ജോഷി ജോര്‍ജ്ജ്

“അവസരങ്ങള്‍ ഒന്നിലധികം തവണ നിങ്ങളുടെ വാതുക്കല്‍ മുട്ടുന്നില്ല.”

നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ കര്‍ണ്ണാടകയില്‍ നിന്നാണ് കഥയുടെ തുടക്കം. അവിടെ രാസേന്ദ്ര മജുംദാറിന്‍റെ മകള്‍ അല്‍പ്പം പിടിവാശിക്കാരിയാണ്. ഒരു വിദേശ മദ്യ നിര്‍മ്മാണ കമ്പനിയിലാണ് ആദ്യം ജോലിയില്‍ പ്രവേശിച്ചത്. അവിടെ ബ്രൂമാസ്റ്റര്‍ (വിദേശ മദ്യ നിര്‍മ്മാണ വിദഗ്ധര്‍) ആകാന്‍ അനുവദിക്കാത്ത പുരുഷ മേധാവിത്വത്തിനെതിരെ പ്രധിഷേധിച്ച് ആ ജോലി വലിച്ചെറിഞ്ഞവള്‍.

പിന്നീട് ബാംഗ്ലൂരിലെ ഒരു വാടക വീടിന്‍റെ ഗ്യാരേജില്‍ 10,000 രൂപയുടെ നിക്ഷേപവുമായി 1978 ല്‍ ആരംഭിച്ച പ്രസ്ഥാനം ഇന്ന് ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനമാണ്.

അതെ, ബയോകോണ്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കിരണ്‍ മജുംദാര്‍ഷായുടെ കഥയാണിത്. ചെയര്‍പേര്‍സണ്‍ എന്ന് വിളിക്കുന്നത് ഇഷ്ടമില്ലാത്ത കിരണ്‍ ഇന്ന് ഇന്ത്യന്‍ വ്യവസായ രംഗത്തെ ജ്വലിക്കുന്ന താരമാണ്.

ഇതെല്ലാം ഒരു ദിവസം കൊണ്ട് നേടിയതാണെന്ന് ആരും കരുതരുത്. ബയോകോണിനു തുടക്കമിടുമ്പോള്‍ വെല്ലു വിളികള്‍ നിരവധിയായിരുന്നു. കേവലം 24 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടി. അത് വരെ പരീക്ഷിച്ചു വിജയിക്കാത്ത ബിസിനസ് മോഡലുമായി ഇറങ്ങി തിരിച്ചാല്‍, അതാരെങ്കിലും സ്വീകരിക്കുമോ? ഒട്ടു മിക്ക ഇടങ്ങളില്‍ നിന്നും ആട്ടിപ്പായിച്ചു. ചിലര്‍ പരിഹസിച്ചു. എവിടെയും കനത്ത പരാജയം.

കപ്പങ്ങയില്‍ (പപ്പായ) നിന്ന് എന്‍സൈം വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയയാണ്. ഇത് കൊണ്ടൊന്നും മുന്നോട്ട് പോകാനാവില്ലെന്ന്‍ നാട്ടുകാരും ബന്ധുക്കളും പറയാന്‍ തുടങ്ങി, ബാങ്കുകള്‍ വായ്പ നല്‍കാന്‍ മടിച്ചു. ആര്‍ക്കും വേണ്ടാത്ത കപ്പങ്ങ കൊണ്ട് ഈ പെണ്ണ് എന്തു ചെയ്യാന്‍ എന്നായിരുന്നു പലരുടെയും ഭാവം! എന്തിനേറെ, വൈദഗ്ധ്യമുള്ള ഒരൊറ്റ ജീവനക്കാരനെ പോലും ആദ്യം ലഭ്യമായില്ല. ഒരു ബയോ ടെക്നോളജി സംരംഭത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും അന്ന് പരിമിതമായിരുന്നു.

തോല്‍വികളെയെല്ലാം അചഞ്ജലമായ ആത്മവിശ്വാസത്തോടെ നേരിട്ട കിരണ്‍ ഒടുവില്‍ വിജയിക്കുക തന്നെ ചെയ്തു.

ബയോകോണിന്‍റെ കപ്പങ്ങ എന്‍സൈമുകള്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കും കയറ്റി അയക്കാന്‍ തുടങ്ങി. അതോടെ ഇന്ത്യന്‍ കമ്പനികളില്‍ ഈ നേട്ടം കരസ്ഥമാക്കുന്ന പ്രഥമ കമ്പനിയായി ബയോകോണ്‍ മാറി.

പിന്നീടൊരു ജൈത്രയാത്രയായിരുന്നു. 2004 ല്‍ കിരണ്‍ മജുംദാര്‍ഷാ കുബെരന്മാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് ഇന്ത്യയിലെ ഏറ്റവും സമ്പന്ന യുവതികളിലൊന്നായി മാറി. ഓഹരി വിപണിയില്‍ ലിസ്റ്റിംഗ് നടത്തിയപ്പോഴും ബയോകോണ്‍ ചരിത്രം തിരുത്തിക്കുറിച്ചു.

