ജയശ്രീകുമാർ
മത്സരപ്പരീക്ഷകള്‍ക്കുള്ള മലയാളം ഭാഷാ പരിശീലകന്‍
ഭാരതത്തിലെ ഏറ്റവും മൂല്യമുള്ള സാഹിത്യപുരസ്‌കാരമാണ് ജ്ഞാനപീഠം. ഇതു നല്കുന്നത് ഭാരത സർക്കാർ ആണെന്നാണ് പലരുടെയും ധാരണ. എന്നാല്‍, ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റ് ആണ് ഇതു സമ്മാനിക്കുന്നത്. സാഹിത്യ സമ്മാനം നല്കുകയായിരുന്നില്ല ട്രസ്റ്റിന്റെ ആദ്യ ലക്ഷ്യമെന്നത് മറ്റൊരു കൗതുകം. ടൈംസ് ഓഫ് ഇന്ത്യാ ഗ്രൂപ്പ് കമ്പനികളുടെ തലവനായ സാഹു ശാന്തി പ്രസാദ് ജയിന്‍ ആണ് ജ്ഞാനപീഠം ട്രസ്റ്റ് സ്ഥാപിച്ചത്. പക്ഷേ, അതിനു പ്രേരണയായി മാറിയ സംഭവം അധികമാര്‍ക്കുമറിയില്ല.
1944ല്‍ ഭാരതീയ പ്രാച്യവിദ്യാ പരിഷത്തിന്റെ സമ്മേളനം ബനാറസില്‍ ചേര്‍ന്നപ്പോള്‍ നമ്മുടെ രാജ്യത്തിന്റെ സാഹിത്യ സാംസ്‌കാരിക പൈതൃകവുമായി ബന്ധപ്പെട്ട നിരവധി ആദിമഗ്രന്ഥങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്നതായി ആശങ്കയുണ്ടായി. അത്തരം പ്രാചീന കൃതികള്‍ നിലനിര്‍ത്താന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനം ആവശ്യമാണെന്ന് അവര്‍ വിലയിരുത്തി. പാലി, പ്രാകൃതം, സംസ്‌കൃതം, അപഭ്രംശം, മാഗധി തുടങ്ങിയ പുരാതന ഭാഷകളിലെഴുതിയ വിലപ്പെട്ട ഗ്രന്ഥങ്ങള്‍ സംരക്ഷിക്കാനുള്ള മാര്‍ഗം സമ്മേളനം ആസൂത്രണം ചെയ്തു. ഇതിനു സഹായം ആവശ്യപ്പെട്ട് താമസിയാതെ അവര്‍ വ്യവസായപ്രമുഖനായ സാഹു ശാന്തിപ്രസാദ് ജയിനെ സമീപിച്ചു.
പ്രമുഖ സിമന്റ് വ്യവസായിയും ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമയുമായ രാമകൃഷ്ണ ഡാല്‍മിയയുടെ മകള്‍ രമാറാണി ആയിരുന്നു ജയിന്റെ പത്‌നി. രമയുടെ അദ്ധ്യാപകനായി വന്ന് ജീവിതപങ്കാളിയാവുകയായിരുന്നു ജയിന്‍. ആ ദാമ്പത്യം അദ്ദേഹത്തെ വലിയൊരു വ്യവസായ സാമ്രാജ്യത്തിന്റെ അധിപനാക്കി മാറ്റി. അക്ഷരസ്‌നേഹിയും സേവനതത്പരനുമായിരുന്ന ജയിന്‍ പ്രാച്യവിദ്യാപരിഷത്തുകാരുടെ ആകുലത തികഞ്ഞ ഗൗരവത്തോടെയാണ് കേട്ടത്. അവര്‍ ഉന്നയിച്ച ഉദ്ദേശ്യലക്ഷ്യങ്ങളോട് അദ്ദേഹത്തിനു മതിപ്പുതോന്നി. രമാ ജയിനുമായും തന്റെ ഉപദേശകരായ ചില ജൈന സന്യാസികളുമായും ഈ വിഷയം ചര്‍ച്ച ചെയ്തു. ഏവരും അതിനെ പിന്തുണച്ചു. അങ്ങനെയാണ് പ്രാചീന ഭാരതീയഭാഷകളിലെ അമൂല്യഗ്രന്ഥങ്ങള്‍ സംരക്ഷിക്കുവാനും പ്രകാശനം ചെയ്യുവാനുമായി 1944 ഫെബ്രുവരി 18ന് ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റ് നിലവില്‍ വന്നത്. ശാന്തി പ്രസാദ് ജയിന്‍ ട്രസ്റ്റ് സ്ഥാപകനും രമാ ജയിന്‍ ട്രസ്റ്റ് അദ്ധ്യക്ഷയുമായി.
