപ്പുകൾ മടിക്കില്ല. സാധാരണ ഗതിയിൽ വാഹനവുമായി പുറത്തു പോയി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു തിരിച്ചു വരുന്നതിന്‍റെ മൂന്നിലൊന്നു സമയം പോലും ഓൺലൈൻ ഫുഡ് ഓർഡറുകൾ എടുക്കില്ല. യാത്ര ചെയ്യുന്നതിന്‍റെയും, വാഹനം പാർക്ക് ചെയ്തു, ഹോട്ടലിൽ വെയിറ്റ് ചെയ്ത് കഴിക്കുന്നതിന്‍റെയും സമയം ലാഭം. ഒറ്റക്ക് താമസിക്കുന്നവർക്കും, അവിവാഹിതർക്കും, ആദ്യമായി ഒരു നഗരത്തിൽ എത്തിപ്പെടുന്നവർക്കും ഒരുപോലെ ഉപകാരപ്രദമാണ് യൂബർ ഇറ്റ്സ്, സ്വിഗ്ഗി മുതലായവ. ഇടക്കിടക്ക് തങ്ങളുടെ ഉപഭോക്താക്കളെ പിടിച്ചു നിർത്താൻ വമ്പൻ ഓഫറുകളും ഹോട്ടലുകാരും ഫുഡ് ഡെലിവറി പ്ലാറ്റുഫോമുകളും നൽകാറുണ്ട്.
വമ്പൻ നഗരങ്ങളിൽ മാത്രം ചേക്കേറുന്ന യൂബർ ഈറ്റ്സ്, സ്വിഗ്ഗി തുടങ്ങിയ സർവീസുകൾ മറ്റു ചെറുനഗരങ്ങളിൽ നിന്നുള്ളവരുടെ ശ്രദ്ധാ കേന്ദ്രമാകുന്നില്ല. അതിനാൽ തന്നെ ചെറുകിട സംരംഭകർക്ക് ആലോചിക്കാവുന്ന ഒരു മേഖലയാണ് ചെറിയ സ്ഥലങ്ങൾ പോലും കേന്ദ്രീകരിച്ചുള്ള ഫുഡ് ഡെലിവറി സർവീസുകൾ. ഉറപ്പായും ഉപഭോക്താക്കൾ ഒന്നിന് പിറകെ ഒന്നായി വന്നു ചേരാനിടയുള്ള ഒരിടമായി അത്തരം സംരംഭങ്ങൾ മാറുമെന്ന് നിസ്സംശയം പറയാം. കൂടുതൽ കമ്പനികളുടെ വരവ് ഈ മേഖലയിലേക്ക് ചെറുപ്പക്കാരെ ആകർഷിക്കുമെന്നതിനും തർക്കമില്ല.
വെല്ലുവിളികൾ, തടസ്സങ്ങൾ
മിക്കവർക്കും തീരെ മാനസിക സമ്മർദ്ദമില്ലാതെ ജോലി ചെയ്യാൻ കഴിയുന്നുവെങ്കിലും നഗരങ്ങളിലെ ട്രാഫിക് ഒരു പരിധി വരെ വട്ടു പിടിപ്പിക്കുന്നത് തന്നെയാണ്. അതിനാൽ തന്നെ ഇതിലേക്ക് ഇറങ്ങുന്നതിനു മുമ്പ് ഗതാഗതകുരുക്കുകൾ അതിജീവിക്കാനുള്ള ക്ഷമ ഉണ്ടോയെന്ന് സ്വയം പരീക്ഷിച്ചു ബോധ്യപ്പെടുക തന്നെ വേണം. എല്ലാവരും ഒരു പക്ഷെ ട്രാഫിക് ബ്ലോക്കുകൾ ആസ്വദിക്കാൻ മനസ് കാണിച്ചെന്നു വരില്ല.
മറ്റൊരു പ്രധാന വെല്ലുവിളി പ്രകൃതിക്കെതിരെ ആണ്. അടുത്തിടെ നടന്ന പഠനങ്ങളിൽ കേരളത്തിലെ പ്രമുഖനഗരങ്ങളായ കൊച്ചിയിലും തിരുവനന്തപുരത്തും ഭക്ഷണം പാഴ്സലാക്കി കൊടുക്കുന്ന പ്ലാസ്റ്റിക് കവറുകൾ വൻതോതിൽ മാലിന്യം രൂപപ്പെടുത്തുന്നതായി കണ്ടെത്തിയിരുന്നു. മിക്ക റെസ്റ്റോറന്‍റുകളും കട്ടി കുറഞ്ഞ, പുനചംക്രമണം അസാധ്യമായ പ്ലാസ്റ്റിക് കവറുകളിൽ ആണ് ഭക്ഷണം പൊതിഞ്ഞു നൽകുന്നത്. കാര്യങ്ങളുടെ പോക്ക് ഇങ്ങനെ ആണെങ്കിൽ വർധിച്ചു വരുന്ന ഓൺലൈൻ ഉപഭോക്‌തൃ സംസ്കാരം പ്രകൃതിക്ക് കൂടുതൽ ദോഷം അടിച്ചേൽപ്പിക്കാൻ മാത്രമേ ഉതകൂ. അതിനാൽ തന്നെ ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. മാലിന്യ നിയന്ത്രണത്തിൽ ഹോട്ടലുകൾക്ക് വലിയ പങ്കാണുള്ളത്.
കൂടുതൽ വിവരങ്ങൾക്കായി UberEats, Swiggy, Zomato വെബ്സൈറ്റുകൾ സന്ദർശിക്കാം.
കൊള്ളാമല്ലോ … നാട്ടിൻപുറങ്ങളിലും മറ്റും എത്താനുള്ള സാധ്യത കുറവാണല്ലേ ?