ഇന്‍സുലിന്‍ മുതല്‍ ആന്‍റിബോഡി വരെ ഉത്പാദിപ്പിക്കുന്ന മരുന്ന് നിര്‍മ്മാണ മേഖലയിലെ വംപത്തിയായി മാറിയത് തസ്വന്തം പരിശ്രമം ഒന്ന് കൊണ്ട് മാത്രമായിരുന്നു.

പ്രമുഖ വ്യവസായി, സാങ്കേതിക വിദഗ്ദ്ധ, സയന്‍റിസ്റ്റ്, എന്നീ നിലകളിലും പ്രശസ്തയായ കിരണിനെ പത്മശ്രീ, പദ്മഭൂഷന്‍ എന്നീ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചു. ടൈം മാഗസിന്‍ ലോകത്തിലെ ഏറ്റവും സ്വാധീന ശക്തിയുള്ള വനിതകളില്‍ ഒരാളായി തിരഞ്ഞെടുത്തു. ഫോബ്സ് മാഗസിന്‍റെ 2012 ലെ ലോകത്തിന്‍റെ ഏറ്റവും കരുത്തരായ 100 വനിതകളുടെ പട്ടികയില്‍ 80 മത് സ്ഥാനത്ത് എത്തുകയും ചെയ്തു.

കാന്‍സര്‍ മുതല്‍ പ്രമേഹം വരെയുള്ള രോഗങ്ങള്‍ക്ക് ചെലവ് കുറഞ്ഞ ഫലപ്രദമായ മരുന്ന് വികസിപ്പിച്ചെടുത്തിട്ടുള്ള ബയോകോണ്‍, സോറിയാസിസ് എന്ന ഗുരുതരമായ രോഗത്തിന് പുതിയ മരുന്ന് കണ്ടെത്തിയിട്ടുണ്ട്.

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും വ്യത്യസ്തയായ കിരണ്‍ മജുംദാര്‍ഷാ, സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ ബയോകോണ്‍ ഫൌണ്ടേഷന് 2004 ല്‍ തുടക്കമിട്ടു. നാരായണ ഹെല്‍ത്ത് സിറ്റി ക്യാമ്പസില്‍ 1400 കിടക്കകളുള്ള കാന്‍സര്‍ കെയര്‍ സെന്‍റര്‍ കിരണ്‍ സ്ഥാപിച്ചു. മധുരകോട്സിലെ എം.ഡി. പദവി വിട്ടെറിഞ്ഞ് ബയോകോണില്‍ കിരണിനെ സഹായിക്കാന്‍ അയര്‍ലണ്ടുകാരനായ ഭര്‍ത്താവ് ജോണ്‍ ഷായും കൂടെയുണ്ട്.

ബിസിനസ് രംഗത്ത് നിന്ന് ജെ.ആര്‍.ഡി. ടാറ്റയേയും നാരായണ മൂര്‍ത്തിയേയും ദിലീപ് സാംഗ്വിയേയും ഇഷ്ടപ്പെടുന്ന കിരണ്‍ മജുംദാര്‍ മഹാത്മാ ഗാന്ധിയുടെ കടുത്ത ആരാധികയാണ്. മഹാത്മജിയുടെ ലക്ഷ്യത്തെക്കുറിച്ചുള്ള അവബോധം അത്ര തീവ്രമായിരുന്നു എന്നതാണ് ആരാധനയ്ക്ക് കാരണം.

പരാജയങ്ങളില്‍ പതറരുതെന്നും പരാജയങ്ങളിലൂടെ ലഭിക്കുന്ന പരിചയ സമ്പത്ത് നല്‍കാന്‍ ഒരു വിജയത്തിനും കഴിയുകയില്ലെന്നുമാണ് കിരണ്‍ പറയുന്നത്. ബിസിനസ്സിലാകട്ടെ, ധാര്‍മികത കൈ വിടരുത്, തികച്ചും നീതിപരമായി ബിസിനസ് നടത്തുന്നത് എളുപ്പമല്ലഎന്ന് തോന്നാം. എന്നാല്‍ ഏറ്റവും സംതൃപ്തി ലഭിക്കുന്നതും അംഗീകാരങ്ങള്‍ തേടി വരുന്നതും ആ മാര്ഗ്ഗത്തിലൂടെയാണ് എന്ന് കിരണ്‍ വിശ്വസിക്കുന്നു.

Read More: തെരുവില്‍ നിന്ന് കൊട്ടാരത്തിലേക്ക് നടന്നു കയറിയ മനുഷ്യന്‍.

 ടൂറിസ്റ്റ് ഗൈഡിൽ നിന്ന് ചൈനയിലെ ഏറ്റവും ധനികനിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here