1961ല്‍ സാഹു ജയിന്റെ അമ്പതാം ജന്മദിനാഘോഷവേളയില്‍ ഒത്തുകൂടിയ ജ്ഞാനപീഠം ഭാരവാഹികള്‍ക്കു മുമ്പാകെ രമാ ജയിന്‍ ഒരു നിര്‍ദ്ദേശം അവതരിപ്പിച്ചു. വളരെ സമ്പന്നമെന്നു പൊതുവേ അറിയപ്പെടുന്നുവെങ്കിലും ഭാരതീയ സാഹിത്യത്തെ മുഴുവനായി ഉള്‍ക്കൊള്ളുന്ന ഒരു ഘടകമില്ല. എന്തുകൊണ്ട് ഇന്ത്യന്‍ ഭാഷകളെ ആകെമാനം മുന്‍നിര്‍ത്തി മികച്ച ഗ്രന്ഥത്തിന് വര്‍ഷാവര്‍ഷം പുരസ്‌കാരം കൊടുത്തുകൂടാ? എല്ലാവര്‍ക്കും നിര്‍ദ്ദേശം പ്രസക്തമാണെന്ന അഭിപ്രായമായിരുന്നു. രമാ ജയിന്‍ ഭര്‍ത്താവുമായി സംസാരിച്ച് അതിനെ മൂര്‍ത്തമായ ആശയമാക്കി. 1961ല്‍ ഭാരതത്തിലെ ഏറ്റവും മികച്ച കൃതിയ്ക്കു പുരസ്‌കാരം കൊടുക്കാന്‍ ട്രസ്റ്റ് തീരുമാനിച്ചു.
ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട ഭാഷകളിലെ കൃതികളെയാണ് ജ്ഞാനപീഠ പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. ഇതിനുവേണ്ടി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. നിരവധി ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം 1965ല്‍ ആദ്യത്തെ പുരസ്‌കാരം പ്രഖ്യാപിച്ചു. ജി.ശങ്കരക്കുറുപ്പ് രചിച്ച ഓടക്കുഴല്‍ എന്ന കവിതാസമാഹാരമാണ് ആദ്യത്തെ ജ്ഞാനപീഠത്തിന് അര്‍ഹമായത്. പ്രഥമപുരസ്‌കാരം നേടിയ ഭാരതീയ ഭാഷയെന്ന നിലയില്‍ ആ വേള മലയാളത്തിന്റെ കൂടി അഭിമാനമുഹൂര്‍ത്തമായി. മാനവമഹത്വവും ആത്മീയഭാവവും ഇടകലര്‍ന്ന ഭാവഗീതങ്ങളാണ് ഓടക്കുഴലിലെ കവിതകള്‍.
40 വര്‍ഷത്തിലധികമായി ജ്ഞാനപീഠ പുരസ്‌കാരം നല്കിവരുന്നു. മഹത്തായ ഭാഷാദൗത്യമാണ് ജ്ഞാനപീഠം ട്രസ്റ്റ് ഇതുവഴി ചെയ്തുകൊണ്ടിരിക്കുന്നത്. പുരസ്‌കാരം ലഭിച്ച കൃതികള്‍ക്ക് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും അതുവഴി മറ്റു ഭാരതീയഭാഷകളിലേക്കും മൊഴിമാറ്റം നടത്തുവാനുള്ള അവസരം ലഭിക്കുന്നു. മഹത്തായ ഇന്ത്യന്‍ സാഹിത്യത്തിലെ വിവിധ കൈവഴികള്‍ക്ക് പരസ്പരം മനസ്സിലാക്കുവാന്‍ ഇതു നല്കുന്ന സേവനം ചെറുതല്ല.
വാഗ്‌ദേവിയായ സരസ്വതിദേവിയുടെ വെങ്കല ശില്പം, പ്രശസ്തിപത്രം, 11 ലക്ഷം രൂപയുടെ ചെക്ക് എന്നിവ അടങ്ങുന്നതാണ് നിലവിലുള്ള പുരസ്‌കാരം. തുടക്കത്തില്‍ തുക 1 ലക്ഷം രൂപയായിരുന്നു. പിന്നീട് പല ഘട്ടങ്ങളിലായി വര്‍ദ്ധിപ്പിച്ചുകൊണ്ടുവന്നതാണ്. 18 തവണ, അതായത് 1981 വരെ ഏറ്റവും മികച്ച കൃതിക്കായിരുന്നു പുരസ്‌കാരം. 1982 മുതല്‍, 20 വര്‍ഷത്തെ പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തി സമഗ്രസംഭാവന എന്ന നിലയില്‍ വ്യക്തിക്കാണ് ജ്ഞാനപീഠം നല്കുന്നത്. ഹിന്ദിയിലും കന്നഡയിലും 7 പ്രാവശ്യം വീതവും ബംഗാളിയിലും മലയാളത്തിലും 5 പ്രാവശ്യം വീതവും ജ്ഞാനപീഠ പുരസ്‌കാരം എത്തിയിട്ടുണ്ട്.
രണ്ടാമത്തെ ജ്ഞാനപീഠം പുരസ്‌കാരത്തിലൂടെ 1966ല്‍ ബംഗാളി ഭാഷയിലാദ്യമായി ജ്ഞാനപീഠം എത്തിച്ചത് താരാ ശങ്കര്‍ ബാനര്‍ജിയാണ്. ഗണദേവത എന്ന നോവലിനായിരുന്നു അംഗീകാരം. ഇന്ത്യന്‍ ജന്മിത്വവും വൈദേശിക മുതലാളിത്തവും ചേര്‍ന്ന് ഗ്രാമജീവിതത്തെ ഉഴുതുമറിക്കുന്നതിന്റെ നഖചിത്രമാണ് ഈ നോവല്‍. അദ്ദേഹത്തിന്റെ ഏറ്റവും വിശ്രുതമായ കൃതി പക്ഷേ, ആരോഗ്യനികേതനം ആണ്. രണ്ടു പേര്‍ക്കായി പങ്കിട്ടു നല്കിയ ആദ്യ ജ്ഞാനപീഠം 1967ലാണ് സംഭവിച്ചത്. ഉമാശങ്കര്‍ ജോഷി (ഗുജറാത്തി), കുപ്പാളി വെങ്കടപ്പ ഗൗഡ പുട്ടപ്പ (കന്നട) എന്നിവര്‍ യഥാക്രമം ശ്രീ രാമായണ ദര്‍ശനം, നിശീഥ് എന്നീ കൃതികളുടെ പേരില്‍ ബഹുമാനിതരായി.
1968 ലാണ് ഹിന്ദി ഭാഷയ്ക്ക് ആദ്യമായി ജ്ഞാനപീഠം ലഭിക്കുന്നത് പുരോഗമന സാഹിത്യത്തിലെ അതുല്യ പ്രതിഭയായ സുമിത്രാ നന്ദന്‍ പന്തിലൂടെയാണ്. മനുഷ്യപക്ഷപാതിത്വത്തിന്റെ ഗാഥയായ ചിദംബര എന്ന കാവ്യസമാഹാരമാണ് അദ്ദേഹത്തെ അംഗീകാരത്തിലേക്കു നയിച്ചത്. ഉറുദു ജ്ഞാനപീഠം നേടിയ വര്‍ഷമാണ് 1969. പ്രശസ്ത കവി ഫിറാഖ് ഗോരഖ്പുരിയുടെ ഗുല്‍-എ-നഗ്മയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. രഘുപതി സഹായ് ആണ് ഫിറാഖ് ഗോരഖ്പുരി എന്ന തൂലികാനാമത്തില്‍ ഉറുദു കവിതകളെഴുതിയത്. ഉത്തമനായ മതേതരവാദിയായിരുന്ന ഫിറാഖ് ഉറുദുവിനെ മുസ്ലീമിന്റെ ഭാഷയായി വകഞ്ഞുമാറ്റാനുള്ള ഔദ്യോഗികമായ എല്ലാ ശ്രമങ്ങളെയും എതിര്‍ത്തയാളാണ്.
1970ല്‍ ജ്ഞാനപീഠം തെലുങ്കിലെത്തി. കവിസമ്രാട്ട് എന്ന പേരില്‍ വിഖ്യാതനായ വിശ്വനാഥ സത്യനാരായണയുടെ രാമായണ കല്പവൃക്ഷമു എന്ന കൃതിയാണ് പുരസ്‌കൃതമായത്. രാമായണത്തെ ഏകപക്ഷീയമായ പാരായണകൃതി എന്നതിനു വിപരീതമായി ബഹുസ്വരമായ ചിന്തകള്‍ക്കു വിധേയമാക്കുകയാണ് ഈ രചനയിലൂടെ. നാകുതന്തി എന്ന കാവ്യത്തിലൂടെ ദത്താത്രേയ രാമചന്ദ്ര ബേന്ദ്രേയാണ് കന്നഡയിലേക്ക് 1973ല്‍ ജ്ഞാനപീഠം കൊണ്ടുവന്നത്. നവോദയ കാലഘട്ടത്തിന്റെ കവിയായ ബേന്ദ്രേ നാലു തന്തികളുള്ള വീണയായി പ്രപഞ്ചത്തെ ഈ രചനയില്‍ ആവിഷ്‌കരിക്കുന്നു. മാഠി മഠാല എന്ന നോവലിലൂടെ ഒഡീഷയുടെ ഗ്രാമജീവിതത്തില്‍ പുഷ്പിക്കുന്ന പ്രണയത്തിന്റെ സൗകുമാര്യം പകര്‍ത്തിയ ഗോപിനാഥ മൊഹന്തി 1973ല്‍ ഒഡിയയുടെ ആദ്യ ജേതാവായി.
യയാതി എന്ന ഇതിഹാസ നോവലിലൂടെ വി.എസ്.ഖണ്ഡേക്കര്‍ 1974ല്‍ മറാഠിയിലേക്ക് ജ്ഞാനപീഠം കൊണ്ടുവന്നു. വ്യാസഭാരതത്തിലെ ഒരു ഉപകഥയെ ജീവിതാസക്തിയുടെ വെളിപാടുപുസ്തകമാക്കി മാറ്റിയ യയാതി ഇന്ത്യന്‍ സാഹിത്യത്തിലെ വിളക്കുമരമായി ഇന്നും നില്ക്കുന്നു. തമിഴില്‍ നിന്ന് ആദ്യമായി ജ്ഞാനപീഠം നേടിയത് 1975ല്‍ പി.വി.അഖിലാണ്ഡന്‍ ആണ്. ബന്ധങ്ങളുടെ കഥ പറയുന്ന ചിത്തിരപ്പാവൈ എന്ന സാമൂഹ്യ നോവലിനാണ് അതു ലഭിച്ചത്. 1979ല്‍ ബീരേന്ദ്രകുമാര്‍ ഭട്ടാചാര്യയുടെ മൃത്യുഞ്ജയ എന്ന നോവലിലൂടെ അസമീസ് ഭാഷ ജ്ഞാനപീഠ വേദിയില്‍ ഇടംപിടിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ഭൂമിയില്‍ അസം ജനതയുടെ ഉജ്വലമായ പോരാട്ടമാണ് ഇതിലെ ഇതിവൃത്തം.
പഞ്ചാബിയിലേക്ക് ജ്ഞാനപീഠത്തെ ആനയിക്കുന്നത് അമൃതാപ്രീതമാണ്. ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ വിമോചനചിന്തകള്‍ കവിതയായും നോവലായും പകര്‍ന്ന അമൃതയുടെ കാഗസ് തേ ക്യാന്വാസ് എന്ന ആഖ്യായികയാണ് അംഗീകാരം നേടിയത്. ജ്ഞാനപീഠത്തിനര്‍ഹയായ രണ്ടാമത്തെ വനിതയാണ് അമൃതാ പ്രീതം. ആദ്യ വനിത ബംഗാളി നോവലിസ്റ്റായ ആശാപൂര്‍ണാ ദേവിയാണ്. അവരുടെ പ്രഥമ് പ്രതിശ്രുതി യാണ് പുരസ്‌കാരം നേടിയത്. അന്ധവിശ്വാസങ്ങളുടെ കിടങ്ങുകളില്‍ അകപ്പെട്ട സ്ത്രീത്വത്തിന്റെ അതിജീവനപോരാട്ടമാണ് ഈ നോവലിന്റെ പ്രമേയം.
ഗുജറാത്തി ഭാഷയിലേക്ക് ജ്ഞാനപീഠം കൊണ്ടു പോയത് 1985ല്‍ പന്നലാല്‍ പട്ടേല്‍ ആണ്. സബര്‍കാന്ത ജില്ലയിലെ നാട്ടുമൊഴികളില്‍നിന്ന് പ്രചോദനം നേടിയ നോവലുകളിലൂടെയാണ് അദ്ദേഹം സാഹിത്യമണ്ഡലത്തില്‍ ഇടംനേടുന്നത്. മലേല ജീവ്, മന്വിനി ഭവായ് തുടങ്ങി നിരവധി രചനകള്‍ ഉദാഹരണമാണ്. പ്രശസ്ത ഹിന്ദി എഴുത്തുകാരിയായ കൃഷ്ണ സോബ്തിയാണ് 2017ലെ ജ്ഞാനപീഠം പുരസ്‌കാരത്തിന് അര്‍ഹയായത്. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനങ്ങളാണ് കൃഷ്ണയുടെ നോവലുകള്‍. സിന്ദഗി നാമ, സമയ് സര്‍ഗം എന്നിവ പ്രധാന രചനകളാണ്.
ശങ്കരക്കുറുപ്പിനു ശേഷം 1980ല്‍ ഒരു ദേശത്തിന്റെ കഥയിലൂടെ എസ്.കെ.പൊറ്റക്കാട് വീണ്ടും ജ്ഞാനപീഠം മലയാളത്തിലെത്തിച്ചു. 1984ല്‍ തകഴി ശിവശങ്കരപ്പിള്ളയുടെ കയറിനായിരുന്നു ജ്ഞാനപീഠം. 1995ല്‍ എം.ടി.വാസുദേവന്‍ നായരും 2007ല്‍ പ്രൊഫ.ഒ.എന്‍.വി.കുറുപ്പും ജ്ഞാനപീഠ വേദിയില്‍ പുരസ്‌കൃതരായി മലയാളത്തിന്റെ യശസ്സുയര്‍ത്തി.
ജ്ഞാനപീഠം ട്രസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന മറ്റൊരു സമ്മാനമാണ് മൂര്‍ത്തീദേവി പുരസ്‌കാരം. മീരാ ജെയിനാണ് ഇത് ഏര്‍പ്പെടുത്തിയത്. തന്റെ ഭര്‍ത്തൃമാതാവിന്റെ പേരാണ് അവര്‍ പുരസ്‌കാരത്തിനു നല്കിയിരിക്കുന്നത്. 1983 മുതല്‍ മൂര്‍ത്തീദേവി പുരസ്‌കാരം നിലവിലുണ്ട്. ആദ്യമായി ഇതു നേടിയത് കന്നഡ സാഹിത്യകാരനായ സി.കെ.നാഗരാജ റാവുവിന്റെ പട്ടമഹാദേവി ശാന്തളാദേവി എന്ന നോവലാണ്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഹൊയ്ശാല രാജവംശത്തിന്റെ കഥ പറയുന്ന ചരിത്രനോവലാണിത്. വിഷ്ണുവര്‍ധന രാജാവിന്റെ പത്‌നിയായിരുന്നു ശാന്തളാ ദേവി.
1 ലക്ഷം രൂപയും പ്രശസ്തി പത്രവും സരസ്വതി ദേവിയുടെ വെങ്കലശില്പവുമാണ് സമ്മാനിതര്‍ക്കു നല്കുന്നത്. തുക ഇപ്പോള്‍ 4 ലക്ഷം രൂപയായി ഉയര്‍ന്നിട്ടുണ്ട്. മലയാളം 3 തവണ മൂര്‍ത്തീദേവി പുരസ്‌കാരം കരസ്ഥമാക്കി. 2009ല്‍ അക്കിത്തം അച്യുതന്‍ നമ്പൂതിരിയാണ് ആദ്യത്തെ നേട്ടം കൊണ്ടുവന്നത്. സമഗ്രസംഭാവനയുടെ പേരിലായിരുന്നു അംഗീകാരം. 2013ല്‍ തീക്കടല് കടഞ്ഞ് തിരുമധുരം എന്ന നോവലിലൂടെ സി.രാധാകൃഷ്ണനും 2016ല്‍ നല്ല ഹൈമവതഭൂവില്‍ എന്ന യാത്രാവിവരണഗ്രന്ഥത്തിലൂടെ എം.പി.വീരേന്ദ്രകുമാറും സമ്മാനിതരായി. ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ജീവിതമാണ് സി.രാധാകൃഷ്ണന്റെ നോവലിന് അവലംബം. ഹിമാലയ യാത്രയുടെ പശ്ചാത്തലത്തിലാണ് വീരേന്ദ്രകുമാറിന്റെ കൃതി.
2017 ലെ മൂര്ത്തീദേവി പുരസ്‌കാരം ബംഗാളി കവിയായ ജോയ് ഗോസ്വാമിക്കായിരുന്നു. ദു ദൊന്ദോ പൊവാരാ മാത്രോ എന്ന കൃതിയാണ് പുരസ്‌കാരത്തിനര്‍ഹമായത്. നീര്‍ക്കുമിള പോലെ നൈമിഷികമായ ജീവിതത്തെ ഓര്‍മ്മിപ്പിക്കുകയാണ് ഗോസ്വാമിക്കവിതകളുടെ പ്രധാന ദൗത്യം.